വിക്ടോറിയയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത 420 ഓളം അധ്യാപകർക്കെതിരെ നടപടി സ്വീകരിച്ചു.
മാർച്ച് 25ന് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കണം എന്ന നിബന്ധന പാലിക്കാത്ത ഭൂരിഭാഗം പേരോടും ശമ്പളമില്ലാതെ അവധിയിൽ പോകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
നടപടിയിൽ ഖേദമില്ലെന്ന് വിക്ടോറിയൻ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് പറഞ്ഞു.
വാക്‌സിനേഷൻ ജീവൻ രക്ഷിക്കുമെന്നും, ഇത് സ്വീകരിക്കാനുള്ള സർക്കാർ നിർദ്ദേശം പാലിക്കാത്ത അധ്യാപകർക്കെതിരെയുള്ള നടപടി ഉചിതമാണെന്നും പ്രീമിയർ ന്യായീകരിച്ചു.
മൂന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചതിന്റെ തെളിവ് അധ്യാപകർ നൽകണെമന്നാണ് വിക്ടോറിയൻ ആരോഗ്യ മന്ത്രിയുടെ ഉത്തരവ്. ഇല്ലെങ്കിൽ ആരോഗ്യ സംബന്ധമായ ഇളവ് ബാധകമായിരിക്കണം.
ഈ നിർദ്ദേശം മാർച്ച് 25നകം പാലിക്കാൻ കഴിയാത്ത അധ്യാപകരെ നിർബന്ധിത അവധിയെടുക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്. ഇവർക്ക് ജോലി ചെയ്യാൻ അനുവാദമുണ്ടാകില്ല.
ഭൂരിഭാഗം സ്കൂൾ ജീവനക്കാരും നിർദ്ദേശം പാലിച്ചതായി വിക്ടോറിയൻ വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടി.
ഏപ്രിൽ 26 ലെ കണക്കുകൾ പ്രകാരം 99.2 ശതമാനം സ്കൂൾ അധ്യാപകരും മൂന്നാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് വക്താവ് അറിയിച്ചു.
അധ്യാപകർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കണം എന്ന നിബന്ധനയുള്ള പ്രദേശങ്ങൾ വിക്ടോറിയയും നോർത്തേൺ ടെറിട്ടറിയും മാത്രമാണ്.
മൂന്നാമത്ത ഡോസ് വാക്‌സിൻ സ്വീകരിക്കാത്തവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കാൻ മുന്നോട്ട് വരണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. കുടുംബങ്ങളെയും സ്കൂൾ സമൂഹത്തെയും സുരക്ഷിതമാക്കാൻ ഇത് സഹായിക്കുമെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ട് വർഷക്കാലം കൊവിഡ് പ്രതിസന്ധിക്കിടയിൽ സ്കൂൾ ജീവനക്കാർ നടത്തിയ ത്യാഗങ്ങൾക്ക് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് നന്ദി അറിയിച്ചു.