മെയ് 21 ന് നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പിൽ ജനപ്രതിനിധി സഭയിലേക്കും (ഹൗസ് ഓഫ് റെപ്രെസെന്റേറ്റിവ്‌സ്) സെനറ്റിലേക്കുമുള്ള സ്ഥാനാർത്ഥികളെയാണ് തെരെഞ്ഞെടുക്കുന്നത്.
പോളിംഗ് ബൂത്തിൽ വോട്ടമാർക്ക് രണ്ട് ബാലറ്റ് പേപ്പറുകളാണ് ലഭിക്കുക. രണ്ടിലും പ്രീഫെറെൻഷ്യൽ വോട്ടിംഗ് ബാധകമാണ്.
''പ്രതിനിധി സഭയിലേക്കുള്ള ബാലറ്റ് പേപ്പർ പച്ചനിറത്തിലും സെനറ്റില്ലേക്കുള്ള ബാലറ്റ് പേപ്പർ വെള്ള നിറത്തിലുമാണ്. പ്രതിനിധി സഭയിലേക്കുള്ള ബാലറ്റ് പേപ്പർ സെനറ്റിലേക്കുള്ളതിനേക്കാൾ ചെറുതായിരിക്കുമെന്ന്,'' ഓസ്‌ട്രേലിയൻ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഇവാൻ ഈക്കിന് -സ്മിത്ത് ചൂണ്ടിക്കാട്ടുന്നു.
പച്ചനിറത്തിലുള്ള ബാലറ്റ് പേപ്പറിൽ നിങ്ങളുടെ പാർലമെന്റ് സീറ്റിലെ അംഗത്തെ തെരെഞ്ഞടുക്കാൻ വോട്ട് രേഖപ്പെടുത്താം . ഇതിൽ ഓരോ സ്ഥാനാർത്ഥിയുടെയും പേരിനോട് ചേർന്നുള്ള കളത്തിൽ നിങ്ങളുടെ മുൻഗണനാക്രമം രേഖപ്പെടുത്തണം.
രണ്ടാമത്തെ ബാലറ്റ് പേപ്പറിൽ നിങ്ങളുടെ സംസ്ഥാനത്തെയോ ടെറിട്ടറിയെയോ പ്രതിനിധീകരിക്കുന്ന സെനറ്റർമാർക്കായി വോട്ട് രേഖപ്പെടുത്തണം.
പ്രതിനിധി സഭയിലേക്ക് ഒരു സ്ഥാനാർത്ഥിയെയാണ് തെരഞ്ഞെടുക്കുക, എന്നാൽ സെനറ്റിലേക്ക് ഒന്നിലധികം പേർ തെരെഞ്ഞെടുക്കപ്പെടുന്നു.
ജനപ്രതിനിധി സഭയിലേക്കുള്ള വോട്ടിംഗിൽ നിങ്ങൾ എല്ലാ സ്ഥാനാർത്ഥികൾക്കും ബാലറ്റ് പേപ്പറിൽ അക്കമിട്ട് ഒരു സ്ഥാനം നൽകേണ്ടതുണ്ട്.
ഉദാഹരണത്തിന്, നിങ്ങൾ വോട്ട് ചെയ്യുന്ന മണ്ഡലത്തിൽ പത്ത് സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ, നിങ്ങൾ ഇവർക്ക് നൽകുന്ന മുൻഗണന അനുസരിച്ച് ബാലറ്റ് പേപ്പറിൽ ഒന്ന് മുതൽ പത്ത് വരെയുള്ള അക്കങ്ങൾ സ്ഥാനാർത്ഥികളുടെ പേരിന് മുന്നിൽ രേഖപ്പെടുത്തണം.
നിങ്ങൾ മുൻഗണന നൽകുന്ന സ്ഥാനാർത്ഥിയുടെ പേരിന് മുന്നിൽ ഒന്നെന്നും, രണ്ടാമത് മുൻഗണന നൽകുന്ന സ്ഥാനാർത്ഥിയുടെ പേരിന് മുന്നിൽ രണ്ടെന്നും, ഏറ്റവും കുറവ് മുൻഗണന നൽകുന്ന സ്ഥാനാർത്ഥിയുടെ പേരിന് മുന്നിൽ പത്തെന്നും അക്കങ്ങളിൽ യഥാക്രമം രേഖപ്പെടുത്തുകയാണ് വേണ്ടത്.
