അഡ്ലൈഡിൽ നഴ്സായ മനു ജോർജ്ജിനും കുടുംബത്തിനുമാണ് മകളുടെ രോഗം മൂലം പെർമനന്റ് റെസിഡൻസിക്കുള്ള അപേക്ഷ നിരസിക്കുന്നതായി കഴിഞ്ഞ ദിവസം കുടിയേറ്റകാര്യവകുപ്പിൽ നിന്ന് അറിയിപ്പ് ലഭിച്ചിരുന്നത്. മൂന്നു വസയുകാരി മകൾ മേരി ജോർജ്ജിനുള്ള അപൂർവമായ നാഡീ രോഗമാണ് ഇതിന് കാരണമായി സർക്കാർ ചൂണ്ടിക്കാണിച്ചിരുന്നത്.
ശരീരത്തിലെ പേശികൾ തളർന്നുപോകുന്ന അപൂർവ നാഡീരോഗമുള്ള മേരി ജോർജ്ജിനെ ഓസ്ട്രേലിയയിൽ തുടരാൻ അനുദിക്കുന്നത് രാജ്യത്തിൻറെ പൊതുതാൽപര്യത്തിന് നിരക്കുന്നതാകില്ല എന്നായിരുന്നു സർക്കാരിൻറെ വാദം.
ആറുവർഷം മുന്പ് സ്റ്റുഡൻറ് വിസയിൽ ഓസ്ട്രേലിയയിലെത്തിയ മനു ജോർജ്ജിനും ഭാര്യ സീനുവിനും മേരി ജോർജിനെ കൂടാതെ 11 മാസം പ്രായമായ ഒരു മകൻ കൂടിയുണ്ട്.
വിസ അപേക്ഷ നിരസിച്ച് ഇവരെ തിരിച്ചയക്കാനുള്ള സർക്കാർ തീരുമാനം രാജ്യത്തെ പ്രമുഖ മാധ്യമങ്ങളിലെല്ലാം ഇന്നലെ വാർത്തയായിരുന്നു. ഇതേത്തുടർന്ന് മലയാളി സമൂഹത്തിൽ നിന്നും ഓസ്ട്രേലയിൻ പൊതു സമൂഹത്തിൽ നിന്നും ശക്തമായ പിന്തുണയാണ് ഈ കുടുംബത്തിനു വേണ്ടി ഉയർന്നത്.
പൊതുജനങ്ങൾ ഒപ്പിട്ട ഓൺലൈൻ പരാതികളും സർക്കാരിന് ലഭിച്ചു.
ഇതിനു പിന്നാലെയാണ്, മുൻ തീരുമാനം പിൻവലിച്ചുകൊണ്ടുള്ള അറിയിപ്പ് കുടിയറ്റകാര്യവകുപ്പിൽ നിന്ന് മനു ജോർജിന് ലഭിച്ചത്. അസിസ്റ്റൻറ് കുടിയേറ്റകാര്യ മന്ത്രി അലക്സ് ഹോക്കാണ് വിസ അനുദിച്ച തീരുമാനം അറിയിച്ചതെന്ന് മനു ജോർജ്ജ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.