ഗ്രെയ്റ്റർ സിഡ്‌നിയിലാണ് വിദേശത്ത് നിന്നെത്തുന്നവർക്ക് ഹോം ക്വാറന്റൈൻ പദ്ധതി പരീക്ഷിക്കുന്നത്.
ന്യൂ സൗത്ത് വെയിൽസിൽ നിന്നുള്ളവർ, ഓസ്‌ട്രേലിയയിൽ സ്ഥിരതാമസക്കാരല്ലാത്തവർ കൂടാതെ ക്വാണ്ടസ് ക്രുവിനെയുമാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതി ന്യൂ സൗത്ത് വെയിൽസും ഫെഡറൽ സർക്കാരും ചേർന്നായിരിക്കും നടപ്പിലാക്കുക എന്ന് പ്രധാന മന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.
ഏഴ് ദിവസത്തെ ഹോം ക്വറന്റൈൻ പദ്ധതി 175 പേരിൽ പരീക്ഷിക്കാനാണ് ഉദേശിക്കുന്നത്.
ഇതിൽ പങ്കാളികളാകുന്നവർ TGA അനുമതിയുള്ള വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരായിരിക്കണമെന്നാണ് നിബന്ധന.
കൂടാതെ ക്വാറന്റൈൻ ചെയ്യുന്ന കാലയളവിലും മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ 14 ദിവസമാണ് ക്വാറന്റൈൻ. ഇത് ഏഴ് ദിവസമാക്കി കുറച്ചിട്ടുണ്ട്. അതായത് പദ്ധതിയിൽ പങ്കാളികളാകുന്നവർ ഏഴ് ദിവസം ഹോം ക്വാറന്റൈൻ ചെയ്‌താൽ മതി.
സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് കൂടുതൽ ഓസ്‌ട്രേലിയക്കാരെ തിരിച്ചെത്തിക്കുന്നതിൽ ഹോം ക്വറന്റൈൻ പദ്ധതി പ്രധാനമായിരിക്കുമെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ പറഞ്ഞു.
ഈ മാസം അവസാനം തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതി നാലാഴ്ചത്തേക്കാണ് പരീക്ഷിക്കുന്നത്.
സുരക്ഷിതമായി രാജ്യാന്തര അതിർത്തി തുറക്കുന്നതിന് ഈ പദ്ധതി പ്രധാന പങ്കുവഹിക്കുമെന്ന് പ്രധാന മന്ത്രി പറഞ്ഞു.
ന്യൂ സൗത്ത് വെയിൽസ് ആരോഗ്യവകുപ്പിനും ന്യൂ സൗത്ത് വെയിൽസ് പോലീസിനുമായിരിക്കും ഇതിന്റെ ഉത്തരവാദിത്വമെന്നും ഫെഡറൽ സർക്കാർ വ്യകത്മാക്കി.
ന്യൂ സൗത്ത് വെയിൽസിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ നിരക്ക് 50 ശതമാനത്തിലധികമായെന്ന് അധികൃതർ വ്യക്തമാക്കി.
ഫേസ് റെക്കഗ്നിഷൻ ആപ്പ് ഉപയോഗിക്കും
സൗത്ത് ഓസ്‌ട്രേലിയയിൽ ഇതിനോടകം പരീക്ഷിച്ചുകഴിഞ്ഞ മൊബൈൽ ഫോൺ ആപ്പ് ന്യൂ സൗത്ത് വെയിൽസിലെ ഹോം ക്വറന്റൈൻ പദ്ധതിയിൽ ഉപയോഗിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഹോം ക്വാറന്റൈനില്ലുള്ളവർ ഐസൊലേറ്റ് ചെയ്യുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ജിയോലൊക്കേഷനും ഫേസ് റെക്കഗ്നിഷൻ സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് ഈ ആപ്പിന്റെ പ്രവർത്തനം. പരിശോധനയുടെ വിവരങ്ങളും രോഗലക്ഷണങ്ങളുടെ വിശദാംശങ്ങളും ഈ ആപ്പിലൂടെ ലഭ്യമാണ്.
അതെസമയം ഈ ആപ്പ് സ്വകാര്യതയിൽ കടന്നുകയറ്റം നടത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിമർശനവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു.
എന്നാൽ ന്യൂ സൗത്ത് വെയിൽസിൽ നിലവിലുള്ള ചെക്ക് ഇൻ മാനദണ്ഡങ്ങൾ ഉപയോഗിച്ച് സ്വകാര്യത ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂ സൗത്ത് വെയിൽസിൽ 1,284 പുതിയ പ്രാദേശിക കൊവിഡ് ബാധ സ്ഥിരീകരിച്ചു. 12 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിക്ടോറിയ
വിക്ടോറിയയിൽ 510 പുതിയ പ്രാദേശിക കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
പുതിയ കേസുകളിൽ 124 എണ്ണം നിലവിലുള്ള രോഗബാധയുമായി ബന്ധമുള്ളതായി അധികൃതർ സ്ഥിരീകരിച്ചു.