Highlights
- ആദ്യം വൗച്ചർ ലഭിക്കുന്നത് സിഡ്നി നഗരത്തിലെ 60,000 പേർക്ക്
- ജനുവരിയോടെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും
- മൂന്നു മാസമാണ് വൗച്ചറിന്റെ കാലാവധി
- വൗച്ചർ ലഭിക്കാൻ സർവീസ് NSW അക്കൗണ്ട് വേണം
കൊവിഡ് ബാധ മൂലം മാന്ദ്യത്തിലായ സംസ്ഥാനത്തെ ബിസിനസുകളെ സഹായിക്കാനായി കഴിഞ്ഞയാഴ്ച അവതരിപ്പിച്ച NSW ബജറ്റിലാണ് വൗച്ചർ പദ്ധതി പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ 18 വയസ് പൂർത്തിയായ എല്ലാവർക്കും 25 ഡോളർ വീതം മൂല്യമുള്ള നാല് വൗച്ചറുകൾ സൗജന്യമായി നൽകാനാണ് പദ്ധതി.
ജനങ്ങൾ കൂടുതൽ പണം ചെലവാക്കുന്നതിനും, അതിലൂടെ ബിസിനസുകളെ ഊർജ്ജിതപ്പെടുത്താനുമാണ് ഇങ്ങനെ വൗച്ചർ നൽകുന്നത്.
ഔട്ട് ആന്റ് എബൗട്ട് എന്ന പേരിലായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ, പിന്നീട് അത് ഡൈൻ ആന്റ് ഡിസ്കവർ NSW എന്നാക്കി മാറ്റിയിട്ടുണ്ട്.
വൗച്ചർ ഉപയോഗിക്കാൻ കഴിയുന്ന ബിസിനസുകളുടെ പട്ടികയിലേക്ക് കൂടുതൽ മേഖലകളെ ഉൾപ്പെടുത്തുകയും ചെയ്തു.
സിഡ്നി CBDയിലാണ് ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നത്.
സിഡ്നി നഗരത്തിലെ 2000 എന്ന പോസ്റ്റ്കോഡിൽ ജീവിക്കുന്ന 60,000ഓളം പേർക്കാകും ആദ്യം വൗച്ചർ ലഭിക്കുക.
ചൊവ്വാഴ്ച മുതൽ ഇവർക്ക് വൗച്ചർ വിശദാംശങ്ങൾ ഉൾപ്പെടുത്തിയുള്ള ഇമെയിൽ ലഭിച്ചു തുടങ്ങുമെന്ന് ഡെ്യ്ലി ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു.
സിഡ്നി നഗരത്തിലെ ദ റോക്ക്സ് മേഖലയിലുള്ള 300ഓളം ബിസിനസുകളാകും ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകുക. ടൂറിസം രംഗത്തെ വലിയ തോതിൽ ആശ്രയിക്കുന്ന പ്രദേശമാണ് ദ റോക്ക്സ്.
ഡിസംബർ 14മുതൽ ബ്രോക്കൺ ഹിൽസ് മേഖലയിലുള്ളവർക്കും വൗച്ചർ നൽകും. തൊട്ടുപിന്നാലെ സിഡ്നിയുടെ മറ്റു പ്രദേശങ്ങളിലുള്ളവർക്കും ഇത് ലഭിക്കും.

Restrictions on pubs and hotels will be extended to all NSW venues, such as clubs and restaurants. (AAP) Source: AAP
2021 ജനുവരി മുതലാകും സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും വൗച്ചർ നൽകുന്നത്.
എങ്ങനെ വൗച്ചർ ലഭിക്കും
സർവീസ് NSW അക്കൗണ്ടുള്ളവർക്കാണ് ഈ വൗച്ചർ ലഭിക്കുന്നത്.
വൗച്ചർ ലഭിക്കാൻ സർവീസ് NSWൽ രജിസ്റ്റർ ചെയ്തിരിക്കണം.
എല്ലായിടത്തും വൗച്ചർ ലഭ്യമായി തുടങ്ങുന്ന ജനുവരിക്ക് മുമ്പ് തന്നെ MyServiceNSWൽ അക്കൗണ്ട് തുടങ്ങുകയും, ServiceNSW ആപ്പ് ഡൗൺലോഡ് ചെയ്യുകയും വേണമെന്ന് ഡൈൻ ആന്റ് ഡിസ്കവർ NSW വെബ്സൈറ്റ് നിർദ്ദേശിക്കുന്നു.
കൊവിഡ് സുരക്ഷിത പദ്ധതി രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലായിരിക്കും ഈ വൗച്ചർ ഉപയോഗിക്കാൻ കഴിയുന്നത്.
രണ്ടു തരത്തിലാണ് വൗച്ചർ ഉപയോഗിക്കേണ്ടത്.
ഡൈനിംഗ് ഔട്ട്: ആകെയുള്ള നാലു വൗച്ചറുകളിൽ രണ്ടെണ്ണം ഭക്ഷണശാലകളിലെ ഉപയോഗത്തിനാണ്. പദ്ധതിയിൽ പങ്കാളിയായ പബുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, കഫെകൾ എന്നിവിടങ്ങളിൽ തിങ്കൾ മുതൽ വ്യാഴം വരെ വൗച്ചർ ഉപയോഗിക്കാം.
ഗോയിംഗ് ഔട്ട്: രണ്ടു വൗച്ചറുകൾ വിനോദത്തിനാണ്. സിനിമാ ഹാളുകൾ, തിയറ്ററുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ, ഉല്ലാസ ബോട്ടിംഗ് തുടങ്ങിയവയിലെല്ലാം ഉപയോഗിക്കാം.
മൂന്നു മാസമായിരിക്കും വൗച്ചറിന്റെ കാലാവധി.
ബിസിനസുകൾക്ക് എങ്ങനെ പങ്കാളിയാകാം?
ഡൈൻ ആന്റ് ഡിസ്കവർ പദ്ധതിയിൽ ബിസിനസുകൾക്ക് പങ്കാളിയാകണമെങ്കിൽ കൊവിഡ് സുരക്ഷാ പദ്ധതി നടപ്പാക്കിയിരിക്കണം. കൊവിഡ് സുരക്ഷിതമാണ് ബിസിനസ് എന്ന് രജിസ്റ്റർ ചെയ്യുകയും വേണം.