കൊറോണവൈറസ് മഹാമാരിമൂലമുള്ള അതിർത്തി നിയന്ത്രണങ്ങളും, വിസ നൽകുന്നതിൽ നേരിടുന്ന കാലതാമസവുമൊക്കെ ഉണ്ടായിട്ടും 2020-21 കാലയളവിൽ പ്രതീക്ഷിച്ചതിലും കൂടുതൽ പേർക്ക് ഓസ്‌ട്രേലിയൻ പെർമനന്റ് റെസിഡൻസി ലഭിച്ചതായി കുടിയേറ്റ കാര്യ മന്ത്രി അലക്സ് ഹോക്ക് ചൂണ്ടിക്കാട്ടി.
2019-20ൽ 140,000 പേർക്കാണ് റെസിഡൻസി ലഭിച്ചതെങ്കിൽ 2020-21 കാലയളവിൽ 160,052 പേർക്ക് ഓസ്‌ട്രേലിയൻ PR ലഭിച്ചതായാണ് കുടിയേറ്റ വിഭാഗത്തിന്റെ കണക്കുകൾ.
ഓസ്‌ട്രേലിയൻ പെർമനന്റ് റെസിഡൻസി ലഭിച്ചവർ ഏത് രാജ്യങ്ങളിൽ നിന്ന് വരുന്നു എന്ന കണക്കുകളിൽ ഇന്ത്യയിൽ നിന്നുള്ളവരാണ് രണ്ടാം സ്ഥാനത്ത്. ചൈനയിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ.
2020-21 കാലയളവിൽ പാർട്ണർ വിസ വിഭാഗത്തിൽ വിപുലമായ പദ്ധതിയാണ് സർക്കാർ നടപ്പിലാക്കിയതെങ്കിൽ സ്‌കിൽഡ് മൈഗ്രന്റ് വിഭാഗത്തിൽ കുറവുണ്ടായി എന്നാണ് കുടിയേറ്റ കാര്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
ഓൺഷോറായിട്ടുള്ള നിരവധി അപേക്ഷകർക്ക് വിസ ലഭിച്ച കാര്യമാണ് കുടിയേറ്റ വിഭാഗത്തിന്റെ മുൻ ഡെപ്യുട്ടി സെക്രട്ടറി അബ്ദുൾ റിസ്‌വി എസ് ബി എസ് പഞ്ചാബിയോട് ചൂണ്ടിക്കാട്ടിയത്. ഇതിന് പുറമെ പൂർത്തിയാകാതെ കെട്ടിക്കിടന്നിരുന്ന നിരവധി പാർട്ണർ വിസകളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാരിന് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Australia's skilled migration intake plunged, down from 70 per cent of the total permanent migration intake to just over 50 per cent. Source: Getty Images/FotografiaBasica
കുടിയേറിയവരുടെ എണ്ണത്തിൽ ഇന്ത്യക്കാർ രണ്ടാമത്
2020-21 കാലയളവിൽ ഏറ്റവും അധികം പെർമനന്റ് റെസിഡൻസി ലഭിച്ചരിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യയിൽ നിന്നുള്ളവരാണ് രണ്ടാമതെന്ന് ഈ വർഷം സെപ്റ്റംബർ 21ന് പുറത്ത് വന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്നുള്ള 21,791 അപേക്ഷകർക്ക് PR വിസ ലഭിച്ചതായാണ് കണക്കുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് 4000 ത്തിന്റെ കുറവുണ്ട്.
ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ നിന്ന് 22,207 പേർക്കാണ് PR വിസ ലഭിച്ചത്.
പാർട്ണർ വിസയും ബിസിനസ് വിസയും ലഭിച്ചവരുടെ എണ്ണം കൂടിയപ്പോൾ ഈ കാലയളവിൽ സ്‌കിൽഡ് മൈഗ്രന്റ് വിഭാഗത്തിൽ നൽകിയിരിക്കുന്ന വിസകളുടെ എണ്ണം കുറഞ്ഞു എന്ന് റിസ്‌വി ചൂണ്ടിക്കാട്ടി.
2020ൽ മൈഗ്രേഷൻ പദ്ധതിയിൽ ആകെയുള്ള PR വിസകളിൽ 70 ശതമാനവും സ്‌കിൽഡ് കാറ്റഗറിയിൽ ആയിരുന്നെങ്കിൽ ഇതിപ്പോൾ 50.7 ശതമാനത്തിലേക്കാണ് കുറഞ്ഞത്.

Government delivers largest Partner Program in over 25 years. Source: Getty Images
ഫാമിലി സ്ട്രീമിൽ ഉയർന്ന നിരക്ക്
ഫാമിലി സ്ട്രീമിൽ 77,372 വിസകളാണ് സർക്കാർ 2020-21 കാലയളവിൽ നൽകിയത്. ഇതിൽ 72,000 പാർട്ണർ വിസകൾ നൽകുകയും ഇവരിൽ ഭൂരിഭാഗവും ഓൺഷോർ അപേക്ഷകരായിരുന്നു എന്നാണ് കണക്കുകൾ. കഴിഞ്ഞ 25 വർഷത്തിൽ ഈ വിഭാഗത്തിൽ വിസ ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.
അതെ സമയം സ്‌കിൽഡ് മൈഗ്രേഷൻ വിഭാഗത്തിൽ 79,620 PR വിസകളാണ് നൽകിയത്. ആകെ നൽകിയിരിക്കുന്ന PR വിസകളുടെ 50.7 ശതമാനമാണിത്. ഇതിൽ കുറഞ്ഞത് 71 ശതമാനവും ഓൺഷോർ അപേക്ഷകരായിരുന്നു.
സ്‌കിൽഡ് മൈഗ്രേഷനിലൂടെ വിസകൾ ലഭിച്ചവരിൽ ഏറ്റവും അധികം എംപ്ലോയർ സ്‌പോൺസേർഡ് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. എംപ്ലോയർ സ്‌പോൺസേർഡ് വിഭാഗത്തിൽ 23,000 പേർക്കാണ് ലഭിച്ചതെങ്കിൽ തൊട്ട് പിന്നിൽ 14,000 പേർക്ക് സ്റ്റേറ്റ് ആൻഡ് ടെറിട്ടറി നോമിനേറ്റഡ് വിഭാഗത്തിൽ പെർമനന്റ് റെസിഡൻസി ലഭിച്ചു എന്നാണ് കുടിയേറ്റ വിഭാഗത്തിന്റെ കണക്കുകൾ.
അതെസമയം 2020-21 കാലയളവിൽ 9,584 PR വിസകളാണ് ഗ്ലോബൽ ടാലെന്റ്റ് സ്‌കീമിലൂടെ നൽകിയത്.
2021-22 കാലയളവിൽ 2020-21ലെ അതെ നിരക്കിലായിരിക്കും ഫാമിലി ആൻഡ് സ്‌കിൽഡ് സ്ട്രീം PR വിസകൾ നൽകുക എന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഓൺഷോർ അപേക്ഷകർക്ക് ലഭിക്കുന്ന മുൻഗണന തുടരാനാണ് സാധ്യത എന്നാണ് രംഗത്തുള്ളവരുടെ വിലയിരുത്തൽ.