ഓസ്‌ട്രേലിയയയിലെ വസ്തുക്കളുടെ വില വിവരങ്ങൾ ശേഖരിച്ച് അവ ബിസിനസുകൾക്കും സർക്കാരിനും നൽകുന്ന കോർ ലോജിക് ആണ് ഇത് സംബന്ധിച്ച പുതിയ കണക്കുകൾ പുറത്തുവിട്ടത്.
രാജ്യത്ത് കഴിഞ്ഞ മാസം വീട് വിലയിൽ 0.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായാണ് കണക്കുകൾ.
ഓസ്ട്രേലിയയിൽ ഇതിനു മുമ്പ് ശരാശരി വീടുവില ഏറ്റവുമധികം ഉയർന്നു നിന്നത് 2017 സെപ്റ്റംബറിലാണ്. അതിനേക്കാൾ 0.7 ശതമാനം കൂടുതലാണ് ഇപ്പോഴത്തെ വില എന്നാണ് കോർ ലോജിക്സിന്റെ കണക്കുകൾ.
വീടുകളുടെ ദേശീയ ശരാശരി വില കൊറോണ പ്രതിസന്ധിക്ക് മുൻപ് ഉള്ളതിലും ഒരു ശതമാനം ഉയർന്നിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
എല്ലാ പ്രമുഖ നഗരങ്ങളിലും, ഉൾനാടൻ പ്രദേശങ്ങളിലും ജനുവരിയിൽ വില ഉയർന്നിട്ടുണ്ട്. എന്നാൽ വ്യത്യസ്ത തോതുകളിലാണ് വില വർദ്ധനവ്.
തലസ്ഥാന നഗരങ്ങൾ മിക്കതിലും മുമ്പ് രേഖപ്പെടുത്തിയിട്ടുള്ള റെക്കോർഡിനെക്കാൾ കുറവാണ് ഇപ്പോഴത്തെ വില. എന്നാൽ ഉൾനാടൻ ഓസ്ട്രേലിയയിലെ വീടു വില വലിയ തോതിൽ ഉയർന്നതാണ് ദേശീയ ശരാശരിയും പുതിയ റെക്കോർഡിൽ എത്താൻ കാരണം.
തലസ്ഥാന നഗരങ്ങളിൽ സിഡ്നിയിലും മെൽബണിലും 0.4 ശതമാനം വില കൂടിയപ്പോൾ, ഏറ്റവും വർദ്ധനവുണ്ടായത് ഡാർവിനിലാണ്. 2.3 ശതമാനം.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.7 ശതമാനം വില വർദ്ധനവാണ് എല്ലാ തലസ്ഥാന നഗരങ്ങളിലും കൂടി ഉണ്ടായിരിക്കുന്നത്. എന്നാൽ, ഉൾനാടൻ ഓസ്ട്രേലിയയിലാണ് വില വർദ്ധനവിന്റെ തോത് ഇതിലും കൂടുതലാണ്. ഉൾനാടൻ മേഖലകളിൽ ജനുവരിയിൽ മാത്രം ശരാശരി 1.6 ശതമാനം വില കൂടി. കഴിഞ്ഞ വർഷത്തേക്കാൾ ശരാശരി 7.9 ശതമാനം വർദ്ധവനാണ് ദേശീയതലത്തിൽ ഉൾനാടൻ പ്രദേശങ്ങളിൽ ഉള്ളത്.എന്നാൽ, ഉൾനാടൻ ഓസ്ട്രേലിയയിലാണ് വില വർദ്ധനവിന്റെ തോത് ഇതിലും കൂടിയത്.
അതേസമയം സിഡ്‌നിയിലും മെൽബണിലും അപ്പാർട്മെന്റുകളുടെ വിലയിൽ ഇടിവ് രേഖപ്പെടുത്തി.