നിർബന്ധിത വോട്ടിംഗ് നിലവിലുള്ള രാജ്യമാണ് ഓസ്ട്രേലിയ.
എന്നാൽ ചെയ്യാനായി പോളിംഗ് സ്റ്റേഷനിലെത്തുമ്പോൾ പോലും പലർക്കും എങ്ങനെയാണ് വോട്ടു ചെയ്യേണ്ടതെന്ന് വ്യക്തമായി മനസിലാകാറില്ല.
കാരണം, ഏതെങ്കിലും ഒരു സ്ഥാനാർത്ഥിക്ക് മാത്രം വോട്ടു ചെയ്യുന്ന ഇന്ത്യൻ രീതിയിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഓസ്ട്രേലിയയിലെ വോട്ടിംഗ് സമ്പ്രദായം.
‘ഏറ്റവും കൂടുതൽ വോട്ടു നേടുന്നയാൾ ജയിക്കുന്നു’ എന്ന തെരഞ്ഞെടുപ്പ് രീതിയല്ല ഓസ്ട്രേലിയയിൽ ഉള്ളത്. പലർക്കും ആശയക്കുഴപ്പമുണ്ടാക്കാവുന്ന, ഗണിതസമവാക്യങ്ങളുപയോഗിച്ച് വോട്ടെണ്ണൽ നടത്തുന്ന, ആഴ്ചകളോളം ഫലത്തിനായി കാത്തിരിക്കേണ്ട വോട്ടെടുപ്പ് രീതിയാണ് ഇവിടെ.
പ്രിഫറൻഷ്യൽ വോട്ടിംഗ് രീതിയാണ് ഓസ്ട്രേലിയയിലുള്ളത്. ഇത് എങ്ങനെയാണ് എന്ന് പരിശോധിക്കുകയാണ് ഇവിടെ.
നിങ്ങളുടെ ഇലക്ടറേറ്റ്
വോട്ടു ചെയ്യാൻ പോകുന്നതിന് മുമ്പ് ആദ്യം മനസിലാക്കിയിരിക്കേണ്ടത് നിങ്ങളുടെ പാർലമെന്റ് സീറ്റ്, അഥവാ ഇലക്ടറേറ്റ്, ഏതാണ് എന്നതാണ്.
151 ഫെഡറൽ ഇലക്ടറൽ ഡിവിഷൻസ്, അഥവാ ഇലക്ടറേറ്റുകളാണ് ഓസ്ട്രേലിയയിലുള്ളത്.
നിങ്ങളുടെ ഇലക്ടറേറ്റ് എതാണ് എന്ന് സംശയമുണ്ടെങ്കിൽ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്ന് അത് കണ്ടെത്താം. അതിനായി electorate.aec.gov.au സന്ദർശിക്കുക.
അല്ലെങ്കിൽ 13 23 26 എന്ന നമ്പരിൽ വിളിക്കാം.

Voting Centre Source: AEC
പോളിംഗ് സ്റ്റേഷൻ കണ്ടെത്തുക
സ്കൂളുകളിലും, കമ്മ്യൂണിറ്റി കേന്ദ്രങ്ങളിലും, ആരാധനാലയങ്ങളിലും ഒക്കെയാണ് വോട്ടിംഗ് സജ്ജമാക്കിയിരിക്കുക. നിങ്ങൾ ജീവിക്കുന്ന സംസ്ഥാനത്ത് ഏതു പോളിംഗ് സ്റ്റേഷനിൽ വേണമെങ്കിലും വോട്ടു ചെയ്യാം എന്നാണ് നിയമം. നിങ്ങളുടെ സമീപത്തുള്ള പോളിംഗ് സ്റ്റേഷൻ കണ്ടെത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓൺലൈൻ ടൂൾ തയ്യാറാക്കിയിട്ടുണ്ട്.
