ഓസ്ട്രേലിയയുടെ കിഴക്കൻ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യയെന്നാണ് മുന്നറിയിപ്പ്. വലിയ രീതിയിൽ ആലിപ്പഴ വീഴ്ചയുണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ, രാജ്യത്തിന്റ പലയിടങ്ങളിലും ഇപ്പോഴും തുടരുകയാണ്. കനത്തെ മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളപ്പൊക്കത്തിനുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ശക്തമായ ഇടിമിന്നലും ആലിപ്പഴ വർഷവും മഴക്കും കാറ്റിനുമൊപ്പം ഉണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രം പറയുന്നു.
ഓസ്ട്രേലിയയുടെ മധ്യ-കിഴക്ക് ഭാഗത്തു കൂടി നീങ്ങുന്ന ന്യൂനമർദ്ദ പാത്തിയാണ് കനത്ത മഴ തുടരുവാൻ ഇടയാക്കുന്നതെന്ന് കാലവസ്ഥാ കേന്ദ്രം അറിയിച്ചു. സൗത്ത് ഓസ്ട്രേലിയയുടെ തെക്കുകിഴക്കൻ ഭാഗത്തും വിക്ടോറിയയിലും മഴക്ക് ഇടയാക്കി നീങ്ങുന്ന ന്യൂനമർദ്ദ പാത്തി ബുധനാഴ്ചയോടെ ശക്തി പ്രാപിക്കുമെന്നും, വ്യാഴം,വെള്ളി ദിവസങ്ങളിൽ സെൻട്രൽ ന്യൂ സൗത്ത് വെയിൽസ്, തെക്കൻ ക്വീൻസ്ലാൻഡ് പ്രദേശങ്ങളിൽ അതി ശക്തമായ മഴ പെയ്യിക്കുമെന്നുമാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കു കൂട്ടൽ.
ശക്തമായ മഴ, പെട്ടന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിനിടയാക്കുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റും ഇടിമിന്നലും, മരങ്ങളും വൈദ്യുതി ലൈനുകളും കടപുഴകാൻ ഇടയാക്കുമെന്നും കാലവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
വ്യാഴാഴ്ചയോടെ മഴയുടെയും കാറ്റിന്റെയും ഗതി, കിഴക്കൻ തീരത്തേക്കും ടാസ്മാനിയയിലേക്കും നീങ്ങുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തൽ.വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ്, തെക്കൻ ക്വീൻസ്ലാൻഡ് എന്നിവടങ്ങളിൽ മൂന്നു ദിവസത്തിനുള്ളിൽ 40 മുതൽ 60 മില്ലി മീറ്റർ വരെ മഴ ലഭിക്കാമെന്നും കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു.