ഓസ്ട്രേലിയയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ കാണാനെത്തുന്ന രോഗികളിൽ മൂന്നിലൊന്ന് പേർക്കും അമിത ഫീസ് നൽകേണ്ടി വരാറുണ്ടെന്ന് ഫെഡറൽ സർക്കാരിന്റെ മിനിസ്റ്റീരിയൽ അഡ്വൈസറി കമ്മിറ്റി കണ്ടെത്തിയിരുന്നു.
ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ഡോക്ടർമാരുടെ ഫീസ് നിരക്കുകൾ ഉൾപ്പെടുത്തിയ ഒരു പുതിയ വെബ്സൈറ്റ് രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു.
ഇതോടെ എല്ലാ ഡോക്ടർമാരുടെയും ഫീസ് നിരക്കുകൾ ഈ വെബ്സൈറ്റിൽ രേഖപ്പെടുത്തും. ഫീസ് നിരക്കുകൾ പരിഗണിച്ചുകൊണ്ട് രോഗിക്ക് ഏത് സ്പെഷ്യലിസ്റ്റിന്റെ സഹായം തേടണമെന്ന് ജിപി ക്ക് നിർദ്ദേശിക്കാം. അതുപോലെ ഫീസിന്റെ അടിസ്ഥാനത്തിൽ ഏതു ഡോക്ടറുടെ സഹായം തേടണമെന്ന് രോഗിക്കും തീരുമാനിക്കാൻ കഴിയും.
സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ അമിത ഫീസ് ഈടാക്കുന്നത് തടയാൻ ദേശീയ തലത്തിൽ കൊണ്ടുവരുന്ന പദ്ധതിയുടെ ഭാഗമാണ് ഇത്.
പുതിയ വെബ്സൈറ്റ് കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
ഇതുവഴി അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചിലവ് രോഗികൾക്ക് ഒഴിവാക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെബ്സൈറ്റ് രൂപീകരിക്കാൻ ആരോഗ്യ രംഗത്തെ വിദഗ്ധരുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.
ഗൈനക്കോളോജി, ഒബ്സ്റ്റട്രിക്സ്, കാൻസർ എന്നീ വിഭാഗങ്ങളിലാണ് രോഗികൾക്ക് അവരുടെ കയ്യിൽ നിന്ന് പണം ചിലവാക്കേണ്ടി വരാറ്. അതുകൊണ്ട് തന്നെ ഈ വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റുകളുടെ ഫീസ് ആകും ആദ്യം വെബ്സൈറ്റിൽ നൽകുക.
ഇതിന് പുറമെ ഒരേ ചികിത്സക്ക് വ്യത്യസ്ത ഫീസ് ഈടാക്കുന്നതിനെക്കുറിച്ചും ഇതിൽ പ്രസിദ്ധീകരിക്കും. കൂടാതെ ഓരോ പ്രദേശത്തും ഡോക്ടർമാർ ഈടാക്കുന്ന ഫീസിനെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ നൽകുമെന്ന് മന്ത്രി അറിയിച്ചു.