ഓസ്ട്രേലിയയിൽ ആദ്യ വീട് വാങ്ങാൻ ശ്രമിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫസ്റ്റ് ഹോം ലോൺ ഡിപ്പോസിറ്റ് സ്‌കീം പ്രഖ്യാപിച്ചത്.
ഇത് പാർലമെന്റിന്റെ ഇരു സഭകളിലും പാസായതോടെ പദ്ധതിയുടെ വിശദാംശങ്ങള്‍ സർക്കാർ പുറത്തുവിട്ടു.
വിലയുടെ അഞ്ചു ശതമാനം മാത്രം കൈവശമുള്ളവർക്കും വീടു വാങ്ങാൻ കഴിയുന്ന തരത്തിലാണ് ഈ പദ്ധതി.
നിലവിൽ 20ശതമാനം ഡിപ്പോസിറ്റ് തുക കൈയിൽ ഇല്ലെങ്കിൽ ലെൻഡേഴ്സ് മോർട്ട്ഗേജ് ഇൻഷ്വറൻസ് (LMI) ഇനത്തിൽ നല്ലൊരു തുക നൽകേണ്ടി വരും. എന്നാൽ ഈ പദ്ധതി പ്രകാരം, അഞ്ചു ശതമാനം തുക കൈവശമുള്ളവർക്ക് ബാക്കി 15ശതമാനം നിക്ഷേപതുകയ്ക്ക് സർക്കാർ ഗ്യാരന്റി നൽകും.
അതായത്, LMI ഇല്ലാതെ തന്നെ 95 ശതമാനം വരെ ലോണെടുക്കാൻ ആദ്യ വീടുവാങ്ങാൻ ശ്രമിക്കുന്നവർക്ക് കഴിയും.
കുറഞ്ഞ വരുമാനവും ഇടത്തരം വരുമാനവുമുള്ള 10,000 പേർക്കാണ് ഓരോ വർഷവും ഇത് ലഭിക്കുക.
ഒറ്റക്ക് ജീവിക്കുന്നവർക്ക് 125,000 ഡോളറും ദമ്പതികൾക്ക് 200,000 ഡോളറും വാർഷിക വരുമാനമാണ് ഇത് ലഭിക്കാനുള്ള ഉയർന്ന വരുമാന പരിധി.
പദ്ധതി 2020 ജനുവരിയിൽ ആരംഭിക്കുമെന്ന് ഭവന വകുപ്പ് മന്ത്രി മൈക്കൽ സുക്കർ പറഞ്ഞു.
ആദ്യം സമർപ്പിക്കുന്ന മികച്ച അപേക്ഷയ്ക്കാകും പരിഗണന നൽകുകയെന്നും സർക്കാർ അറിയിച്ചു.
കഴിഞ്ഞ ഫെഡറൽ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സർക്കാർ പ്രഖ്യാപിച്ചാണ് ഈ പദ്ധതി.
വിവിധ നഗരങ്ങളിൽ വ്യത്യസ്ത പരിധി
രാജ്യത്തിന്റെ ഓരോ ഭാഗത്തും ഈ പദ്ധതി പ്രകാരം വാങ്ങാൻ കഴിയുന്ന വീടുകളുടെ വിലയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്.
സിഡ്നിയിൽ ഏഴു ലക്ഷം ഡോളറും, മെൽബണിൽ ആറു ലക്ഷം ഡോളറും വരെയുള്ള വീടുകൾക്കാണ് ഇത് ബാധകം.
രണ്ടര ലക്ഷത്തിലധികം ജനസംഖ്യയുള്ള ചെറു നഗരങ്ങളിലും തലസ്ഥാന നഗരിയിലെ അതേ വീടുവിലയാകും പദ്ധതിയിൽ ഉൾപ്പെടുക. അതേസമയം മറ്റു പ്രദേശങ്ങളിൽ വ്യത്യസ്തസ പരിധിയാണ്.
State/Territory | Capital City and Regional Centres | Rest of State |
---|---|---|
NSW | $700,000 | $450,000 |
VIC | $600,000 | $375,000 |
QLD | $475,000 | $400,000 |
WA | $400,000 | $300,000 |
SA | $400,000 | $250,000 |
TAS | $400,000 | $300,000 |
ACT | $500,000 | |
NT | 375,000 |
രാജ്യത്തെ നാലു പ്രമുഖ ബാങ്കുകളിൽ രണ്ടെണ്ണം മാത്രമായിരിക്കും ഈ പദ്ധതിയിൽ ഉണ്ടാവുക. പദ്ധതിയുടെ 50 ശതമാനം മറ്റു ബാങ്കുകളും ചെറുകിട വായ്പാ ദാതാക്കളും വഴിയാകും നൽകുന്നത്.
അതേസമയം ഈ പദ്ധതി പ്രകാരമുള്ള വായ്പയുടെ പലിശ നിരക്കിൽ വ്യത്യാസമുണ്ടാകുമോ എന്ന കാര്യം സർക്കാർ വ്യക്തമാക്കിയിട്ടില്ല.
ഒരു വർഷത്തിനു ശേഷം പദ്ധതിയുടെ വിജയം പരിശോധിക്കും എന്നാണ് പാർലമെന്റ് പാസാക്കിയ നിയമത്തിൽ പറയുന്നത്.