വർഷം അഞ്ചു മുതൽ ആറ് ശതമാനം വരെയുള്ള വർദ്ധനവിന് സർക്കാർ അനുമതി നൽകുമെന്നാണ് സൂചന. അതായത് വർദ്ധനവ് പ്രാബല്യത്തിൽ വന്നാൽ ഒരു കുടുംബം വർഷം ശരാശരി $200 ഓളം അധികമായി ഇൻഷുറൻസ് പ്രീമിയം അടക്കേണ്ടി വരും.
സ്വകാര്യ ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ അവരുടെ വാർഷിക ഇൻഷുറൻസ് പ്രീമിയം വർദ്ധനവിനായുള്ള അപേക്ഷ സമർപ്പിക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ച അവസാന ദിവസമായിരുന്നു തിങ്കളാഴ്ച. നിയമപ്രകാരം പൊതുജന താല്പര്യം കണക്കിലെടുത്ത് ആരോഗ്യ മന്ത്രി അംഗീകാരം നൽകിയാൽ മാത്രമേ വർദ്ധനവ് പ്രാബല്യത്തിൽ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ.
എന്നാൽ, ഇൻഷുറൻസ് കമ്പനികളുടെ ആവശ്യം തള്ളിക്കളയണമെന്നു ഭരണകക്ഷി അംഗം ജോർജ് ക്രിസ്റ്റൻസെൻ പറഞ്ഞു.
ഓരോ വർഷവും സർക്കാർ ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കുന്നതാണ് കണ്ടുവരുന്നത്. 2016 ൽ ഇത് 5.59 ശതമായാണ് ഉയർന്നതെങ്കിൽ 2014 ലും 2015 ലും ഇത് 6.2 ശതമാനമായി വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഈ വർഷം ആരോഗ്യ മന്ത്രിയുടെ ചുമതലയുള്ള ആർതർ സിനോഡിനോസ് അഞ്ചു ശതമാനം വർദ്ധനവ് അംഗീകരിക്കുമെന്നാണ് വിലയിരുത്തൽ.
വർദ്ധനവ് ബാധിക്കാതിരിക്കാൻ ജനങ്ങൾക്ക് എന്ത് ചെയ്യാം :
- വർദ്ധനവ് പ്രാബല്യത്തിൽ വരുന്ന ഏപ്രിൽ ഒന്നിന് മുൻപായി പ്രീമിയം അടക്കാൻ ശ്രദ്ധിക്കുക
- ഡയറക്റ്റ് ഡെബിറ്റ് വഴി പണം അടയ്ക്കുന്നതിന് എന്തെങ്കിലും ഇളവ് ലഭ്യമാണോ എന്ന കാര്യം പ്രൊവൈഡറോട് ചോദിച്ചറിയുക
- ഓരോരുത്തർക്കും ആവശ്യമായ പോളിസി വ്യത്യസ്തമാണ്. നിങ്ങൾക്ക് അനുയോജ്യമായ പോളിസിയാണ് എടുത്തിരിക്കുന്നതെന്ന് ഉറപ്പുവരുത്തുക
- ഓരോരുത്തരുടെയും ആവശ്യത്തിന് അനുസൃതമായ വ്യത്യസ്ത പോളിസികൾ എടുക്കുന്നത് പണം ലാഭിക്കാൻ സഹായിച്ചേക്കും
- ആവശ്യമില്ലാത്ത അഥവാ ഉപയോഗശൂന്യമായ പോളിസികൾ ഒഴിവാക്കുക

