'ഏറ്റവും ചിലവേറിയ വിവാഹ നിശ്ചയ ആഘോഷം' എന്നാണ് മെൽബണിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നടന്ന വിവാഹ നിശ്ചയത്തെക്കുറിച്ച് പോലീസ് കമ്മീഷണർ ഷെയിൻ പാറ്റൻ പറഞ്ഞത്.
മെൽബണിൽ സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കിയിരിക്കുന്നതിനിടെ നിയന്ത്രണങ്ങൾ ലംഘിച്ചാണ് വിവാഹ നിശ്ചയം നടന്നത്.
ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആഘോഷത്തിനിടെ കൊവിഡ് നിയന്ത്രണത്തെ പരിഹസിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ചടങ്ങിൽ പങ്കെടുത്ത രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നത് അധികൃതരെയും ജനങ്ങളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
മാത്രമല്ല, സ്വകാര്യ ഒത്തുചേരലിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന സമയത്ത് മാസ്ക് ധരിക്കാതെയാണ് 69 പേർ ചടങ്ങിൽ പങ്കെടുത്തത്.
ചടങ്ങിൽ പങ്കെടുത്ത ഓരോരുത്തർക്കും 5,500 ഡോളർ വീതമാണ് പിഴ നൽകുന്നത്.
അതായത് ചടങ്ങിൽ നിന്ന് ഈടാക്കുന്ന ആകെ പിഴ മൂന്നര ലക്ഷം ഡോളറാകും.
'സ്വാർത്ഥമായ പ്രവൃത്തി' എന്നാണ് വിവാഹ നിശ്ചയം നടത്തിയവരെക്കുറിച്ച് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് പരാമർശിച്ചത്.
ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇതിൽ പങ്കെടുത്തവർക്ക് വധഭീഷണി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. കൂടാതെ നിരവധി പേരാണ് ഇവർക്കെതിരെ രംഗത്തെത്തിയത്.
മെൽബണിൽ കൊവിഡ് കേസുകൾ കുറയാത്തതിനെത്തുടർന്ന് തിങ്കളാഴ്ച ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുകയും കർഫ്യു ഏർപ്പെടുത്തുകയും ചെയ്തു. രാത്രി ഒമ്പത് മണി മുതൽ രാവിലെ അഞ്ച് മണി വരെയാണ് കർഫ്യു.
കൂടാതെ പ്ലെഗ്രൗണ്ടുകൾ, സ്‌കെയ്‌റ്റ് പാർക്കുകൾ തുടങ്ങിയവയും അടച്ചിട്ടു.