ഓസ്ട്രേലിയൻ ജനസംഖ്യയുടെ വലിപ്പവും, ഘടനയുമൊക്കെ അറിയുന്നതിനായി അഞ്ച് വർഷത്തിലൊരിക്കലാണ് സെൻസസ് നടക്കുന്നത്.
ഓസ്ട്രേലിയൻ ജനതയിൽ പകുതിയും ലോക്ക്ഡൗണിൽ ആയിരുന്ന ഓഗസ്റ്റ് പത്തിനായിരുന്നു ഈ വർഷത്തെ സെൻസസ്.
സെൻസസിൽ പങ്കെടുക്കണമെന്നത് നിർബന്ധമാണ്.
സെൻസസിൽ പങ്കെടുക്കാനുള്ള അവസാന ദിവസവും പൂർത്തിയായെങ്കിലും, ഇതിൽ പങ്കെടുക്കാത്തവർക്കായി ഒരാഴ്ചത്തെ സമയം കൂടി ഓസ്‌ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ABS) നൽകിയിട്ടുണ്ട്.
ഓഗസ്റ്റ് പത്തിന് സെൻസസ് പൂർത്തിയാക്കാത്തവർക്ക് ഇത് ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള ഒരു കത്ത് ലഭിക്കുകയോ, ഫീൽഡ് ഓഫീസർമാർ ഇവരുടെ വീടുകൾ സന്ദർശിക്കുകയോ ചെയ്യും.
നോട്ടീസ് ഓഫ് ഡയറക്ഷൻ ലഭിച്ച ശേഷവും സെൻസസിൽ പങ്കെടുക്കാത്തവർക്ക് ദിവസം 222 ഡോളർ പിഴ ലഭിക്കും.
മാത്രമല്ല, അപൂർണമായ സെൻസസ് ഫോം സമർപ്പിക്കുന്നവർക്കും പിഴ ലഭിക്കാം.
സെൻസസ് രാവിൽ പങ്കെടുത്തില്ലെങ്കിൽ പിഴ ഈടാക്കില്ല. മറിച്ച്, നോട്ടീസ് ഓഫ് ഡയറക്ഷൻ ലഭിച്ച ശേഷവും സെൻസസിലെ പങ്കെടുത്തില്ലെങ്കിലാണ് പിഴയെന്ന് എ ബി എസ് വ്യക്തമാക്കി.
സെൻസസ് ഫോം ഇംഗ്ലീഷിലാണെങ്കിലും, 29 ഭാഷകളിൽ ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
2022 ജൂണിലാണ് സെൻസസിന്റെ വിവരങ്ങൾ എ ബി എസ് പുറത്തുവിടുന്നത്.