ഓസ്ട്രേലിയ ഭാഗികമായി അടച്ചിടുമെന്ന് സർക്കാർ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. കൂടാതെ ആനുകൂല്യങ്ങൾ വർധിപ്പിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു.
ഇതേത്തുടർന്ന് തിങ്കളാഴ്ച രാവിലെ ജനങ്ങൾ കൂട്ടത്തോടെ സെന്റർലിങ്കിന്റെ MyGov വെബ്സൈറ്റ് സന്ദർശിക്കാൻ തുടങ്ങി.
55,000ലേറെ പേർ വൈബ്സൈറ്റ് ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെ സൈബർ ആക്രമണം കൂടിയുണ്ടായി എന്നാണ് സർക്കാർ ആരോപിക്കുന്നത്.
2016 സെൻസസ് സമയത്തും ഇതേ കാരണം കൊണ്ടാണ് ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ വെബ്സൈറ്റ് പണിമുടക്കിയതെന്നും സർക്കാർ പറഞ്ഞു.
വെബ്സൈറ്റ് സ്തംഭിച്ചതോടെ സെന്റർലിങ്ക് ഓഫീസുകളുടെ മുൻപിൽ നീണ്ട നിരയാണ് കാണപ്പെടുന്നത്.
സെന്റർലിങ്ക് സേവനങ്ങൾക്ക് മുൻപ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ആവശ്യകതയാണ് നിലവിലുള്ളത്. എന്നാൽ ഓസ്‌ട്രേലിയക്കാർ ക്ഷമ കാണിക്കണമെന്നും വരും ദിവസങ്ങളിൽ വീണ്ടും വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്യാൻ ശ്രമിക്കണമെന്നും ഫെഡറല്‍ മന്ത്രി സ്റ്റുവർട്ട് റോബർട്ട് അറിയിച്ചു.
ക്വീൻസ്ലാന്റും അതിർത്തി അടയ്ക്കും
കൊറോണവൈറസ് പടരുന്നത് തടയാനായുള്ള നടപടികളുടെ ഭാഗമായി ക്വീൻസ്‌ലാന്റും അതിർത്തി അടയ്ക്കുമെന്ന് പ്രീമിയർ അനസ്താഷ്യ പലാഷെ അറിയിച്ചു. രാവിലെ നടന്ന മന്ത്രിസഭായോഗത്തിന് ശേഷമാണ് പ്രീമിയർ ഇക്കാര്യം അറിയിച്ചത്.
എന്നാൽ എപ്പോൾ ഇത് നിലവിൽ വരുമെന്നോ എങ്ങനെ നടപ്പിലാക്കുമെന്നോ ഉള്ള കാര്യങ്ങൾ വ്യക്തമായിട്ടില്ല.
സൗത്ത് ഓസ്ട്രേലിയ ചൊവ്വാഴ്ച വൈകിട്ടോടെ അതിർത്തി അടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ടാസ്മേനിയയും നോർത്തേൺ ടെറിട്ടറിയും അതിർത്തികൾ അടയ്ക്കുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നു.
ക്വീൻസ്ലാന്റിൽ സ്കൂളുകൾ അടയ്ക്കില്ല
ക്വീൻസ്ലാന്റിൽ കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 60 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 319 ആയി.
എന്നാൽ ഏപ്രിൽ മൂന്ന് വരെ സ്കൂൾ തുറന്ന് പ്രവർത്തിക്കുമെന്ന് പ്രീമിയർ അനസ്താഷ്യ പാലാഷേ അറിയിച്ചു.
കുട്ടികളെ സ്കൂളിൽ വിടണമോ എന്ന കാര്യം രക്ഷിതാക്കൾക്ക് തീരുമാനിക്കാം എന്നും പ്രീമിയർ അറിയിച്ചു.
വിക്ടോറിയയും ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയും ചൊവ്വാഴ്ച മുതൽ സ്കൂൾ തുറന്നു പ്രവർത്തിക്കില്ല എന്ന് അറിയിച്ചിട്ടുണ്ട്.
NSW സ്കൂളിൽ കൊറോണ ബാധ
സിഡ്‌നിയിലെ നോർമൻ ഹെസ്റ്റ് വെസ്റ്റ് പബ്ലിക് സ്കൂളിലെ ജീവനക്കാരിക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചതോടെ സ്കൂൾ അടച്ചിട്ടു. തിങ്കളാഴ്ചയും ബുധനാഴ്ചയും സ്കൂൾ തുറന്നു പ്രവർത്തിക്കില്ലെന്നും ഈ ജീവനക്കാരിയുമായി സമ്പർക്കം പുലർത്തിയ കുട്ടികളും മറ്റ് ജീവനക്കാരും 14 ദിവസം സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും NSW വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സിഡ്നി യൂണിവേഴ്‌സിറ്റിയിലും രോഗബാധ
യൂണിവേഴ്‌സിറ്റി ഓഫ് സിഡ്നിയുടെ ക്യാമ്പർഡൌൺ ക്യാമ്പസ്സിലുള്ള ഒരു ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചു. നാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ റീസേർച്ച് കൗൺസിൽ ട്രയൽ സെന്ററിലാണ് ഇവർ ജോലിചെയ്തതെന്നും അതുകൊണ്ട് തെന്നെ വിദ്യാര്ഥികളുമായും മറ്റ് ജീവനക്കാരുമായും ഇവർ അടുത്ത് ഇടപഴകിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.