ചൈനയിൽ 2019 ഡിസംബറിൽ തുടങ്ങിയ കൊറോണവൈറസ് ബാധ, മാർച്ച് മാസം തുടങ്ങുന്നതുവരെ ഓസ്ട്രേലിയയിൽ വലിയ ഭീഷണി ഉയർത്തിയിട്ടില്ലായിരുന്നു.
എന്നാൽ മാർച്ച് മാസത്തിൽ ഓസ്ട്രേലിയയിലും വൈറസ് പടർന്നുപിടിക്കുന്നതാണ് കണ്ടത്.
ഓസ്ട്രേലിയയിലെ തുടക്കം
മാർച്ച് 20 വെള്ളിയാഴ്ച വൈകിട്ട് വരെയുള്ള കണക്കുകൾ പ്രകാരം ഓസ്ട്രേലിയയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 876 ആണ്. ഓരോ ദിവസവും എണ്ണം കൂടുന്നത് അതിവേഗമാണ്. ജനുവരി 25നാണ് ഓസ്ട്രേലിയയിൽ ആദ്യ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ചൈനയിലെ ഗ്വാംഗ്ഷുവിൽ നിന്നെത്തിയ ഒരു ചൈനീസ് പൗരന് മെൽബണിൽ വച്ച് രോഗം കണ്ടെത്തി.
അന്നു തന്നെ ന്യൂ സൗത്ത് വെയിൽസിലും മൂന്നു പേർക്ക് രോഗം കണ്ടെത്തി.
ഓസ്ട്രേലിയയിലെ കൊറോണവൈറസ് ബാധയെക്കുറിച്ച് മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ റിപ്പോർട്ടുകളും ഇവിടെ വായിക്കാം
ഫെബ്രുവരി ഒന്നായപ്പോഴേക്കും രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 10 ആയി ഉയർന്നു.
ജപ്പാൻ തീരത്ത് പിടിച്ചിട്ടിരുന്ന ഡയമണ്ട് പ്രിൻസസ് കപ്പലിൽ നിന്ന് കൊണ്ടുവന്ന യാത്രക്കാരുൾപ്പെടെ 25 പേർക്കായിരുന്നു ഫെബ്രുവരി അവസാനിച്ചപ്പോൾ രോഗബാധ കണ്ടെത്തിയത്.
മരണവുമായി മാർച്ച്
മാർച്ച് ഒന്നിനാണ് കൊവിഡ്-19 മൂലം രാജ്യത്ത് ആദ്യ മരണം റിപ്പോർട്ട് ചെയ്യുന്നത്. ഡയമണ്ട് പ്രിൻസസ് കപ്പലിൽ നിന്നുള്ള ഒരു 78കാരൻ പെർത്തിൽ ആശുപത്രിയിൽ മരിക്കുകയായിരുന്നു.
അവിടെ നിന്നിങ്ങോട്ട് വളരെ വേഗത്തിലാണ് വൈറസ് ബാധ കൂടിയത്. ഓസ്ട്രേലിയയ്ക്കുള്ളിൽ തന്നെ വൈറസ് പടരുന്നതായി മാർച്ച് രണ്ടിന് കണ്ടെത്തുകയും ചെയ്തു.
അതുവരെയുള്ള എല്ലാ കേസുകളും വിദേശത്തു നിന്ന് വന്നതായിരുന്നു.
രോഗം പടരുന്നതിന്റെ വേഗത മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ന്യൂ സൗത്ത് വെയിൽസിൽ വളരെ കൂടുതലാണ്.
മാർച്ച് രണ്ടാം വാരത്തോടെ വൈറസ് പടരുന്നതിന്റെ വേഗത കൂടി. ഓസ്ട്രേലിയൻ സമൂഹത്തിനുള്ളിൽ വൈറസ് കൂടുതലായി പടർന്നുപിടിച്ചുതുടങ്ങിയതോടെയാണ് കടുത്ത നടപടികളിലേക്ക് പോകാൻ സർക്കാർ നിർബന്ധിതമായത്.
ഓരോ ദിവസവും പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്.
പ്രായമേറിയവർക്കാണ് വൈറസ് കൂടുതൽ അപകടകരം എന്നാണ് ഇതുവര സ്ഥിരീകരിച്ച റിപ്പോർട്ടുകളെങ്കിലും, ഓസ്ട്രേലിയയിൽ രോഗം സ്ഥിരീകരിച്ചതിൽ കൂടുതലും ചെറുപ്പക്കാരാണ്.
ഇപ്പോൾ ഓസ്ട്രേലിയയുടെ എല്ലാ സംസ്ഥാനങ്ങളിലും രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതുവരെയുണ്ടായ ഏഴു മരണങ്ങളിൽ ആറും ന്യൂ സൗത്ത് വെയിൽസിലാണ് ഉണ്ടായിരിക്കുന്നത്.
ഇതിൽ അഞ്ചു പേർ ന്യൂസൗത്ത് വെയിൽസ് സ്വദേശികളും ഒരാൾ ക്വീൻസ്ലാന്റ് സ്വദേശിയുമാണ്.