നിങ്ങളുടെ താമസസ്ഥലത്തെ പോസ്റ്റ് കോഡ് ഉപയോഗിച്ച് പോളിംഗ് സ്റ്റേഷനും, സ്ഥാനാർത്ഥികളുടെ പേരുമെല്ലാം കണ്ടെത്താൻ കഴിയും.
വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷനിലെത്തി വോട്ടു രേഖപ്പെടുത്തുക എന്നതാണ് ഏറ്റവും എളുപ്പമുള്ള മാർഗ്ഗം. അതിനായി ശനിയാഴ്ചകളിലാണ് ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പ് നടത്തുക.
മുൻകൂർ വോട്ടിംഗും തപാൽ വോട്ടിംഗും
വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷനിലെത്താൻ പ്രയാസമുള്ളവർക്കായി, തെരഞ്ഞെടുപ്പ് കമ്മീഷൻ മറ്റു മാർഗ്ഗങ്ങൾ ഒരുക്കുന്നുണ്ട്.
ഏർലി വോട്ടിംഗ് അഥവാ മുൻകൂർ വോട്ടിംഗും, പോസ്റ്റൽ വോട്ടിംഗ് അഥവാ തപാൽ വോട്ടിംഗുമാണ് പ്രധാന മാർഗ്ഗങ്ങൾ.
വോട്ടെടുപ്പിന് മുമ്പുള്ള ആഴ്ചകളിൽ ഏർലി വോട്ടിംഗ് കേന്ദ്രങ്ങളിലെത്തി വോട്ടു രേഖപ്പെടുത്താൻ കഴിയും. അല്ലെങ്കിൽ തപാൽ വോട്ടിംഗ് ഫോം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കാം.
നിർദ്ദിഷ്ട സാഹചര്യങ്ങളിലുള്ളവർക്കാണ് ഈ മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുക. പക്ഷേ, ഈ വർഷം കൊവിഡ് ആശങ്കകളുടെ പശ്ചാത്തലത്തിൽ കൂടുതൽ പേർക്ക് ഈ അവസരം ലഭിക്കും.
വോട്ടെടുപ്പ് ദിവസം നിങ്ങൾ കൊവിഡ് ബാധിച്ച് ഐസൊലേറ്റ് ചെയ്യുകയാണെങ്കിൽ ടെലിഫോൺ വോട്ടിംഗും ഇത്തവണ കമ്മീഷൻ സജ്ജമാക്കുന്നുണ്ട്.

Remote Polling Source: AEC
വിദൂര വോട്ടിംഗ്
വോട്ടടെടുപ്പ് ദിവസം നിങ്ങൾ സ്വന്തം സംസ്ഥാനത്തില്ലെങ്കിൽ, വോട്ടു ചെയ്യാൻ മറ്റു മാർഗ്ഗങ്ങളുണ്ട്.
തപാൽ വോട്ടിനായി നേരത്തേ അപേക്ഷിക്കുക എന്നതാണ് ഒരു മാർഗ്ഗം.
അല്ലെങ്കിൽ, മറ്റു സംസ്ഥാനങ്ങളിൽ ‘സംസ്ഥാനാന്തര വോട്ടിംഗ് കേന്ദ്രങ്ങൾ’ ഉണ്ടാകും. അവിടെയെത്തി വോട്ട് രേഖപ്പെടുത്താം.
വോട്ടെടുപ്പ് ദിവസം നിങ്ങൾ വിദേശത്താണെങ്കിൽ അക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയോ, അല്ലെങ്കിൽ വിദേശത്തു നിന്ന് തന്നെ വോട്ടു രേഖപ്പെടുത്തുകയോ ചെയ്യാം.
ഓസ്ട്രേലിയൻ ഹൈക്കമ്മിഷനുകളിലും കോൺസുലേറ്റുകളിലും നിന്ന് തപാൽ വോട്ടിംഗ് ഫോം ലഭിക്കുകയും ചെയ്യും.

