ന്യൂ സൗത്ത് വെയിൽസിൽ പുതുതായി കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞ നിരക്കിൽ തുടരുന്ന സാഹചര്യത്തിലാണ് സാമൂഹിക നിയന്ത്രണങ്ങളിൽ നേരിയ ഇളവ് നൽകാൻ തീരുമാനിച്ചത്.
അഞ്ചു പേർക്കാണ് പുതുതായി സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്.
ഇതോടെ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 3009 ആയി. ഒരാൾ കൂടി സംസ്ഥാനത്ത് മരിക്കുകയും ചെയ്തിട്ടുണ്ട്.
ഏജ്ഡ് കെയർ കേന്ദ്രത്തിലുണ്ടായിരുന്ന 89കാരിയാണ് മരിച്ചത്. സംസ്ഥാനത്തെ ആകെ മരണസംഖ്യ ഇതോടെ 37 ആയി ഉയർന്നു.
നിയന്ത്രണങ്ങളിൽ ഇളവു നൽകിയാൽ പുതിയ വൈറസ്ബാധ കൂടുമെന്നും, അതിനാൽ ഉചിതമായ സമയത്ത് മാത്രമേ നിയന്ത്രണങ്ങൾ നീക്കി തുടങ്ങുള്ളൂവെന്നും തിങ്കളാഴ്ച പ്രീമിയർ സൂചിപ്പിച്ചിരുന്നു.
അതിനു പിന്നാലെയാണ്, വെള്ളിയാഴ്ച മുതൽ നേരിയ ഇളവ് നൽകുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. എന്നാൽ മറ്റു വീടുകൾ സന്ദർശിക്കുന്നതിന് മാത്രമാണ് ഈ ഘട്ടത്തിലെ ഇളവ്.
പ്രായപൂർത്തിയായ രണ്ടു പേർക്ക് മറ്റു വീടുകളിലേക്ക് സന്ദർശനം നടത്താം.
കുട്ടികളെ കൂടെ കൊണ്ടുപോകുന്നതിന് തടസ്സമില്ല.
മറ്റു വീടുകളിലേക്ക് സന്ദർശനം നടത്താൻ പാടില്ല എന്നായിരുന്നു ഇതുവരെയുള്ള നിർദ്ദേശം.
ആഴ്ചകളായി വീട്ടിനുള്ളിൽ തന്നെ കഴിയുന്നവരുടെ മാനസികാവസ്ഥ മനസിലാകുന്നുണ്ടെന്നും, ഇത് കണക്കിലെടുത്താണ് ഗൃഹസന്ദർശനങ്ങൾക്ക് അനുമതി നൽകുന്നതെന്നും പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.
ഏതൊക്കെ സാഹചര്യങ്ങളിൽ ഇങ്ങനെ സന്ദർശിക്കാം എന്ന് സർക്കാർ നിർദ്ദേശിക്കുന്നില്ല. എന്നാൽ ജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറണം.
വീട്ടിൽ പാർട്ടികൾ നടത്താനുള്ള അനുമതി അല്ല ഇതെന്നും പ്രീമിയർ വ്യക്തമാക്കി.
ഇത്തരം സന്ദർശനങ്ങൾ നടത്തുമ്പോഴും സാമൂഹിക അകലം പാലിക്കൽ തുടരണമെന്നും പ്രീമിയർ പറഞ്ഞു. പ്രത്യേകിച്ചും പ്രായമേറിയവരെ സന്ദർശിക്കുകയാണെങ്കിൽ ഇത് അത്യാവശ്യമാണ്.
മേയിൽ കൂടുതൽ കേസുകളുണ്ടാകും
ഈ നേരിയ ഇളവ് നൽകുന്നതോടെ മേയ് മാസത്തിൽ കൂടുതൽ കൊറോണവൈറസ് സ്ഥിരീകരണം ഉണ്ടാകുമെന്ന് സർക്കാർ മുൻകൂട്ടി കാണുന്നുണ്ടെന്നും പ്രീമിയർ സൂചിപ്പിച്ചു.
ജനങ്ങൾ കൂടുതൽ സജീവമാകുമ്പോൾ വൈറസ്ബാധ കൂടും. പക്ഷേ അതിനു വേണ്ടി ആരോഗ്യസംവിധാനത്തെ സജ്ജമാക്കിയിട്ടുണ്ട്. ഏപ്രിൽ മാസം ഉപയോഗിച്ചത് അതിനുവേണ്ടിയാണെന്നും സർക്കാർ വ്യക്തമാക്കി.