ഇന്ത്യൻ ഭരണ സംവിധാനത്തിന് സമാനമായ രീതിയിൽ തന്നെയാണ് ഓസ്ട്രേലിയയിലും ഭരണ സംവിധാനം പ്രവർത്തിക്കുന്നത്.
ഫെഡറൽ, സ്റ്റേറ്റ്/ടെറിട്ടറി സർക്കാരുകൾ
ഓസ്‌ട്രേലിയയുടെ അധികാരം ഫെഡറൽ, സ്റ്റേറ്റ്/ടെറിട്ടറി സർക്കാരുകൾക്കിടയിൽ വിഭജിക്കപ്പെട്ടിരിക്കുകയാണ്.
ഓസ്ട്രേലിയൻ പാർലമെൻറ് പാസാക്കുന്ന എല്ലാ ഫെഡറൽ നിയമങ്ങൾക്കും ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയും അംഗീകാരം വേണം. ഇത് ഗവർണർ ജനറൽ ഒപ്പിടുകയും വേണം.
ഇന്ത്യയിലെ ലോക്‌സഭ, രാജ്യസഭ, രാഷ്ട്രപതി എന്നതിന് സമാനമാണ് ഇത്.

പ്രതിനിധി സഭ
ഓസ്‌ട്രേലിയയിലുടനീളമുള്ള 151 ഇലക്‌ട്രേറ്റുകളിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്നതാണ് ലോവർ ഹൗസ് എന്ന് വിളിക്കപ്പെടുന്ന ജനപ്രതിനിധി സഭ.
ഫെഡറൽ സർക്കാരിനെ തെരഞ്ഞെടുക്കുക, നിയമങ്ങൾ പാസാക്കുക, ദേശീയ വിഷയങ്ങളില്‍ തീരുമാനമെടുക്കുക തുടങ്ങിയവയൊക്കെയാണ് ഹൗസ് ഓഫ് റെപ്രസെൻറെറ്റീവ്സ് എന്ന ജനപ്രതിനിധി സഭയുടെ ഉത്തരവാദിത്തങ്ങൾ.
ഹൗസ് ഓഫ് റെപ്രസെൻറെറ്റീവ്സിൽ ഏറ്റവും കൂടുതൽ പ്രതിനിധികളുള്ള പാർട്ടിയാണ് തിരഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപീകരിക്കുന്നത്.
ലോവർഹൗസ് എന്ന് കൂടി വിളിപ്പേരുള്ള ഹൗസ് ഓഫ് റപ്രസെൻറെറ്റീവ്സിൽ ഏറ്റവും കൂടുതൽ പ്രതിനിധികളുള്ള പാർട്ടിയുടെ നേതാവ് പ്രധാനമന്ത്രിയാകും.

സെനറ്റ്
അപ്പർ ഹൗസ് എന്ന് വിളിക്കപ്പെടുന്ന സെനറ്റിൽ 76 അംഗങ്ങൾ ഉണ്ട്. ആറ് സംസ്ഥാനങ്ങളിൽ നിന്ന് 12 വീതവും, രണ്ട് ടെറിട്ടറികളിൽ നിന്ന് രണ്ട് വീതവും അംഗങ്ങളാണ് സെനറ്റിലുണ്ടാകുക.
ലോവർ ഹൗസ് പാസ്സാക്കുന്ന നിയമ നിർമ്മാണ പ്രവർത്തനങ്ങൾ പുനരവലോകനം ചെയ്യുക ചെയ്യുക എന്നതാണ് അപ്പർ ഹൗസിൻറെ പ്രധാന ഉത്തരവാദിത്തം.
സെനറ്റര്‍മാരുടെ കാലാവധി ആറു വര്‍ഷമാണ്. ഇതില്‍ പകുതി പേരെ വീതം ഓരോ ഫെഡറല്‍ തെരഞ്ഞെടുപ്പിനൊപ്പവും തെരഞ്ഞെടുക്കുന്നു.

മൂന്ന് 'പില്ലറുകൾ'
ഓസ്‌ട്രേലിയൻ ഫെഡറൽ ഗവൺമെൻറിനെ നിയമ നിർമ്മാണം, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
സെനറ്റും ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ അടങ്ങുന്നതാണ് ഓസ്‌ട്രേലിയൻ പാർലമെന്റ് എന്നറിയപ്പെടുന്ന നിയമനിർമ്മാണ സഭ.
ഭരണഘടനയുടെ 51ാം വകുപ്പ് പ്രകാരം അവതരിപ്പിക്കുന്ന വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പാസാക്കുക എന്നതാണ് പാര്‍ലമെന്റിന്റെ ഉത്തരവാദിത്തം.
സർക്കാരിൻറെ ഭരണപരമായ വിഭാഗമാണ് എക്സിക്യൂട്ടീവ്. നിയമ നിർമ്മാണസഭ പാസ്സാക്കിയ നിയമങ്ങൾ നടപ്പിലാക്കേണ്ട ഉത്തരവാദിത്തമാണ് എക്സിക്യൂട്ടിവിനുള്ളത്.
നിയമനിർമ്മാണ സഭയിൽ നിന്നും എക്സിക്യൂട്ടീവിൽ നിന്നും സ്വതന്ത്രമായി പ്രവർത്തിക്കുന്ന വിഭാഗമാണ് ജുഡീഷ്യറി.
രാജ്യത്ത് നിയമ പാലനം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമാണ് ജുഡീഷ്യറിക്കുള്ളത്. മാത്രമല്ല ഓരോ സർക്കാർ സംവിധാനങ്ങളും ഭരണഘടനാപരമായ അധികാരങ്ങൾക്കപ്പുറം പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തവും ജുഡീഷ്യറിക്കാണ്.

തെരഞ്ഞെടുപ്പ്
നിർബന്ധിത വോട്ടിംഗിലൂടെയാണ് ഓസ്‌ട്രേലിയയിൽ ഫെഡറൽ സർക്കാരിനെ തിരഞ്ഞെടുക്കുന്നത്. സാധാരണ ഗതിയിൽ ഓരോ മൂന്ന് വർഷം കൂടുമ്പോഴുമാണ് ഫെഡറൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
18 വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ ഓസ്‌ട്രേലിയൻ പൗരന്മാരും തിരഞ്ഞെടുപ്പ് പട്ടികയിൽ പേര് ചേർക്കുകയും, വോട്ട് രേഖപ്പെടുത്തുകയും വേണം.
For more information on Australia’s federal system visit the Australian Government’s website.
For more information on how to vote visit the Australian Electoral Commission’s website.
Translated information on voting in your language.