Ballot paper Source: AEC
വോട്ടു ചെയ്യുന്നത് എങ്ങനെ?
ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങൾ എങ്ങനെ വോട്ട് രേഖപ്പെടുത്തുന്നു എന്നതാണ്.
രണ്ട് ബാലറ്റ് പേപ്പറുകളിലായിരിക്കും നിങ്ങൾ വോട്ട് രേഖപ്പെടുത്തേണ്ടി വരിക. ഒരു പച്ച ബാലറ്റ് പേപ്പറും, ഒരു വെള്ള ബാലറ്റ് പേപ്പറും നിങ്ങൾക്ക് ലഭിക്കും. രണ്ടു സഭകളിലേക്കുള്ള ബാലറ്റുകളാണ് ഇവ.
ഇന്ത്യൻ പാർലമെന്റ് പോലെ രണ്ട് സഭകളാണ് ഓസ്ട്രേലിയൻ പാർലമെന്റിലും ഉള്ളത്.
ഇന്ത്യയിലെ ലോക്സഭയ്ക്ക് സമാനമായ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സും, രാജ്യസഭയ്ക്ക് സമാനമായ സെനറ്റും.
പച്ച ബാലറ്റ്
ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിലേക്കുള്ള ബാലറ്റാണ് പച്ച ബാലറ്റ്.
151 ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് സീറ്റുകളാണ് ഓസ്ട്രേലിയയിലുള്ളത്. ഓരോ സീറ്റിൽ നിന്നും ഓരോ അംഗത്തെ വീതം തെരഞ്ഞെടുക്കുന്നു.
അങ്ങനെ ആകെ 151 അംഗങ്ങളാകും ഈ സഭയിൽ. ഈ സഭയിൽ ഭൂരിപക്ഷം കിട്ടുന്ന പാർട്ടിയാണ് സർക്കാർ രൂപീകരിക്കുന്നത്.
അതായത്, നിങ്ങളുടെ ഇലക്ടറേറ്റിൽ നിന്ന് ഒരു സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്നതിനു വേണ്ടിയാണ് നിങ്ങൾ പച്ച ബാലറ്റിൽ വോട്ടു ചെയ്യുന്നത്.
പക്ഷേ, നിങ്ങൾ വോട്ടു ചെയ്യേണ്ടത് ഒറ്റ സ്ഥാനാർത്ഥിക്ക് മാത്രമല്ല.
പ്രിഫറൻസ് വോട്ടിംഗ് സമ്പ്രദായമായതിനാൽ, ബാലറ്റ് പേപ്പറിലെ എല്ലാ സ്ഥാനാർത്ഥികൾക്കും നിങ്ങൾ വോട്ടു ചെയ്യണം. നിങ്ങളുടെ മുൻഗണനാ ക്രമമാണ് ഓരോ സ്ഥാനാർത്ഥിക്കും നേരേ രേഖപ്പെടുത്തേണ്ടത്.
അതായത്, ജയിക്കണമെന്ന് നിങ്ങൾ ഏറ്റവും ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിക്ക് നേരേ “1” എന്ന് രേഖപ്പെടുത്തുക.
രണ്ടാം മുൻഗണനയുള്ള സ്ഥാനാർത്ഥിക്ക് നേരേ “2” എന്ന് രേഖപ്പെടുത്തുക.
ഇത്തരത്തിൽ എല്ലാ സ്ഥാനാർത്ഥികൾക്കും വോട്ടു ചെയ്താൽ മാത്രമേ നിങ്ങളുടെ വോട്ട് സാധുവായി കണക്കാക്കൂ.
നിങ്ങളുടെ പ്രിഫറൻസ് വോട്ട് നൽകുന്ന സ്ഥാനാർത്ഥി ജയിച്ചില്ലെങ്കിൽ പോലും, നിങ്ങളുടെ വോട്ടിന് പൂർണ മൂല്യമുണ്ടാകും. കാരണം, ഏറ്റവും മുകളിലെത്തുന്ന രണ്ട് സ്ഥാനാർത്ഥികളിൽ ഒരാൾക്കായി നിങ്ങളുടെ വോട്ട് വീതിക്കപ്പെടും.
