സിഡ്നിയിൽ കാണാതായിരുന്ന ഇന്ത്യൻ വംശജയായ ഡെന്റിസ്റ്റ് പ്രീതി റെഡ്ഡിയുടെ മൃതദേഹം ഒരു സ്യൂട്ട്കേസിലാക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.
പ്രീതിയുടെ ശരീരത്തിൽ നിരവധി കുത്തേറ്റതിന്റെ മുറിവുകൾ കണ്ടതായും പൊലീസ് വെളിപ്പെടുത്തി.
പ്രീതിയുടെ മൃതദേഹം കണ്ടെത്തിയത് പിന്നാലെയാണ് ഇവരുടെ പുരുഷ സുഹൃത്തും വാഹനാപകടത്തിൽ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചത്. ഇയാൾ ഓടിച്ചിരുന്ന BMW സെഡാൻ തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ എതിരെ വന്ന ട്രക്കിൽ ചെന്ന് ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വടക്കൻ വില്ലോ ട്രീയിലാണ് അപകടം നടന്നത്.
ബോധപൂർവം സൃഷ്ടിച്ച അപകടമാണ് ഇതെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. ട്രക്കുമായി ഇടിച്ച വാഹനം മറിയുകയും തീപിടിക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച രാത്രി ഇവർ ഒരുമിച്ചാണ് സിഡ്നി മാർക്കറ്റ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

The scene of the crash near Willow Tree on Monday night. Source: Fire and Rescue NSW Station 429 Quirind
ഞായറാഴ്ച പുലർച്ചെ രണ്ടേകാലിന് സിഡ്നി നഗരത്തിലെ ഒരു മക്ഡൊണാൾഡ്സിൽ നിന്ന് പ്രീതി ഭക്ഷണം വാങ്ങുന്നതിന്റെ CCTV ദൃശ്യങ്ങൾ നേത്തേ പൊലീസിന് ലഭിച്ചിരുന്നു.
ഡെന്റിസ്റ്റും പ്രീതിയുടെ മുൻ കാമുകനുമായ ഡോ ഹർഷവർധൻ നാർഡെയാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
പ്രീതിയെ കാണാതായതിനെത്തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ ഇയാളോട് സംസാരിച്ചിരുന്നതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. അധികം വൈകാതെ തന്നെ ഇയാളുടെ മരണ വാർത്ത കുടുംബത്തെ അറിയിക്കുമെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.