ഓസ്‌ട്രേലിയയിൽ നിന്ന് എല്ലാവർഷവും ഏകദേശം ആറര ലക്ഷത്തോളാം ടൺ റീസൈക്ലിങ് മാലിന്യമാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്തുകൊണ്ടിരുന്നത്. വൻ തോതിലുള്ള അണുബാധയുള്ളതിനാൽ ഓസ്‌ട്രേലിയയിൽ നിന്നുള്ള പ്ലാസ്റ്റിക്,വസ്ത്രങ്ങൾ, പേപ്പറുകൾ എന്നിവയടങ്ങുന്ന റീസൈക്കിൾ മാലിന്യങ്ങൾ സ്വീകരിക്കുന്നത് കഴിഞ്ഞ ജനുവരിയിൽ ചൈന നിർത്തലാക്കി. ഇതോടെ മാലിന്യം ശേഖരിക്കുന്ന കമ്പനികളിൽ മാലിന്യങ്ങൾ കുന്നുകൂടിയിരിക്കുകയാണ്.
താത്കാലിക പരിഹാരം- ലാൻഡ് ഫില്ലിംഗ്
താത്കാലികമായി ഈ മാലിന്യങ്ങൾ നിലം നികത്താൻ ഉപയോഗിക്കുമെന്ന് വെയിസ്റ് കോൺട്രാക്‌ടേഴ്‌സ് ആൻഡ് റീസൈക്കിളേഴ്‌സ് ആസോസിയേഷൻ അംഗം ടോണി കോറി എസ്.ബി.എസ് ന്യൂസിനോട് പറഞ്ഞു. എന്നാൽ ശുദ്ധീകരിക്കാത്ത ഇത്തരം മാലിന്യങ്ങൾ നിലം നികത്താൻ ഉപയോഗിക്കുന്നത് പ്രകൃതിക്കും മണ്ണിനും ദോഷം ചെയ്യുമെന്നും ആശങ്കകൾ ഉണ്ട്.
ശേഖരിച്ച മാലിന്യം എടുക്കാൻ ആളില്ലാതായതോടെ മാലിന്യം ശേഖരിക്കുന്ന കമ്പനികളാണ് വെട്ടിലായിരിക്കുന്നത്. ഈ മാലിന്യങ്ങൾ ശേഖരിച്ചുവെക്കാൻ ഇവർ നിർബന്ധിതരാകുന്നു. ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളായി വെയർഹൗസുകൾ വാടകയ്‌ക്കെടുത്തു മാലിന്യം ശേഖരിച് വെക്കുകയാണ് കമ്പനികൾ.
വിക്ടോറിയയിലും പെർത്തിലെ മാലിന്യ സംസ്കരണ ഫീസ് കൂട്ടും
ചൈനയുടെ ഉപരോധത്തിന്റെ ദോഷം അനുഭവിക്കുന്നത് പ്രധാനമായും വിക്ടോറിയയിലെ കുടുംബങ്ങൾ ആയിരിക്കും. മാലിന്യം സംസ്കരിക്കാൻ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മാലിന്യ സംസ്കരണ ഫീസ് കൂട്ടുമെന്നു വിക്ടോറിയൻ വേസ്റ്റ് മാനേജ്‍മെന്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് ഓഫീസർ ആയ മാർക്ക് സ്മിത്ത് മുന്നറിയിപ്പ് നൽകുന്നു.
മുൻപ് മാലിന്യം ശേഖരിക്കുന്നത് കമ്പനികൾ കൗൺസിലിന് പണം നൽകിയിരുന്നു, എന്നാൽ കമ്പനികൾക്ക് കൗൺസിൽ പണം നൽകേണ്ടുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. അതുകൊണ്ടു തന്നെ മാലിന്യം സൃഷ്ടിക്കുന്നവർ തന്നെ അത് സംസ്കരിക്കുന്നതിനുമുള്ള പണം മുടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൗണ്‍സിലുകൾക്ക് ബിൻ കളക്ഷൻ നിരക്ക് കൂട്ടുന്നത് ഒഴിവാക്കാൻ ആവില്ലെന്ന് സൗത്തേൺ മെട്രോപൊളിറ്റൻ റീജിയണൽ കൌൺസിൽ (SMRC) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടിം യുഹേയും അറിയിച്ചു.
തീപിടുത്ത സാധ്യതകൾ
തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളും ബാറ്ററികളും ശരിയായ രീതിയിൽ സംസ്കരിക്കാതെ കുന്നുകൂടുന്നത് അഗ്നിബാധക്കുള്ള സാധ്യതകൾ കൂട്ടുന്നു. ഇങ്ങനെ തീപിടുത്തം ഉണ്ടായാൽ അത് മാലിന്യകൂമ്പാരത്തിലേക്കു പെട്ടന്ന് കത്തിപടരുകയും വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകുകയും ചെയ്യും.
സാഹചര്യങ്ങൾ മനസിലാക്കി പൊതുജനം റീസൈക്ലിങിനും, മാലിന്യ സംസ്കരണത്തിനും കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് പ്ലാനറ്റ് ആർക്എൻവർണ്മെന്റ് ഫൌണ്ടേഷൻ സി.ഇ.ഒ പോൾ ക്ലിമൻകൊ ആവശ്യപ്പെട്ടു.