അത് എങ്ങനെ എന്നറിയണമെങ്കിൽ, വോട്ടെണ്ണൽ എങ്ങനെ എന്ന് മനസിലാക്കണം. അത് ഈ ഓഡിയോ റിപ്പോർട്ടിൽ കേൾക്കാം.

While queuing at your polling centre you might see a fundraising stall selling sausages in bread. This is fondly known as the ‘democracy sausage Source: AAP Image/James Ross
വെള്ള ബാലറ്റ്
സെനറ്റ് തെരഞ്ഞെടുപ്പിനുള്ളതാണ് വെള്ള ബാലറ്റ് പേപ്പർ.
ഇന്ത്യൻ ജനാധിപത്യരീതിയിൽ സംസ്ഥാന നിയമസഭാംഗങ്ങളാണ് രാജ്യസഭയിലേക്കുള്ള അംഗങ്ങലെ തെരഞ്ഞെടുക്കുന്നതെങ്കിൽ, ഓസ്ട്രേലിയയിൽ ജനങ്ങൾ നേരിട്ടാണ് സെനറ്റർമാരെ തെരഞ്ഞെടുക്കുന്നത്.
പക്ഷേ ഏറെ സങ്കീർണ്ണമായ വോട്ടെടുപ്പും വോട്ടെണ്ണലുമാണ് സെനറ്റിലേക്കുള്ളത്.
സെനറ്റിൽ ആകെ 76 അംഗങ്ങളാണ്. ആറു സംസ്ഥാനങ്ങളിലും നിന്ന് 12 അംഗങ്ങൾ വീതവും, രണ്ട് ടെറിട്ടറികളിൽ നിന്ന് രണ്ട് അംഗങ്ങൾ വീതവും.
ഇതിൽ പകുതി പേരെയാകും ഓരോ ഫെഡറൽ തെരഞ്ഞെടുപ്പിലും സാധാരണ തെരഞ്ഞെടുക്കുക.
നിങ്ങളുടെ സംസ്ഥാനത്തോ ടെറിട്ടറിയിലോ നിന്നുള്ള എല്ലാ സെനറ്റർമാരെയും തെരഞ്ഞെടുക്കാനാണ് നിങ്ങളുടെ വോട്ട്.
അത്രയധികം സ്ഥാനാർത്ഥികളുടെ പേരുള്ളതിനാൽ വെള്ള ബാലറ്റ് പേപ്പറിന്റെ വലിപ്പവും വളരെ കൂടുതലായിരിക്കും.
സെനറ്റിലേക്ക് വോട്ടു ചെയ്യാൻ ലളിതമായി രണ്ടു മാർഗ്ഗങ്ങളുണ്ട് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നു.
എബോവ് ദ ലൈൻ (ലൈനിന് മുകളിൽ), അല്ലെങ്കിൽ ബിലോ ദ ലൈൻ (ലൈനിന് താഴെ).
ലൈനിന് മുകളിലുള്ളത് പാർട്ടികളുടെ പേരായിരിക്കും. അവിടെ വോട്ടു ചെയ്യുകയാണെങ്കിൽ കുറഞ്ഞത് ആറു പാർട്ടികൾക്ക് നിങ്ങളുടെ പ്രിഫറൻസ് വോട്ട് (1, 2, 3…6) നൽകണം.
പാർട്ടികൾ തീരുമാനിക്കുന്ന പോലെയാകും ഓരോ സ്ഥാനാർത്ഥിക്കും നിങ്ങളുടെ പ്രിഫറൻസ് പോകുക.
ഈ പാർട്ടികളിലുള്ള സ്ഥാനാർത്ഥികളുടെ പേരായിരിക്കും വരയ്ക്കു താഴെയുണ്ടാകുക.
