ഓസ്‌ട്രേലിയയിൽ ആർക്കു വേണമെങ്കിലും കെയറർ ആയി ജോലി ചെയ്യാം. ഇതിന് ആവശ്യമായ ചില പഠനങ്ങളും ട്രെയ്‌നിംഗുകളും നിർബന്ധമായും പൂർത്തിയാക്കേണ്ടതുണ്ട്.
എങ്ങനെ കെയറർ ആകാം:
ശാരീരികമായും മാനസികമായും കുറച്ചു വെല്ലുവിളികൾ നേരിടേണ്ട ജോലിയാണ് ഒരു കെയററുടേത്. പ്രായമായവരെയും, കുട്ടികളെയും, ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഉള്ളവരെയും മറ്റും ശുശ്രൂഷിക്കുക എന്നതാണ് ഒരു കെയററുടെ ജോലി. ഇതിനായി പ്രത്യേക ട്രെയ്‌നിംഗ് ആവശ്യമാണ്.
കെയറർ ജോലി ഫുൾ ടൈം ആയി ചെയ്യാനാണ് താത്പര്യപ്പെടുന്നതെങ്കിൽ TAFE കോളേജിൽ ഡിസബിലിറ്റി സർവീസസ് എന്ന കോഴ്സ് പൂർത്തിയാക്കേണ്ടതാണ്.
ഒരു സപ്പോർട്ട് വർക്കർ ആയും ഈ മേഖലയിൽ ജോലി തുടങ്ങാം. ഇതിനായി ഡിസബിലിറ്റി സർവീസസിൽ സർട്ടിഫിക്കറ്റ് 3 അല്ലെങ്കിൽ സർട്ടിഫിക്കറ്റ് 4 എടുക്കേണ്ടതുണ്ട്. സപ്പോർട്ട് വർക്കർ ആയി ജോലി ആരംഭിച്ച ശേഷം പിന്നീട് സീനിയർ സപ്പോർട്ട് വർക്കർ, ടീം ലീഡർ എന്നീ സ്ഥാനങ്ങളിൽ ജോലി ചെയ്യാൻ അവസരങ്ങൾ ലഭിക്കാൻ സാധ്യതകൾ ഉണ്ടെന്ന് ഓസ്‌ട്രേലിയൻ ഫൗണ്ടേഷൻ ഫോർ ഡിസബിലിറ്റിയിൽ ജോലി ചെയ്യുന്ന കാറിന ട്രാൻ പറയുന്നു.
പല ഭാഷകൾ സംസാരിക്കുന്ന പ്രായമായവരെ ശുശ്രൂഷിക്കേണ്ടതുകൊണ്ട് തന്നെ ഇംഗ്ലീഷ് ഭാഷക്ക് പുറമെ മറ്റ് ഭാഷകൾ സംസാരിക്കുന്നവർക്ക് ഈ മേഖലയിൽ ജോലി സാധ്യതകൾ കൂടുതലാണ്.
വെല്ലുവിളികൾ:
ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടനുഭവിക്കുന്നവരെ ശുശ്രൂഷിക്കുക എന്നതാണ് ഒരു കെയററുടെ ജോലി. അതുകൊണ്ടുതന്നെ നിവധി വെല്ലുവിളികളും ഇതിൽ നേരിടേണ്ടി വന്നേക്കാം.
കെയററായി ജോലി ചെയ്യുമ്പോൾ ഉണ്ടാകാൻ ഇടയുള്ള ഡിപ്രഷൻ പോലുള്ള മാനസിക ബുദ്ധിമുട്ടുകളും, ഒറ്റപ്പെടലും, ശാരീരികമായി ഉണ്ടാകാവുന്ന ക്ഷീണവും തളർച്ചയും മറ്റും പ്രരോധിക്കാൻ ഇവരെ സഹായിക്കുന്ന കൂട്ടായ്മയാണ് എത്നിക് കമ്മ്യുണിറ്റി സർവീസസ് കോ-ഓപ്പറേറ്റീവ്.
കെയററായി ജോലി ചെയ്യുന്നവരുടെ ക്ഷേമത്തിനായി ആവശ്യമായ വിവരങ്ങൾ നൽകാനായി പ്രത്യേക ക്ലാസ്സുകളും ഈ കൂട്ടായ്മ സംഘടിപ്പിക്കാറുണ്ട്.
ഇത്തരത്തിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവർ നിരവധി വെല്ലുവിളികൾ നേരിടാറുണ്ടെങ്കിലും തൊഴിലിടങ്ങളിൽ പരസ്പരം സഹായിക്കുകയും കരുതുകയും ചെയ്യുന്ന ഒരു കൂട്ടം സുഹൃത്തുക്കളെ ഇവർക്ക് സമ്പാദിക്കാൻ കഴിയാറുണ്ടെന്ന് ഈ മേഖലയിൽ ജോലി ചെയ്യുന്നവർ പറയുന്നു.