ഈ വര്ഷം ഫെബ്രുവരി 20ന് വിമാനമാർഗം എത്തിയ ചരക്ക് പരിശോധിച്ചപ്പോഴാണ് സ്യൂഡോഫീട്രൈൻ എന്ന നിരോധിത വസ്തു കണ്ടെത്തിയത്.
ഐസ് എന്ന മയക്ക് മരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുവാണ് സ്യൂഡോഫീട്രൈൻ എന്ന് ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് (ABF) അറിയിച്ചു.
വിവാഹക്ഷണക്കത്തുകളും വസ്ത്രങ്ങളുമായിരുന്നു ചരക്കിൽ ഉണ്ടായിരുന്നത്. ഇതിൽ വിവാഹ ക്ഷണക്കത്തുകളുടെ ഉള്ളിലായി ചെറിയ പ്‌ളാസ്റ്റിക് ബാഗുകളിലാണ് വെളുത്ത നിറത്തിലുള്ള അഞ്ച് കിലോ സ്യൂഡോഫീട്രൈൻ കണ്ടെത്തിയത്.
ഇന്ത്യയിൽ നിന്നാണ് ഈ ചരക്ക് ഇറക്കുമതി ചെയ്തതെന്ന് ABF സ്ഥിരീകരിച്ചു.
സംഭവത്തെത്തുടർന്ന് Arncliffe, Bexley, Revesby എന്നീ പ്രദേശങ്ങളിലുള്ള മൂന്ന് വീടുകളിലായി പോലീസും ABF അധികൃതരും ചേർന്ന് നടത്തിയ റെയ്ഡിൽ 20കാരനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.
മൊബൈൽ ഫോണുകളും മറ്റു ഉപകരണങ്ങളും ഇവിടെ നിന്ന് അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്.
ഇയാൾക്കെതിരെ മൂന്ന് വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
25 വര്ഷം ജയിൽ ശിക്ഷയോ 1,050,000 ഡോളർ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.
സതർലാന്റ് കോടതിയിൽ ചൊവ്വാഴ്ച ഹാജരാക്കിയ ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചു. കേസിന്റെ തുടർനടപടികൾ സെപ്റ്റംബറിൽ നടക്കും.