ഹസ്തദാനത്തോടെയും, ആലിംഗനം ചെയ്തും, ചുംബനം നൽകിയുമൊക്കെയാണ് ഓസ്‌ട്രേലിയയിൽ വിവിധ സംസ്കാരത്തിലുള്ളവർ പരസ്പരം ആശംസകൾ നേരുന്നത്. എന്നാൽ ഓസ്‌ട്രേലിയയിൽ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പടരുന്നതായി കഴിഞ്ഞ തിങ്കളാഴ്ച സ്ഥിരീകരിച്ചിരുന്നു.
സിഡ്‌നിയിലെ റൈഡ് ആശുപത്രിയിലെ ഒരു ഡോക്ടർക്കും മറ്റൊരു സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ രണ്ട് പേരും കഴിഞ്ഞ മൂന്ന് മാസത്തിൽ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാത്തവരാണ്.
ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പടർന്നു തുടങ്ങിയതോടെ പരസ്പരം ഹസ്തദാനം ചെയ്യുന്നത് നിർത്തലാക്കാൻ നിർദ്ദേശിച്ചിരിക്കുകായാണ് ആരോഗ്യ വകുപ്പ്.
ഈ സാഹചര്യത്തിൽ പരസ്പരം ആശംസകൾ നേരാനായി മറ്റ് സംസ്കാരത്തിലുള്ളവർ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
1. നമസ്തേ
പരസ്പരം ഇരു കൈകളും കൂപ്പി അഭിവന്ദ്യം അർപ്പിക്കുന്നത് ഇന്ത്യൻ രീതിയാണ്. ഇരു കൈകളും കൂപ്പിക്കൊണ്ട് നമസ്തേ പറയുന്ന രീതി പിന്തുടരാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ജനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.
2. പാദസ്പർശം
ഇന്ത്യയിൽ ചില സംസ്കാരത്തിൽപ്പെട്ടവർ മുതിർന്നവരോടുള്ള ആദര സൂചകമായി പരമ്പരാഗതമായി സ്വീകരിച്ച് വരുന്ന ഒരു സമ്പ്രദായമാണിത്. 

Source: Getty Images/uniquely India
3. ഫ്‌ളൈയിംഗ് കിസ്സ്
പരസ്പരം ആശംസകൾ അർപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങളിൽ സ്വീകരിക്കുന്ന മാർഗമാണിത്. എയർ കിസ്, ബ്ലോണ് കിസ്സ്, ത്രോൺ കിസ്സ് എന്നിങ്ങനെയെല്ലാം ഇതിനെ വിശേഷിപ്പിക്കാറുണ്ട്. കൂടുതലായും പാശ്ചാത്യ രാജ്യങ്ങൾ സ്വീകരിക്കുന്ന രീതിയാണിത്.
4. നെഞ്ചിൽ കൈ വച്ച് അഭിവാദ്യം ചെയ്യുക
മിഡിൽ ഈസ്റ്റിലും മുസ്ലിം രാജ്യങ്ങളിലുമെല്ലാം പരസ്പരം ആശംസകൾ നേരാൻ സ്വീകരിക്കുന്നതാണ് ഈ മാർഗം. മറ്റ് ലിംഗത്തിലുള്ളവരെ ബഹുമാനിക്കുന്നതിന്റെ ഭാഗമായാണ് ഈ മാർഗം സ്വീകരിക്കാറുള്ളത്. 'സമാധാനം നിങ്ങളൂടെ കൂടെ' എന്നാണ് ഇത് അർത്ഥമാക്കുന്നത്.
5. കുമ്പിടുക
ഏഷ്യയിലും ജപ്പാനിലും മറ്റും മറ്റുള്ളവരെ അഭിവാദ്യം ചെയ്യുന്ന രീതിയാണിത്. ആരെയാണോ അഭിവാദ്യം ചെയ്യുന്നത് എന്നതിനനുസരിച്ചായിരിക്കും എത്രത്തോളം കുമ്പിടണം എന്ന് തീരുമാനിക്കുന്നത്. കൂടുതൽ കുമ്പിട്ടുകൊണ്ടാണ് പ്രായമായവർക്ക് അഭിവാദ്യം അർപ്പിക്കുക.

Source: (E+)