ഇല്ലാത്ത പ്രോസ്റ്റേറ്റ് ക്യാൻസറിന് ശസ്ത്രക്രിയ നടത്തിയെന്നാരോപിച്ച് യു കെയിൽ മലയാളിയായ ഡോക്ടർക്കെതിരെ 57 രോഗികൾ നിയമനടപടികൾ തുടങ്ങി. എംബാരസിംഗ് ബോഡീസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയനായ ഡോക്ടർ മനു നായർക്കെതിരെയാണ് രോഗികൾ പരാതിയുമായി രംഗത്തെത്തിയത്.
ശസ്ത്രക്രിയയെ തുടർന്ന് ലൈംഗിക ശേഷി നഷ്ടപ്പെട്ടു എന്ന ആരോപണവും പല രോഗികളും ഉയർത്തിയിട്ടുണ്ട്. ബ്രിട്ടനിലെ എല്ലാ പ്രമുഖ മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തുകഴിഞ്ഞു.
ആരോഗ്യമേഖലാ അധികൃതർ അംഗീകരിച്ചിട്ടില്ലാത്ത ലേസർ ചികിത്സയും ഇദ്ദേഹം നടത്തിയെന്നാണ് ആരോപണം.
ശസ്ത്രക്രിയ കഴിഞ്ഞ ശേഷമാണ് തങ്ങൾക്ക് രോഗമില്ലായിരുന്നു എന്ന കാര്യം പല രോഗികൾക്കും മനസിലായത്. പിന്നീടുള്ള പരിശോധനകൾ ഇത് വ്യക്തമാക്കുകയും ചെയ്തു. രോഗമില്ലാതിരുന്നിട്ടും തൻറെ വൃക്ക നീക്കം ചെയ്തു എന്നും ഒരു രോഗി പരാതി നൽകിയിട്ടുണ്ട്.
സംഭവത്തെത്തുടർന്ന് ഡോ മനു നായരെ അദ്ദേഹം ജോലിചെയ്തിരുന്ന ഹാർട്ട് ലാൻറ്സ് ആശുപത്രിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
യു കെ യിലെ ജനറൽ മെഡിക്കൽ കൗൺസിൽ സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികായാണെന്നാണ് റിപ്പോർട്ടുകൾ.
ഇത്തരത്തിൽ തെറ്റായ ചികിത്സയ്ക്ക് വിധേയരായി എന്നു സംശയിക്കുന്ന കൂടുതൽ രോഗികളുണ്ടെങ്കിൽ അവർ മുൻപോട്ടു വരണമെന്ന് കേസ് നടത്തുന്ന അഭിഭാഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രിട്ടീഷ് ടെലിവിഷൻ ചാനലായ ചാനൽ 4 ൽ പ്രക്ഷേപണം ചെയ്യുന്ന 'എമ്പാരസിങ് ബോഡീസ്' എന്ന പരിപാടിയിൽ ആരോഗ്യവിദഗ്ധനായാണ് ഡോക്ടർ മനു നായർ പങ്കെടുക്കുന്നത്.
ഈ ആരോപണങ്ങളെക്കുറിച്ച് ഡോക്ടർ മനു നായർ ബ്രിട്ടീഷ് മാധ്യങ്ങളോടും ഇതുവരെ പ്രതികരിച്ചിട്ടില്ല.