സിഡ്‌നി ആസ്ഥാനമായ ബ്രൂക്ക് വെയില്‍ യൂണിയന്‍ എന്ന കമ്പനിയാണ് ആള്‍ക്കഹോള്‍ ഉള്ള ജിഞ്ചര്‍ ബിയറിന്റെ കുപ്പിയില്‍ ഗണപതിയുടെ ഛായയുള്ള ചിത്രം ഉപയോഗിച്ചത്.
ഗണപതിയുടെയും ലക്ഷ്മീദേവിയുടെയും ചിത്രങ്ങള്‍ ഉപയോഗിച്ചതിന് ഇതേ കമ്പനിക്കെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. അന്ന് ലേബല്‍ മാറ്റുമെന്ന് കമ്പനി ഉറപ്പു നല്‍കിയെങ്കിലും അത് പ്രാവര്‍ത്തികമായില്ല എന്ന ആരോപണമാണ് വീണ്ടും ഉയരുന്നത്.
പരാതി വീണ്ടുമുയര്‍ന്ന സാഹചര്യത്തില്‍ ലേബല്‍ പുനര്‍ ഡിസൈന്‍ ചെയ്യാന്‍ ഓസ്‌ട്രേലിയന്‍ ഹിന്ദു സമൂഹത്തില്‍ നിന്ന് ആരെങ്കിലും മുന്നോട്ടുവരണം എന്നാണ് കമ്പനിയുടെ ആവശ്യം.
ഹിന്ദു സമൂഹത്തെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും, അത് തെറ്റിദ്ധാരണ മാത്രമാണെന്നും ബ്രൂക്ക് വെയില്‍ യൂണിയനിലെ ജാരണ്‍ മിച്ചല്‍ എസ് ബി എസ് ഹിന്ദിയോട് പറഞ്ഞു.
നിരവധിപേരാണ് ഈ ലേബലിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി രംഗത്തത്തിയത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും വിദേശകാര്യമന്ത്രിയുടെയും ഇടപെടലും പലരും ആവശ്യപ്പെട്ടിരുന്നു.
2013ലാണ് ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ ലേബൽ പതിപ്പിച്ച ബിയർ കുപ്പി പുറത്തിറങ്ങിയത്.
ഇന്ത്യൻ സമൂഹത്തെയും ഹൈന്ദവ വിശ്വാസികളെയും അപമാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി 2015 നവംബറിൽ അമിത് സിംഗ് എന്ന ഇന്ത്യൻ വംശജൻ ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചിരുന്നു. കമ്പനി ലേബൽ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഈ പെറ്റീഷനിൽ 3,000ത്തോളം പേരാണ് ഒപ്പ് വച്ചത്.
ഇതിനു പുറമെ ഇദ്ദേഹം കമ്പനിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ ലേബലിൽ മാറ്റങ്ങൾ വരുത്തികൊണ്ട് പുതിയ ലേബൽ രൂപകൽപ്പന ചെയ്യാമെന്ന് കമ്പനി അധികൃതർ വാഗ്ദാനം നൽകിയിരുന്നതായി അദ്ദേഹം എസ് ബി എസ് ന്യൂസിനോട് പറഞ്ഞു.
പിന്നീട് കമ്പനി നേരിയ മാറ്റങ്ങൾ വരുത്തിയെങ്കിലും ഇതിൽ തൃപ്തനല്ലെന്ന് അദ്ദേഹം ബിയർ കമ്പനിയെ അറിയിച്ചു.
എന്നാൽ നാല് വർഷങ്ങൾക്ക് ശേഷം ഇത് സംബന്ധിച്ച് വീണ്ടും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ലേബൽ രൂപകൽപ്പന ചെയ്യാൻ ബ്രൂക് വെയിൽ യൂണിയൻ ഹൈന്ദവ വിശ്വാസികളുടെ സഹായം തേടിയിരിക്കുന്നത്.