"സ്വന്തം നാട്ടിലെ പുലിക്കുട്ടികള്‍; വിദേശമണ്ണില്‍ എലിക്കുഞ്ഞുങ്ങള്‍!"
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏറെക്കാലം അറിയപ്പെട്ടിരുന്നത് അങ്ങനെയാണ്.
വിദേശപിച്ചുകളില്‍, പ്രത്യേകിച്ചും വേഗമേറിയ പിച്ചുകളില്‍ പരാജയപ്പെടുന്ന ബാറ്റ്‌സ്മാന്‍മാരും, ഒന്നും ചെയ്യാന്‍ കഴിയാതെ പോകുന്ന ബൗളിംഗ് നിരയും. അതായിരുന്നു ഇന്ത്യയുടെ സ്വത്ത്.
ഇംഗ്ലണ്ടിലും വെസ്റ്റിന്റീസിലുമൊക്കെ പല തവണ പരമ്പര നേടിയപ്പോഴും ഡൗണ്‍ അണ്ടര്‍ ഇന്ത്യയക്ക് മുന്നില്‍ വന്‍മലയായി ഉയര്‍ന്നു നിന്നു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഏറ്റവുമധികം തകര്‍ന്നടിഞ്ഞിട്ടുള്ള പിച്ചുകളും ഓസ്‌ട്രേലിയയിലായിരുന്നു. ഇന്ത്യയുടെ പ്രധാന പേരുദോഷത്തിന്റെ മണ്ണ്.
ആ കറകളെല്ലാം കഴുകിക്കളഞ്ഞാണ് വിരാട് കോലിയും കുട്ടികളും സിഡ്‌നിയില്‍ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി എടുത്തുയര്‍ത്തിയത്. നാലു മത്സരങ്ങളുള്ള പരമ്പരയില്‍ 2-1ന്റെ ജയവുമായി.
അവസാന ടെസ്റ്റിലും ജയമുറപ്പിച്ചെങ്കിലും മഴ വില്ലനായതോടെ മത്സരം സമനിലയിലവസാനിച്ചു. പക്ഷേ ഇന്ത്യയ്ക്കും ചരിത്രത്തിനും ഇടയില്‍ ഇടങ്കോലിടാന്‍ സിഡ്‌നിയിലെ വേനല്‍മഴയ്ക്കും കഴിഞ്ഞില്ല.

Indian captain Virat Kohli kisses the Border-Gavaskar Trophy as they celebrate a 2-1 series victory over Australia Source: AAP
ഇത് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നേട്ടം
ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യത്തോളം തന്നെ പഴക്കമുണ്ട്. 1947ലായിരുന്നു ഇന്ത്യന്‍ ടീം ആദ്യമായി ഓസ്‌ട്രേലിയയിലെത്തുന്നത്.
ബ്രിട്ടീഷ് ഇന്ത്യന്‍ ടീം അതുവരെ ഇംഗ്ലണ്ടുമായി മാത്രമാണ് നാലു പരമ്പരകള്‍ കളിച്ചിരുന്നത്. സ്വാതന്ത്യം ലഭിച്ച ശേഷം നവംബറില്‍ ഇന്ത്യ ആദ്യമായി ഓസ്‌ട്രേലിയയിലെത്തി.
സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനായിരുന്ന അന്ന് ഓസീസ് ക്യാപ്റ്റന്‍. ഇന്ത്യന്‍ നായകന്‍ ലാലാ അമര്‍നാഥും.
ബ്രിസ്‌ബൈനില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ബ്രാഡ്മാന്റെ 185റണ്‍സിന്റെ പിന്‍ബലത്തില്‍ കംഗാരുക്കള്‍ 382 റണ്‍സ് നേടിയപ്പോള്‍, ഇന്ത്യ വെറും 58ന് ഒന്നാമിന്നിംഗ്‌സില്‍ ഓളൗട്ടായി. രണ്ടാമിന്നിംഗ്‌സില്‍ 98നും അവസാനിച്ചതോടെ ഒരിന്നിംഗ്‌സിനും 226 റണ്‍സിനുമുള്ള തോല്‍വി.

