സ്വവർഗ്ഗരതിയുമായി ബന്ധപ്പെട്ടു ഇതുവരെ നിലനിന്നിരുന്ന എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ ചരിത്ര വിധി. ഇതോടെ ഒരു സാധാരണ പൗരന് ലഭിക്കുന്ന എല്ലാ അവകാശവും LGBTI സമൂഹത്തിന് ലഭിക്കുമെന്നും കോടതി വിധിപ്രസ്താവത്തിൽ അറിയിച്ചു.
ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ എഫ് നരിമാൻ, എ എം കൻവിൽകർ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. അഞ്ചംഗ ഭരണഘടനാബെഞ്ച് ഏകകണ്ഠേയമായാണ് വിധിച്ചത്.
1861 ൽ ബ്രിട്ടീഷ് ഭരണകാലം മുതൽ നിലനിന്നിരുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ആം വകുപ്പ് ആണ് ഭാഗികമായി ഭരണഘടനാവിരുദ്ധമാണെന്ന് കോടതി വിധിച്ചത്.
ഓരോ വ്യക്തികൾക്കും അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടുണ്ടെന്നും അതിനനുസരിച്ച് ജീവിക്കാൻ കഴിയാത്തത് മരണതുല്യമാണെന്നും ചീഫ് ജസ്റ്റിസ് ദിപക് മിശ്ര പറഞ്ഞു.
അതേസമയം പരസ്പര സമ്മതത്തോടെയല്ലാത്ത ലൈംഗിക ബന്ധം കുറ്റകരമായി തുടരുമെന്നും കോടതി അറിയിച്ചു.