അഭിപ്രായ വോട്ടെടുപ്പുകളിൽ പിന്നോക്കം പോയ സ്കോട്ട് മോറിസൻ സർക്കാരിന്, പാർലമെന്റ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ലഭിക്കുന്ന അവസരമാണ് ചൊവ്വാഴ്ച വൈകിട്ട് അവതരിപ്പിക്കുന്ന ഫെഡറൽ ബജറ്റ്.
ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് അവതരിപ്പിക്കുന്ന നാലാമത്തെ ബജറ്റാണ് ഇത്.
രാജ്യത്തെ വിലക്കയറ്റം ഏറ്റവും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ബജറ്റ് അവതരണം എന്നതിനാൽ, ബജറ്റ് പ്രഖ്യാപനത്തിലെ ഏറ്റവും പ്രധാന ഇനവും വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടികൾ തന്നെയാകും.
അടുക്കള ബജറ്റുകളെ ഏറ്റവുമധികം ബാധിക്കുന്ന വിഷയം വിലക്കയറ്റമാണെന്നും, പെട്രോൾ-ഡീസൽ വില ഉൾപ്പെടെ പിടിച്ചുനിർത്തുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും ട്രഷറർ വ്യക്തമാക്കി.

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കുന്നതാണ് സർക്കാർ പരിഗണിക്കുന്ന നടപടികളിലൊന്ന്.
നിലവിൽ ലിറ്ററിന് 44.2 സെന്റാണ് സർക്കാരിന് എക്സൈസ് തീരുവയായി ലഭിക്കുന്നത്. ഇതിൽ താൽക്കാലികമായി കുറവു വരുത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ട്രഷറർ തയ്യാറായിട്ടില്ല.
എക്സൈസ് തീരുവ കുറച്ചാൽ, 21 വർഷത്തിനു ശേഷമാകും ഓസ്ട്രേലിയയിൽ അത്തരമൊരു നടപടി ഉണ്ടാകുന്നത്.
2001ൽ ഹോവാർഡ് സർക്കാരായിരുന്നു പെട്രോൾ-ഡീസൽ തീരുവയിൽ ഇതിനു മുമ്പ് കുറവു വരുത്തിയത്.
എന്നാൽ എക്സൈസ് തീരുവ നേരിയ തോതിൽ കുറയ്കുകന്നതുകൊണ്ടു മാത്രം ജനത്തിന് ആശ്വാസമാകില്ലെന്ന് നിരവധി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിലക്കയറ്റം പിടിച്ചുനിർത്താൻ കൂടുതൽ നടപടികളുണ്ടാകുമോ എന്ന കാര്യവും ചൊവ്വാഴ്ച വൈകിട്ട് അറിയാം.
ആദ്യവീടുവാങ്ങാൻ കൂടുതൽപേർക്ക് സഹായം
മോറിസൻ സർക്കാർ നടപ്പാക്കിയിട്ടുള്ള ഹോം ഗ്യാരന്റി സ്കീം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാൻ ബജറ്റിൽ പ്രഖ്യാപനമുണ്ടാകും.
വർഷം 50,000 പേർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്ന തരത്തിലാകും അത് വിപുലമാക്കുക.
വീടു വിലയുടെ അഞ്ചു ശതമാനമോ, രണ്ടു ശതമാനമോ മാത്രം കൈവശമുള്ളവരെ വിപണിയിലേക്ക് ഇറങ്ങാൻ സഹായിക്കുന്നതാണ് ഈ പദ്ധതി.
പദ്ധതി വിപുലമാക്കുമ്പോൾ, ജൂലൈ ഒന്നു മുതൽ വർഷം 35,000 പേർക്ക് വീതം അഞ്ചു ശതമാനം നിക്ഷേപം കൊണ്ട് ആദ്യവീടു വാങ്ങാൻ കഴിയും.
നിക്ഷേപത്തിന്റെ 15 ശതമാനത്തിന് സർക്കാർ ഗ്യാരന്റി നൽകും. ഇതോടെ, ലെന്ഡേഴ്സ് മോർട്ട്ഗേജ് ഇൻഷ്വറൻസ് (LMI) എടുക്കാതെ വീടു വാങ്ങാൻ കൂടുതൽ പേർക്ക് കഴിയും.

സിംഗിൾ പേരന്റ്സിന് രണ്ടു ശതമാനം നിക്ഷേപം കൊണ്ട് വീടുവാങ്ങാൻ കഴിയുന്ന ഫാമിലി ഹോം ഗ്യാരന്റി പദ്ധതി 5,000പേർക്കായും, ഉൾനാടൻ മേഖലകളിലേക്കുള്ള റീജിയണൽ ഹോം ഗ്യാരന്റി പദ്ധതി 10,000 പേർക്കായും വിപുലീകരിക്കും.
ഈ പദ്ധതിക്ക് അർഹരാകുന്നതിന് ദമ്പതികൾക്കുള്ള വാർഷിക വരുമാന പരിധി രണ്ടു ലക്ഷം ഡോളറായും, ഒറ്റയ്ക്ക് ജീവിക്കുന്നവർക്കുള്ളത് 1.25 ലക്ഷം ഡോളറായും തുടരും.
ആയിരക്കണക്കിന് ഓസ്ട്രേലിയക്കാർക്ക് കൂടി വീടു വാങ്ങാൻ സഹായമൊരുക്കുന്നതാകും ഈ പദ്ധതിയെന്ന് ഫ്രൈഡൻബർഗ് പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിന് 17.9 ബില്യൺ ഡോളറിന്റെ അധിക സഹായവും ബജറ്റിൽ പ്രഖ്യാപിക്കും.
ഇതോടെ, പത്തു വർഷത്തേക്ക് 120 ബില്യൺ ഡോളറാകും അടിസ്ഥാന സൗകര്യവികസന പദ്ധതിയുടെ ആകെ തുക.
സിഡ്നിയിൽ നിന്ന് ന്യൂകാസിലിലേക്കുള്ള റെയിൽപാത വികസിപ്പിക്കാൻ ഒരു ബില്യൺ ഡോളർ, വിക്ടോറിയയിലെ ചരക്കുപാതകൾക്കായി മൂന്നു ബില്യൺ, ബ്രിസ്ബൈൻ-സൺഷൈൻ കോസ്റ്റ് പാതയ്ക്കായി 1.6 ബില്യൺ ഡോളർ എന്നിവ ഉൾപ്പെടെയാണ് ഇത്.
ട്രെയിൻ സ്റ്റേഷനുകൾക്കടുത്ത് കാർ പാർക്കുകൾ നിർമ്മിക്കുന്നതിനും കൂടുതൽ തുക വകയിരുത്തും.