Sid Barnes, traps Lala Amarnath LBW in the first official Test between Australia and India at the MCG. India vs Australia test match at MCG in 1948 Source: Wikimedia Commons
അഞ്ചു മത്സരങ്ങളുടെ പരമ്പര 4-0നാണ് ഓസ്‌ട്രേലിയ നേടിയത്. സിഡ്‌നിയിലെ രണ്ടാം ടെസ്റ്റ് സമനില ആക്കിയത് മാത്രമായിരുന്നു ഇന്ത്യയുടെ ആശ്വാസം.
പിന്നീടിങ്ങോട്ട് പതിനൊന്ന് തവണ കൂടി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലെത്തി. പക്ഷേ ഇതിനു മുമ്പൊരിക്കലും പരമ്പര ജയിക്കാന്‍ മാത്രം കഴിഞ്ഞില്ല.
1980-81 ല്‍ കപില്‍ദേവിന്റെ മാസ്മരിക ബൗളിംഗിന്റെയും, സെഞ്ചുറി നേടിയ ഗുണ്ടപ്പ വിശ്വനാഥിന്റെയും ബലത്തിലാണ് ഇന്ത്യ ആദ്യമായി ഓസ്‌ട്രേലിയയില്‍ ഒരു മത്സരത്തിലെങ്കിലും ജയം നേടിയത്.
ഇന്ത്യന്‍ മണ്ണില്‍ പല തവണ ഓസ്‌ട്രേലിയയെ ഞെട്ടിക്കാന്‍ നീലപ്പടയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വെരി വെരി സ്‌പെഷ്യല്‍ ലക്ഷ്മണിന്റെ കംഗാരു ദഹനം കണ്ട 2000-01ലെ പരമ്പര ഉള്‍പ്പെടെ.
പക്ഷേ അപ്പോഴെല്ലാം ഡൗണ്‍ അണ്ടറില്‍ ഒരു പരമ്പര വിജയം സമ്മാനിക്കാന്‍ സുനില്‍ ഗാവസ്‌കറും, കപില്‍ദേവും, സച്ചിന്‍ ടെണ്ടുല്‍ക്കറും ഉള്‍പ്പെടെയുള്ള മഹാരഥന്‍മാര്‍ക്ക് കഴിഞ്ഞില്ല.
അതാണിപ്പോള്‍ വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും ജസ്പ്രീത് ബുംറയുമെല്ലാം ചേര്‍ന്ന് സ്വന്തമാക്കിയിരിക്കുന്നത്.
നാണക്കേടില്‍ കംഗാരുപ്പട
31 വര്‍ഷത്തിനു ശേഷം സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയയെ ഫോളോ ഓണിനയച്ച് ഇരട്ടി നാണക്കേടും ഇന്ത്യന്‍ ടീം നല്‍കി. സിഡ്‌നി ടെസ്റ്റില്‍ ഇന്നിംഗ്‌സ് പരാജയം എന്ന കനത്ത നാണക്കേടില്‍ നിന്നാണ് മഴമേഘങ്ങള്‍ ടിം പൈയ്‌നെയും കുട്ടികളെയും രക്ഷിച്ചത്.
സ്‌കോര്‍: ഇന്ത്യ 7/622 dec (പൂജാര 193, പന്ത് 159). ഓസ്‌ട്രേലിയ 300 (കുല്‍ദീപ് യാദവ് 5-99), 0/6
പന്തില്‍ കൃത്രിമത്വം നടത്തിയെന്ന വിവാദത്തില്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാണറും പുറത്തായ ശേഷം മുഖം രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ഓസീസ് ടീം.
എന്നാല്‍ ഈ പരമ്പര പരാജയത്തോടെ കൂടുതല്‍ നാണക്കേടിലേക്കാണ് ടീം എത്തിയിരിക്കുന്നത്. ടീം സെലക്ഷനെക്കുറിച്ചും താരങ്ങളുടെ പ്രകടനത്തെക്കുറിച്ചുമൊക്കെ ഏറെ പരാതികള്‍ ഇപ്പോള്‍ തന്നെ ഉയരുകയും ചെയ്തിട്ടുണ്ട്.
ബാറ്റിംഗിലും ബൗളിംഗിലും എല്ലാം ഇന്ത്യന്‍ താരങ്ങള്‍ ഏറെദൂരം മുന്നിലായിരുന്നു.
521 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും, 350 റണ്‍സുമായി റിഷഭ് പന്തും പരമ്പരയില്‍ മുന്നിലെത്തിയപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ വിരാട് കോലി 282 റണ്‍സുമായി പരമ്പരയിലെ മൊത്തം റണ്‍ നേട്ടത്തില്‍ മൂന്നാമതാണ്. ഇന്ത്യന്‍ ബാറ്റിംഗ് ശക്തിയുടെ യഥാര്‍ത്ഥ തെളിവുമായി മാറി ഇത്.
258 റണ്‍സെടുത്ത മാര്‍ക്കസ് ഹാരിസാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍.

India's Cheteshwar Pujara waves his bat as walks off after he was caught out for 193 runs against Australia (AP Photo/Rick Rycroft) Source: AP
പൂജാരയുടെ മൂന്ന് സെഞ്ച്വറികളുള്‍പ്പെടെ ഇന്ത്യന്‍ താരങ്ങള്‍ അഞ്ചു തവണ മൂന്നക്കം തികച്ചപ്പോള്‍ ഒരു ഓസീസ് താരത്തിനു പോലും അതു കഴിഞ്ഞിട്ടില്ല.
21 വിക്കറ്റുകളുമായി ജസ്പ്രീത് ബുംറയും നേഥന്‍ ലയണും ഒന്നാമതുണ്ട്. എന്നാല്‍ അവശ്യസമയത്ത് വിക്കറ്റ് കൊയ്ത് ഇന്ത്യന്‍ ബൗളര്‍മാര്‍ വിജയശില്‍പികളായി.