സിഡ്‌നിയുടെ നാല് മേഖലകളിലാണ് ഇപ്പോൾ ലോക്ക്ഡൗൺ നടപ്പാക്കിയിരിക്കുകയാണ്.
സിഡ്നി നഗരം, വൂളാര, വേവർലി, റാൻഡ്വിക്ക് എന്നീ മേഖലകകളിലുള്ളവർക്ക് വെള്ളിയാഴ്ച മുതൽ “സ്റ്റേ അറ്റ് ഹോം” നിയന്ത്രണം നടപ്പാക്കിയിരിക്കുകയാണ്.
സിഡ്‌നിയിലെ കൊവിഡ് ക്ലസ്റ്ററിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഗ്രെയ്റ്റർ സിഡ്നി മേഖല പൂർണമായും രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗൺ ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.
സംസ്ഥാനത്ത് 12 പുതിയ കേസുകളാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതേതുടർന്ന് നടത്തിയ അടിയന്തര യോഗത്തിന് ശേഷമാണ് ഗ്രെയ്റ്റർ സിഡ്നിയിൽ പ്രീമിയർ ഗ്ലാഡിസ് ബെറാജ്കളിയൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് .
ഇതോടെ ഗ്രെയ്റ്റർ സിഡ്നി, ബ്ലൂ മൗണ്ടൻസ്, സെൻട്രൽ കോസ്റ്റ് വൊളോംഗോങ് എന്നിവിടങ്ങളും ലോക്ക്ഡൗണിലാകും.
ശനിയാഴ്ച (ഇന്ന്) വൈകിട്ട് ആറ് മണി മുതൽ ജൂലൈ ഒമ്പത് അർദ്ധരാത്രി വരെയാണ് ലോക്ക്ഡൗൺ.
ഇവിടെയുള്ളവർക്ക് നാല് കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ അനുവാദമുള്ളൂ.
അവശ്യസാധനങ്ങൾ വാങ്ങാൻ, ജോലിക്ക് പോകാൻ (വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയില്ലെങ്കിൽ മാത്രം), പഠനത്തിന് (വീട്ടിലിരുന്ന് പഠിക്കാൻ കഴിയില്ലെങ്കിൽ മാത്രം), വ്യായാമത്തിന് (പത്തോ അതിൽ കുറവോ പേർക്ക്), ചികിത്സയ്ക്കും പരിചരണത്തിനും എന്നീ കാര്യങ്ങൾക്കാണ് പുറത്തിറങ്ങാവുന്നത്.
അതേസമയം, ശനിയാഴ്ചയും ഞായറാഴ്ചയും വിവാഹങ്ങൾ നടത്താം. തിങ്കളാഴ്ച മുതൽ വിവാഹങ്ങൾ അനുവദിക്കില്ല.
മരണാനന്തര ചടങ്ങുകൾക്ക് 100 പേർക്ക് പങ്കെടുക്കാം. എന്നാൽ നാല് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥ ബാധകമാകും.
സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിലും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
- കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് മാത്രമേ വീട് സന്ദശിക്കാൻ അനുവാദമുള്ളൂ
- കെട്ടിടത്തിനുള്ളിൽ മാസ്ക് നിര്ബന്ധമാണ്
- നൃത്തം-ജിം ക്ലാസ്സുകളിൽ 20 പേർക്ക് മാത്രമേ അനുവാദമുള്ളൂ. ഇവിടെ മാസ്ക് നിർബന്ധമാണ്
സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർ ജൂൺ 21നു ശേഷം ഗ്രെയ്റ്റർ സിഡ്നി സന്ദർശിച്ചിട്ടുണ്ടെങ്കിൽ 14 ദിവസത്തേക്ക് 'സ്റ്റേ അറ്റ് ഹോം' നിർദ്ദേശം പാലിക്കണമെന്ന് പ്രീമിയർ അറിയിച്ചു.