വിദേശത്തു നിന്നെത്തുന്നവർ വഴി ഇന്ത്യയിലേക്ക് കൂടുതൽ കൊറോണവൈറസ് ബാധിതർ എത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ വിമാനയാത്രാവിലക്ക് പ്രഖ്യാപിച്ചത്.
ഏപ്രിൽ 14 വരെ ഈ വിലക്ക് തുടരുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.
വിദേശത്തു നിന്നുള്ള ഒരു വാണിജ്യ-യാത്രാ വിമാനങ്ങൾക്കും ഈ കാലയളവിൽ ഇന്ത്യയിലേക്ക് എത്താൻ കഴിയില്ല.
നേരത്തേ മാർച്ച് 22 അർദ്ധരാത്രി മുതൽ മാർച്ച് 29 വരെയായിരുന്നു യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നത്. ഇത് ഏപ്രിൽ 14 വൈകിട്ട് ആറര വരെ തുടരുമെന്നാണ് പുതിയ ഉത്തരവ്.
ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ഇന്ത്യ പൂർണ്ണ ലോക്ക്ഡൗണിലാണ്. 21 ദിവസമാണ് ഈ ലോക്ക്ഡൗൺ തുടരുന്നത്.

Source: DGCA
ഈ കാലയളവിൽ ആഭ്യന്തര യാത്രകൾക്കും വിലക്ക് നിലവിലുണ്ട്.
വിമാനയാത്രാവിലക്ക് ദീർഘിപ്പിച്ച സാഹചര്യത്തിൽ ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരൻമാർക്ക് രാജ്യത്തേക്ക് ഇപ്പോൾ മടങ്ങിയെത്താൻ കഴിയില്ല. വിദേശപൗരൻമാരുടെയും OCI കാർഡുള്ളവരുടെയും യാത്ര നേരത്തേ തന്നെ സർക്കാർ മരവിപ്പിച്ചിരുന്നു.
അതേസമയം, ഈ വിമാനയാത്രാവിലക്ക് കാർഗോ വിമാനങ്ങൾക്ക് ബാധകമാകില്ല.