ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് കളിക്കാൻ മെൽബണിലെത്തിയ ജോക്കോവിച്ച് കോടതി ഉത്തരവിൻറെ സഹായത്തോടെയാണ് രാജ്യത്ത് തുടരുന്നത്. കൊവിഡ് വാക്സിൻ എടുക്കാത്തിനെ തുടർന്ന് ബോർഡർ ഫോഴ്സ് റദ്ദാക്കിയ വിസ കോടതി പുന:സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫെഡറൽ കുടിയേറ്റ കാര്യ മന്ത്രി അലക്സ് ഹോക്ക് തൻറെ പ്രത്യേക മന്ത്രിതല അധികാരം ഉപയോഗിച്ച് താരത്തിൻറെ വിസ രണ്ടാം തവണയും റദ്ദാക്കിയത്.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയയിൽ തുടരുന്ന താരത്തെ ഫെഡറൽ സർക്കാർ തീരുമാനം വീണ്ടും പ്രതിസന്ധയിലാക്കി.
പൊതുതാൽപ്പര്യം മുൻനിർത്തിയാണ് ഇത്തവണ വിസ റദ്ദാക്കിയതെന്ന് മന്ത്രി അലക്സ് ഹോക്ക് പറഞ്ഞു. ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ്, ആഭ്യന്തര വകുപ്പ്, ജോക്കോവിച്ച് എന്നിവർ നൽകിയ വിവരങ്ങൾ ശ്രദ്ധാപൂർവം പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും കുടിയേറ്റ വകുപ്പ് മന്ത്രി വ്യക്തമാക്കി.
കൊവിഡ് മഹാമാരിക്കാലത്ത് ഓസ്‌ട്രേലിയയുടെ അതിർത്തികൾ സംരക്ഷിക്കാൻ മോറിസൺ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാക്‌സിൻ സ്വീകരിക്കാത്തവർക്ക് നൽകുന്ന പ്രത്യേക മെഡിക്കൽ ഇളവിൻറ അടിസ്ഥാനത്തിലാണ് ജോക്കോവിച്ച് മെൽബണിലെത്തിയത്. ഇളവ് നൽകിയത് വിവാദമായതോടെ ഒരു രാത്രി മുഴുവൻ മെൽബൺ വിമാനത്താവളത്തിൽ ജോക്കോവിച്ച് തടഞ്ഞുവെക്കപ്പെട്ടു.
പിന്നീട് വിസ ഫെഡറൽ സർക്കാർ റദ്ദാക്കുകയായിരുന്നു. തുടർന്ന് കോടതിയെ സമീപിച്ച ജോക്കോവിച്ച്, അനുകൂല ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് ഓസ്ട്രേലിയയിൽ തുടരുന്നത്.
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ലോക ഒന്നാം നമ്പർ താരത്തിൻറെ ഇനിയുള്ള നീക്കങ്ങൾ നിർണ്ണായകമാണ്.