വിദേശത്ത് നിന്നും ഇന്ത്യ സന്ദർശിക്കുന്ന പ്രവാസികൾ കൈവശമുള്ള സർക്കാർ അസാധുവാക്കിയ നോട്ടുകൾ ഇനി മുതൽ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ കാണിക്കേണ്ടതാണ്. ഇതിനു ശേഷം കസ്റ്റംസിൽ നിന്നും തുകയുടെ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം സ്റ്റാമ്പ് ചെയ്ത് വാങ്ങേണ്ടതാണെന്നും ഇന്ത്യൻ സർക്കാർ അറിയിച്ചു.
നോട്ടുകൾ നിക്ഷേപിക്കാനായി ആർ ബി ഐ ശാഖകളിൽ എത്തുന്നവർ മറ്റു രേഖകളോടൊപ്പം സ്റ്റാമ്പ് ചെയ്ത സത്യവാങ്മൂലവും സമർപ്പിക്കണമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്ക് റദ്ദാക്കിയ നോട്ടുകൾ നിക്ഷേപിക്കാനുള്ള സമയപരിധി നീട്ടിയതിന് തൊട്ട് പിന്നാലെയാണ് സർക്കാരിൻറെ ഈ പുതിയ നിർദ്ദേശം.
ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മന്റ് ആക്ട് പ്രകാരം ഒരു പ്രവാസിക്ക് ഇന്ത്യയിലേക്ക് കറൻസിയായി 25,000 രൂപ വരെ മാത്രമേ കയ്യിൽ കരുതുവാൻ അനുവാദമുള്ളൂ.
എന്നാൽ, നോട്ടുകൾ മാറിയെടുക്കാനായി ആർ ബി ഐ ശാഖകളിൽ എത്തുന്നവർ നൽകിയ വിവരങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞാൽ 50,000 രൂപയോ മാറ്റിയെടുത്ത യഥാർത്ഥ തുകയുടെ അഞ്ചിരട്ടിയോ പിഴയായി അടക്കേണ്ടി വരും.
ഇന്ത്യൻ സർക്കാർ അസാധുവാക്കിയ 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകൾ കൈവശമുള്ള പ്രവാസികൾക്ക് ഇവ തിരിച്ച് നൽകാനുള്ള സമയപരിധി ഡിസംബർ 31 നാണ് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ നീട്ടിയതായി അറിയിച്ചത്. 2017 ജൂൺ 30 ആണ് ഇതിനായുള്ള അവസാനതീയതി.
നോട്ടു പിൻവലിക്കൽ പ്രഖ്യാപനം നടത്തിയ സമയത്ത് വിദേശത്തായിരുന്ന പ്രവാസികൾക്ക് നോട്ടുകൾ മാറാനുള്ള സൗകര്യം കണക്കിലെടുത്താണ് സമയപരിധി നീട്ടിയിരിക്കുന്നതെന്ന് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
Share

