2020 മാർച്ച് 20 മുതൽ അടഞ്ഞുകിടന്ന ഓസ്ട്രേലിയൻ അതിർത്തികൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർണമായി തുറക്കുകയാണ്.
ഫെബ്രുവരി 21 മുതൽ എല്ലാ വിസകളിലുള്ളവർക്കും പ്രവേശനം ലഭിക്കുന്നതോടെ രാജ്യത്തെ സാമ്പത്തിക രംഗവും വിപണിയും കൂടുതൽ ശക്തമാകും എന്നാണ് പ്രതീക്ഷ.
ഇത് വീടുവിലകളിൽ എന്തു മാറ്റമുണ്ടാക്കും എന്നാണ് റിയൽ എസ്റ്റേറ്റ് രംഗം ഉറ്റുനോക്കുന്നത്.
കൊവിഡ്ബാധ കാരണം ഓസ്ട്രേലിയൻ അതിർത്തികൾ അടഞ്ഞുകിടന്ന 2020ഉം 2021ഉം രാജ്യത്തെ വീടുവില പുതിയ റെക്കോർഡിലേക്ക് എത്തിയിരുന്നു.
2021ൽ രാജ്യത്തെ വീടുവില ശരാശരി 25.2 ശതമാനമാണ് വർദ്ധിച്ചത്.
സിഡ്നിയിലെ വീടുവില 33.1 ശതമാനം വർദ്ധിച്ചിട്ടുണ്ട്. 1.6 മില്യണിലേറെയാണ് സിഡ്നിയിലെ ഇപ്പോഴത്തെ ഇടത്തരം വീടുവില.
വിലവർദ്ധനവിന് ലോക്ക്ഡൗണുകൾ കാരണമായോ?
കൊവിഡ് വ്യാപനം തുടങ്ങിയപ്പോഴുള്ള പ്രവചനങ്ങൾക്കെല്ലാം കടകവിരുദ്ധമായിട്ടായിരുന്നു ഈ വിലവർദ്ധനവ്. കൊവിഡ് നിയന്ത്രണങ്ങൾ കാരണം വീടുവിലയിൽ 20 ശതമാനം വരെ ഇടിവുണ്ടാകും എന്നായിരുന്നു പല സാമ്പത്തിക വിദഗ്ധരും അന്ന് പ്രവചിച്ചത്.
എന്നാൽ മൂന്നു വർഷം മുമ്പ് ഓസ്ട്രേലിയൻ വീടുവിപണിയുടെ ആകെ മൂല്യം ആറു ട്രില്യൻ ഡോളറായിരുന്നത്, ഇപ്പോൾ ഒമ്പതു ട്രില്യൺ ഡോളറായി വർദ്ധിച്ചിട്ടുണ്ടെന്ന് റിയൽ എസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓസ്ട്രേലിയയുടെ പ്രസിഡന്റ് ഹെയ്ഡൻ ഗ്രോവ്സ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ടു വർഷവും അതിർത്തി അടഞ്ഞുകിടന്നതും, ആഭ്യന്തര തലത്തിൽ പോലും യാത്രാ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതും വില വർദ്ധനവിന് കാരണമായി എന്നാണ് നിരവധി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
സാധാരണ രീതിയിൽ യാത്ര ചെയ്യാനായി നീക്കിവയ്ക്കുന്ന പണം പലർക്കും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നീക്കിയിരുപ്പായി മാറിയിരുന്നു.
ഇത് റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് എത്തിയതാണ് വീടുവില കൂടാൻ ഒരു പ്രധാന കാരണമായതെന്ന് ഹെയ്ഡൻ ഗ്രോവ്സ് എ ബി സിയോട് പറഞ്ഞു.
സ്വന്തമായി വീടുള്ളവർ തന്നെ നിക്ഷേപമെന്ന രീതിയിൽ കൂടുതൽ വീടുകൾ വാങ്ങുകയോ, അവധിക്കാല വീടുകൾ വാങ്ങുകയോ ചെയ്തിട്ടുണ്ട്.
അതിർത്തി തുറക്കുകയും, വീണ്ടും യാത്രകൾ സജീവമാകുകയും ചെയ്യുമ്പോൾ ഈ നീക്കിയിരുപ്പ് കുറയുമെന്നും, ഇത് വീടുവില വർദ്ധനവിന്റെ നിരക്ക് താഴാൻ കാരണമാകുമെന്നുമാണ് ഒരു വിലയിരുത്തൽ.
എന്നാൽ ഇതിന് ഒരു മറുവശവും ഉണ്ടാകാമെന്ന് ഹെയ്ഡൻ ഗ്രോവ്സ് ചൂണ്ടിക്കാട്ടി.
കൂടുതൽ പേർ കുടിയേറിയെത്തുമ്പോൾ വീടുകളുടെ ആവശ്യകത കൂടാനും, അത് വില വീണ്ടും ഉയർത്താനുമുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ വിലയെക്കാൾ കൂടുതൽ ഇത് ബാധിക്കുന്നത് വാടകയെയായിരിക്കും എന്നാണ് യൂണിവേഴ്സ്റ്റി ഓഫ് അഡ്ലൈഡിലെ മാസ്റ്റർ ഓഫ് പ്രോപ്പർട്ടി പ്രോഗ്രാം ഡയറക്ടർ പീറ്റർ കൗലിസസ് വിലയിരുത്തുന്നത്.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പലരും ആദ്യമായി വീടു വാങ്ങിയിട്ടുണ്ടെന്നും, ഇത് വാടകവിപണിയിലെ വീടുകളുടെ ലഭ്യതയെ ബാധിച്ചു എന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
രാജ്യാന്തര വിദ്യാർത്ഥികളുൾപ്പെടെ ലക്ഷക്കണക്കിന് പേർ രാജ്യത്തേക്ക് പുതുതായി എത്തുമ്പോൾ അവർക്ക് ആവശ്യമായ താമസസ്ഥലങ്ങൾക്ക് അഭാവമുണ്ടാകാം.
ഇത് വാടക ഇനിയും കൂട്ടിയേക്കാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.