ഇന്ത്യയിൽ 10.3 മില്യണിലേറെ പേർക്കാണ് ഇതുവരെ കൊറോണബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ കൂടുന്നതിനിടെയാണ് വാക്‌സിൻ നൽകാൻ അനുമതി ലഭിച്ചത്.
ആസ്ട്ര സെനക്കയും ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച കൊവിഷീൽഡ് വാക്‌സിനാണ് അംഗീകാരം ലഭിച്ച ഒരു വാക്‌സിൻ. ഭാരത് ബയോട്ടിക്കിന്റെയും സിറം ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യയുടേയും കൊവാക്സിൻ ആണ് അംഗീകാരം ലഭിച്ചിരിക്കുന്നത് മറ്റൊരു വാക്‌സിൻ.
ആസ്ട്ര സെനക്കയും ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച കൊവിഷീൽഡ് പൂനയിലെ സിറം ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ (SII) യാണ് നിർമ്മിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കും, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചും, നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് വൈറോളജിയും ചേർന്ന് വികസിപ്പിച്ചതാണ് കൊവാക്സിൻ. ഭാരത് ബയോടെക്കിന്റെ BSL-3 (Bio-Safety Level 3) സംവിധാനത്തിലാണ് ഇത് നിർമ്മിച്ചത്.
ഒരാഴ്ചക്കുള്ളിൽ വൻ തോതിൽ വാക്‌സിനേഷൻ പ്രോഗ്രാം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
ഈ വാക്‌സിനുകൾ അടിയന്തര ഘട്ടത്തിൽ ഉപാധികളോടെ വിതരണം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്.
ആറ് മാസം മുതൽ എട്ട് മാസം വരെ 300 മില്യൺ പേരിൽ സൗജന്യമായി വാക്‌സിൻ വിതരണം ചെയ്യാനാണ് പദ്ധതി. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
ആസ്ട്ര സെനക്കയുമായി ഇന്ത്യ ഔദ്യോഗികമായി ധാരണയിലെത്തിയിട്ടില്ല. എന്നാൽ സിറം ഇൻസ്റ്റിട്യൂട്ടുമായി ദിവസങ്ങൾക്കുള്ളിൽ ധാരണയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. 50 മില്യൺ ഡോസുകളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് സംഭരിച്ചുവച്ചിരിക്കുന്നത്.
വാക്‌സിനുകൾ അംഗീകരിച്ച നടപടി പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വാഗതം ചെയ്തു. അംഗീകാരം നൽകിയ വാക്‌സിനുകൾ ഇന്ത്യയിൽ തന്നെ നിർമ്മിച്ചതാണെന്നത് അഭിമാനം നൽകുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അടുത്ത രണ്ട് മാസത്തിൽ സർക്കാർ 100 മില്യൺ ഡോസുകൾ വാങ്ങുമെന്ന പ്രതീക്ഷയിലാണ് സെറം ഇൻസ്റ്റിട്യൂട്ടെന്നും, അതുവരെ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് അദാര്‍ പൂനവാല പറഞ്ഞു.
ഓഗസ്‌റ്റോടെ 300 മില്യൺ ഡോസുകൾ വിതരണം ചെയ്യാൻ കഴിയുമെന്നാണ് സിറം ഇൻസ്റ്റിറ്റിട്യൂട്ടിന്റെ പ്രതീക്ഷ. മാത്രമല്ല, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നും, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും വാക്‌സിൻ വേണമെന്ന താത്പര്യം അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് സെപ്റ്റംബർ മധ്യത്തോടെ രോഗബാധ രൂക്ഷമായിരുന്നു. ഒന്നര ലക്ഷം പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞിരിക്കുന്നത്.