ഏതെങ്കിലും സ്ഥാനാർത്ഥികൾക്ക് നിങ്ങളുടെ മുൻഗണന നൽകണമെങ്കിൽ വരയ്ക്കു താഴെ വോട്ടു ചെയ്യണം. അപ്പോൾ കുറഞ്ഞത് 12 സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യേണ്ടിവരും (1, 2, 3…. 12).
വരയ്ക്ക് മുകളിലാണെങ്കിൽ കുറഞ്ഞത് ആറു കോളങ്ങളിലും, വരയ്ക്കു താഴെയാണെങ്കിൽ 12 കോളങ്ങളിലും വോട്ടു ചെയ്തില്ലെങ്കിൽ നിങ്ങളുടെ വോട്ട് അസാധുവാകും.
മാത്രമല്ല, ഈ മുൻഗണനാ ക്രമമല്ലാതെ മറ്റേതെങ്കിലും തരത്തിൽ വോട്ടു ചെയ്താലും വോട്ട് അസാധുവാകും.
വോട്ടെണ്ണൽ
ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിൽ 50 ശതമാനത്തിനു മുകളിൽ വോട്ടു കിട്ടുന്ന സ്ഥാനാർത്ഥിയാണ് ജയിക്കുക.
അതായത്, ഇന്ത്യയിലൊക്കെ ഉള്ളതു പോലെ കേവല ഭൂരിപക്ഷം കിട്ടുന്ന സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കില്ല.
ആദ്യ റൗണ്ടിൽ ആർക്കും 50 ശതമാനം വോട്ട് കിട്ടിയില്ലെങ്കിൽ, ഏറ്റവും പിന്നിലുള്ള സ്ഥാനാർത്ഥിയെ ഒഴിവാക്കുകയും, അവരുടെ രണ്ടാം പ്രിഫറൻസ് വോട്ടുകൾ വീതിച്ചു നൽകുകയും ചെയ്യും.
സെനറ്റിലാകട്ടെ, ഒരു ക്വാട്ട നിശ്ചയിച്ചാണ് വിജയിയെ നിശ്ചയിക്കുന്നത്. അവിടെയും, കുറഞ്ഞ വോട്ടു കിട്ടുന്ന സ്ഥാനാർത്ഥിയെ ഒഴിവാക്കിയ ശേഷം രണ്ടാം പ്രിഫറൻസ് വോട്ടുകൾ വീതിച്ചു നൽകും.
ഗണിത സമവാക്യങ്ങളുടെ അടിസ്ഥാനത്തിലാകും ഈ ക്വാട്ടയും, പ്രിഫറൻസ് വീതം വയ്പ്പുമെല്ലാം നടക്കുന്നത്.
അതുകൊണ്ടുതന്നെ, ആഴ്ചകൾ എടുത്തു മാത്രമാകും സെനറ്റിലെ വോട്ടെണ്ണി തീർക്കുക.
വോട്ട് ചെയ്തില്ലെങ്കിൽ?
വോട്ടർപട്ടികയിൽ പേരുണ്ടായിട്ടും, വ്യക്തമായ കാരണമില്ലാതെ വോട്ടു ചെയ്യാതിരിക്കുന്നവർക്ക് 20 ഡോളർ പിഴയാണ് നൽകുന്നത്.
അത് അടച്ചില്ലെങ്കിൽ കേസ് കോടതിയിലെത്തുകയും 170 ഡോളർ പിഴയും, കോടതിച്ചെലവും അടയ്ക്കേണ്ടി വരികയും ചെയ്യാം.
പക്ഷേ അതിനെക്കാളുപരി, ഓസ്ട്രേലിയയുടെ ഭാവി നിർണ്ണയിക്കുന്നതിൽ നിങ്ങളുടെ അഭിപ്രായം ഇല്ലാതെ പോകും.