ഇന്ത്യയിൽ ഒരു മാസത്തിലേറെയായി കൊവിഡ് രണ്ടാം വ്യാപനം ദുരന്തം വിതയ്ക്കുകയാണ്. ഓക്സിജൻ ലഭിക്കാതെ ആയിരക്കണക്കിന് പേരുടെ ജീവനാണ് ഓരോ ദിവസവും നഷ്ടമാകുന്നത്.
രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ ആശുപത്രികളിൽ ഓക്സിജന്റെയും വെന്റിലേറ്ററുകളുടെയും മറ്റ് ജീവൻ രക്ഷാ ഉപകരണങ്ങളുടെയും ക്ഷാമം നേരിടുകയാണ്.
ഈ സാഹചര്യത്തിൽ കൊവിഡിനോട് പടപൊരുതുന്ന ഇന്ത്യക്ക് സഹായഹസ്തവുമായി മുൻപോട്ടുവരുകയാണ് എസ് ബി എസ് റേഡിയോ.
ഇന്ത്യ, ഒപ്പം ഞങ്ങളുണ്ട്
ഈ സന്ദേശവുമായാണ് എസ് ബി എസ് ഇന്ത്യ കൊവിഡ് അപ്പീൽ എന്ന റേഡിയോത്തോൺ സംഘടിപ്പിക്കുന്നത്.
UNICEF മായി സഹകരിച്ചാണ് ഈ ധനസമാഹരണ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയെ സഹായിക്കാനായി യൂണിസെഫ് ശേഖരിക്കുന്ന ഫണ്ടിലേക്കായിരിക്കും എസ് ബി എസ് റേഡിയോത്തോൺ വഴി സമാഹരിക്കുന്ന തുക എത്തുന്നത്.
ഇന്ത്യയിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറിച്ചുള്ള ആശങ്കയിലാണ് ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വംശജരെന്ന് എസ് ബി എസ് ഓഡിയോ ആൻഡ് ലാംഗ്വേജ് കണ്ടന്റ് ഡയറക്ടർ ഡേവിഡ് ഹുവ പറഞ്ഞു. എസ് ബി എസ് ന്റെ UNICEF ഇന്ത്യ അപ്പീൽ വഴി ഇന്ത്യയെ സഹായിക്കാൻ ഓസ്‌ട്രേലിയൻ സമൂഹത്തിന് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഡേവിഡ് പറഞ്ഞു.
എന്താണ് എസ് ബി എസ് ഇന്ത്യ കൊവിഡ് അപ്പീൽ റേഡിയോത്തോൺ?
കൊവിഡ് ബാധ രൂക്ഷമായ ഇന്ത്യയിലുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനും സഹായം ആവശ്യമായ കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കുന്നതിനും വേണ്ടിയാണ് എസ് ബി എസ് ഇന്ത്യ കൊവിഡ് അപ്പീൽ എന്ന പേരിൽ UNICEF ന് വേണ്ടി ധനസമാഹരണം നടത്തുന്നത്.
ഇതിനായി എസ് ബി എസ് റേഡിയോയുടെ സൗത്ത് ഏഷ്യൻ ടീമുകൾ ചേർന്ന് മെയ് 21 വെള്ളിയാഴ്ച ആറു മണിക്കൂർ നീണ്ട തത്സമയ പരിപാടിയും നടത്തുന്നുണ്ട്. റേഡിയോയിലൂടെയും, ഫേസ്ബുക്ക് ലൈവിലൂടെയുമായിരിക്കും ഈ പരിപാടി.
ഇന്ത്യയെ സഹായിക്കാൻ ഞങ്ങൾക്കൊപ്പം നിങ്ങളും വേണം
എസ് ബി എസ് ഗുജറാത്തി, ഹിന്ദി, തമിഴ്, പഞ്ചാബി, മലയാളം, ബംഗ്ലാ, ഉർദു തുടങ്ങിയ പരിപാടികൾ മെയ് 21ന് വൈകിട്ട് നാല് മണി മുതൽ പത്ത് മണി വരെയാണ് ഈ റേഡിയോത്തോണുമായി നിങ്ങളുടെ മുന്നിലേക്ക് എത്തുന്നത് .
ഓസ്‌ട്രേലിയയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള കൊവിഡുമായി ബന്ധപ്പെട്ട നിരവധി പരിപാടികളാണ് ഈ ആറ് മണിക്കൂർ എസ് ബി എസ് നിങ്ങളിലേക്ക് എത്തിക്കുന്നത്. ഒപ്പം ഇരു രാജ്യങ്ങളിലുമുള്ള നിരവധി പ്രമുഖരും നമുക്കൊപ്പം ചേരുന്നുണ്ടാകും.
എസ് ബി എസ് മലയാളം ഫേസ്ബുക് പേജിൽ നിന്ന് തത്സമയം ഈ പരിപാടികൾ നിങ്ങൾക്ക് കാണാം.
ശേഖരിക്കുന്ന പണം എങ്ങനെ ഉപയോഗിക്കും ?
എസ് ബി എസ് റേഡിയോത്തോണിലൂടെ നിങ്ങൾ നൽകുന്ന പിന്തുണ:
- കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളിൽ ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താൻ ഓക്സിജൻ ജെനറേഷൻ പ്ലാന്റുകൾ നൽകും
- വൈറസ്ബാധ രൂക്ഷമായി ബാധിച്ച ചില ജില്ലകളിൽ പരിശോധനാ ഫലം വേഗത്തിലും കൃത്യതയോടെയും ലഭിക്കുന്നതിനായി ടെസ്റ്റിംഗ് മെഷീനുകൾ നൽകും
- UNICEF പിന്തുണയോടെയുള്ള കൊവാക്സ് കൊവിഡ് വാക്‌സിൻ വിതരണത്തിന് പിന്തുണ നൽകും
നിങ്ങൾക്ക് എങ്ങനെ സംഭാവന നൽകാം?
ഈ ധനസമാഹരണ പരിപാടിയിലേക്ക് നിങ്ങൾക്കും സംഭാവന ചെയ്യാം. india.unicef.org.au/sbsindiacovidappealradiothon എന്ന വെബ്സൈറ്റിലൂടെയോ 1300 884 233
എന്ന നമ്പറിൽ വിളിച്ചോ നിങ്ങൾക്ക് സംഭാവന നൽകാവുന്നതാണ്.
രണ്ട് ഡോളറിന് മുകളിലുള്ള എല്ലാ സംഭവനകൾക്കും നികുതിയിളവ് ലഭിക്കും.
റേഡിയോത്തോൺ വെള്ളിയാഴ്ചയാണെങ്കിലും, ഇപ്പോൾ മുതൽ നിങ്ങൾക്ക് സംഭാവനകൾ നൽകിത്തുടങ്ങാവുന്നതാണ്.
അങ്ങനെ, നമുക്കൊരുമിച്ച് പറയാം. ഇന്ത്യ, ഒപ്പം ഞങ്ങളുണ്ട്.