എങ്ങനെയാണ് വോട്ടുകൾ എണ്ണുന്നത്?
നിങ്ങൾ നൽകിയിട്ടുള്ള ഒന്നാമത്തെ മുൻഗണനാ വോട്ടുകളാണ് പ്രൈമറി വോട്ടുകളായി കണക്കാക്കുന്നത്.
ആകെയുള്ള പ്രൈമറി വോട്ടുകളിൽ ഒരു സ്ഥാനാർത്ഥിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ പ്രിഫെറെൻഷ്യൽ വോട്ടുകൾ പരിഗണിക്കുന്നു.
50 ശതമാനത്തിലധികം വോട്ടുകളാണ് ലഭിക്കേണ്ടത്. ഇത് നേടാൻ കഴിയാത്ത സാഹചര്യത്തിൽ ഏറ്റവും കുറവ് പ്രൈമറി വോട്ടുകൾ ലഭിച്ച സ്ഥാനാർത്ഥിയെ ഒഴിവാക്കുന്നു.
ഒഴിവാക്കിയ സ്ഥാനാർത്ഥിയുടെ വോട്ടുകൾ ഈ ബാലറ്റ് പേപ്പറുകളിലെ രണ്ടാമത്തെ പ്രീഫെറെൻഷ്യൽ വോട്ടുകൾ ലഭിച്ചിട്ടുള്ള സ്ഥാനാർത്ഥികളിലേക്ക് യഥാക്രമം കൈമാറുന്നു. ഈ വോട്ടുകൾ ഇവരുടെ പ്രൈമറി വോട്ടുകളായി മാറിയ ശേഷം ആർക്കെങ്കിലും ഭൂരിപക്ഷം ലഭിച്ചിട്ടുണ്ടോ എന്ന് വീണ്ടും പരിശോധിക്കുന്നു.
ഒരു സ്ഥാനാർത്ഥിക്ക് ഭൂരിപക്ഷം ലഭിക്കുന്നത് വരെ ഈ പ്രക്രിയ തുടരുന്നു. 50 ശതമാനം വോട്ടു ലഭിക്കുന്നതുവരെ.
പ്രതിനിധി സഭയിൽ ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കുന്നു.
സെനറ്റിലേക്കുള്ള പ്രിഫെറെൻഷ്യൽ വോട്ടിംഗ്
സെനറ്റിലേക്കുള്ള ബാലറ്റ് പേപ്പറിൽ രണ്ട് രീതിയിൽ വോട്ട് രേഖപ്പെടുത്താം.
ബാലറ്റ് പേപ്പറിൽ ഒരു വരയ്ക്ക് മുകളിൽ പാർട്ടികളുടെ പേരുകളും, വരയ്ക്ക് താഴെ സ്ഥാനാർത്ഥികളുടെ പേരുമാണ് ഉണ്ടായിരിക്കുക.
വരയ്ക്ക് മുകളിൽ നിങ്ങൾക്ക് ഓരോ പാർട്ടിയുടെയും പേരിന് മുന്നിൽ നിങ്ങളുടെ പ്രീഫെറൻസ് അല്ലെങ്കിൽ മുൻഗണന അക്കങ്ങളിൽ രേഖപ്പെടുത്താവുന്നതാണ്.
അല്ലെങ്കിൽ വരയ്ക്ക് താഴെ ഓരോ സ്ഥാനാർത്ഥിയുടെയും പേരിന് മുന്നിലുള്ള കളത്തിൽ അക്കങ്ങൾ രേഖപ്പെടുത്താം.
വോട്ട് എണ്ണിയതിന് ശേഷം, ആനുപാതിക പ്രതിനിധ്യം നേടുന്ന സ്ഥാനാർത്ഥികളെ സെനറ്റിലേക്ക് വിജയിച്ചതായി പ്രഖ്യാപിക്കുന്നു.
ഒരു സംസ്ഥാനത്ത് എത്ര സ്ഥാനാർത്ഥികൾ സെനറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെടുമെന്നതിനെ ആശ്രയിച്ചാണ് ആനുപാതിക പ്രതിനിധ്യത്തിനുള്ള വോട്ടുകളുടെ ക്വാട്ട തീരുമാനിക്കുന്നത്. ആനുപാതിക പ്രതിനിധ്യമനുസരിച്ചുള്ള വോട്ടുകൾ ലഭിക്കുന്ന സ്ഥാനാർത്ഥികൾ സെനറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നു.