ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണം 116 ആയി. മൂന്ന് പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണമടഞ്ഞിരിക്കുന്നത്.
പരിശോധനകൾക്കായി ആശുപത്രികളുടെ മുൻപിൽ നീണ്ട നിരയാണ്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം കൂടിയതോടെ അടിയന്തര നടപടികൾ സ്വീകരിക്കുകയാണ് സർക്കാർ.
ഇതിനായി 2.4 ബില്യൺ ഡോളറിന്റെ പാക്കേജാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ബുധനാഴ്ച രാവിലെ പ്രഖ്യാപിച്ചത്.
രോഗബാധ സംശയിക്കുന്നവരെ പരിശോധിക്കാനായുള്ള താല്‍ക്കാലിക ക്ലിനിക്കുകളും, മെഡികെയര്‍ ഫണ്ടിംഗ് ഉപയോഗിച്ചുള്ള ടെലിഫോണ്‍/വീഡിയോ കണ്‍സല്‍ട്ടേഷനും ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ഇതില്‍ പ്രധാനം.
ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് 100 പോപ് അപ് ക്ലിനിക്കുകള്‍ തുടങ്ങുന്നത്.
രോഗബാധ സംശയിക്കുന്നവര്‍ക്ക്, ആശുപത്രികള്‍ക്ക് പകരം ഇവിടെ പരിശോധന നടത്താം. ജി പി മാരും നഴ്‌സുമാരുമുള്ള ഇത്തരം ക്ലിനിക്കുകളില്‍ ദിവസം 75 രോഗികളെ പരിശോധിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
കൂടാതെ കൊറോണവൈറസ് ബാധയുണ്ടെന്ന സംശയമുള്ളവർക്ക് ഫോണിലൂടെ സൗജന്യമായി ജി പി യോട് രോഗലക്ഷണങ്ങളെക്കുറിച്ച് സംസാരിക്കാം. വെള്ളിയാഴ്ച മുതൽ ജനങ്ങൾക്ക് ഈ സേവനം ലഭ്യമാകും.
കൂടുതൽ പാക്കേജുകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
വിക്ടോറിയയിൽ രോഗം ബാധിച്ചവരുടെ എണ്ണം ഓരോ ദിവസവും കൂടി വരുന്ന സാഹചര്യത്തിൽ കണ്‍ട്രോള്‍ സെന്റര്‍ തുടങ്ങുന്ന കാര്യം സംസ്ഥാന സർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ ന്യൂ സൗത്ത് വെയിൽസിലും ക്വീൻസ്‌ലാന്റിലുമുള്ള രണ്ട് സർവ്വകലാശാല ക്യാംപസുകൾ ബുധനാഴ്ച അടച്ചു. ഗോൾഡ് കോസ്റ്റിലും ന്യൂ സൗത്ത് വെയിൽസിലെ ലിസമോറിലുമുള്ള സതേൺ ക്രോസ്സ് യൂണിവേഴ്‌സിറ്റിയുടെ ക്യാംപസുകളാണ് അടച്ചത്.
ഫിലിപ്പീൻസിൽ നിന്നും തിരിച്ചെത്തിയ ഒരു ജീവനക്കാരന് കൊറോണവൈറസ് സ്ഥിരീകരിച്ചതോടെയാണ് ക്യാംപസുകൾ അടച്ചത്. ഇയാൾ ഈ രണ്ട് ക്യാംപസുകളും സന്ദർശിച്ചതുവെന്നാണ് റിപ്പോർട്ടുകൾ.
45 ഓളം പേര് ഇയാളുമായി അടുത്തിടപെട്ടിട്ടുണ്ടെന്നാണ് അധികൃതർ വിലയിരുത്തൽ. രോഗ ലക്ഷണങ്ങൾ ഉള്ളവർ സ്വയം മാറിനിൽക്കണമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു.
വിക്ടോറിയയിലെ സെയ്ന്റ് കിൽഡയിലുള്ള Yeshivah-Beth Rivkah കോളേജിലെ ഒരു ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ബുധനാഴ്ച സ്കൂൾ അടച്ചു. ഒരു അധ്യാപകന് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് മെൽബണിലെ ക്യാരി ബാപ്റ്റിസ്റ്റ് സ്കൂൾ ചൊവ്വാഴ്ച അടച്ചിരുന്നു.