SKIP TO MAIN CONTENT

ഇന്ത്യൻ വംശജനായ കുഞ്ഞിന്റെ മരണം: മെൽബൺ ആശുപത്രിക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ

മെൽബണിൽ ഇന്ത്യൻ വംശജനായ സെഹാൻ സിംഗ് എന്ന ഒമ്പത് മാസം പ്രായമായ കുഞ്ഞിന്റെ മരണം ആശുപത്രിയുടെ അനാസ്ഥമൂലമാണെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ ആശുപത്രിക്കെതിരെ ആരോഗ്യ വകുപ്പിന് പരാതി നൽകി. ഓസ്‌ട്രേലിയൻ ആശുപത്രികളിലെ അടിയന്തര വിഭാഗത്തിലെ സേവനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ റോയൽ കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഈ ഇന്ത്യൻ കുടുംബം.

Zehan Singh
Source: Supplied

2 min read

Published

Updated

By SBS Malayalam

Source: SBS



Skip to article content

മെൽബണിലെ എപ്പിങ്ങിലുള്ള നോർതേൺ ഹോസ്പിറ്റലിനെതിരെയാണ് ഇന്ത്യൻ കുടുംബം പരാതി നൽകിയിരിക്കുന്നത്.

ഛര്‍ദ്ദിലിനെത്തുടർന്ന് മെയ് രണ്ടാം തീയതി ഒമ്പത് മാസം പ്രായമായ സെഹാൻ സിംഗിനെ നോർതേൺ ആശുപതിയുടെ അടിയന്തര വിഭാഗത്തിൽ എത്തിച്ചിരുന്നു. എന്നാൽ തുടർച്ചയായി ഛർദ്ദിച്ചിട്ടും ഒന്നര മണിക്കൂറിന് ശേഷം മാത്രമാണ് ആശുപത്രി അധികൃതർ കുഞ്ഞിനെ ശുശ്രൂഷിച്ചതെന്ന് സെഹാന്റെ അച്ഛൻ നിർപാൽ സിംഗും അമ്മ ഡാർലീൻ കൗറും മാധ്യമങ്ങളോട് പറഞ്ഞു.

കുഞ് ദിവസം മുഴുവൻ പാല് കുടിക്കുകയോ ആഹാരം കഴിക്കുകയോ ചെയ്തിട്ടില്ലെന്ന് കൗർ ആശങ്കയറിയിച്ചെങ്കിലും ഇതിൽ അസാധാരണമായൊന്നുമില്ലെന്ന് പറഞ്ഞു അധികൃതർ നിസ്സാരമായി തള്ളിക്കളയുകയായിരുന്നുവെന്നും ഇവർ സൂചിപ്പിച്ചു.

എന്നാൽ കുഞ്ഞിന്റെ നില വഷളാകുന്നതായി തോന്നിയ കൗർ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ രക്ത പരിശോധനയിൽ ശരീരത്തിൽ സോഡിയത്തിന്റെ അളവ് കുറയുന്നതായി കണ്ടെത്തി.

ഇത് മനസിലാക്കിയ കൗർ കുഞ്ഞിന് സോഡിയം നൽകാൻ അഭ്യർത്ഥിച്ചു. എന്നാൽ ഇതും പിറ്റേന്ന് രാവിലെ വരെ അവഗണിക്കുകയായിരുന്നുവെന്ന് കൗർ കുറ്റപ്പെടുത്തി.

തുടർന്ന് സോഡിയം നൽകിയെങ്കിലും ഉച്ചയോടെ അത് നിർത്തുകയും  ആഹാരം നൽകാനായി സെഹാന്റെ മൂക്കിൽ ട്യൂബിടുകയും ചെയ്തതായി ഇവർ പറഞ്ഞു.

എന്നാൽ മെയ് മൂന്നാം തീയതിയോടെ സെഹാൻ വീണ്ടും ഛർദ്ദിക്കുകയും ശരീരത്തിന്റെ നിറം മാറുകയും ചെയ്യുകയായിരുന്നുവെന്ന് കൗർ പറഞ്ഞു. ഇതേതുടർന്ന് അധികൃതർ കുഞ്ഞിനെ ജീവൻരക്ഷാ ഉപകരണത്തിന്റെ സഹായത്തോടെ റോയൽ ചിൽഡ്രൻസ് ആശുപതിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇതിന് നാല് മണിക്കൂറോളം താമസം നേരിട്ടതായി നിർപാൽ ചൂണ്ടിക്കാട്ടി.

മെയ് അഞ്ചിന് ജീവൻരക്ഷാ ഉപകരണം എടുത്തുമാറ്റിയതോടെ കുഞ് മരണത്തിന് കീഴടങ്ങി.

38633583_1094090954073821_5759091552370556928_n.jpg?itok=4KwSXfkj&mtime=1558068782

ലോകത്തെ ഏറ്റവും നിലവാരമുള്ള ആരോഗ്യ സേവനം ഓസ്‌ട്രേലിയയിൽ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇന്ത്യയിൽ നിന്നും ഇവിടേക്ക് കുടിയേറിയതെന്നും എന്നാൽ തങ്ങളുടെ വിശ്വാസം  പൂർണമായും ഇല്ലാതാക്കുന്ന സംഭവമാണ് ഉണ്ടായതെന്നും കൗർ പറഞ്ഞു.

നോർതേൺ ഹോസ്പിറ്റലിന്റെ അനാസ്ഥമൂലമാണ് സെഹാൻ മരണമടഞ്ഞതെന്ന് ചൂണ്ടിക്കാട്ടി നിർപാൽ സിംഗും ഡാർലി കൗറും ആരോഗ്യ വകുപ്പിനും ഹ്യൂമൻ സർവീസസിനും പരാതി നൽകി. നോർതേൺ ഹോസ്പിറ്റലിൽ മുഴുവൻ സമയവും സ്പെഷ്യലിസ്റ് സേവനം ലഭ്യമാക്കണമെന്നും ഓസ്‌ട്രേലിയയിലെ അടിയന്തര വിഭാഗത്തിന്റെ സേവനങ്ങളെക്കുറിച്ചന്വേഷിക്കാൻ റോയൽ കമ്മീഷനെ നിയമിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

കുഞ്ഞിനെ നഷ്ടപ്പെടുക എന്നത് രക്ഷിതാക്കളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമാണ്. അതിനാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അവസാന ശ്വാസം വരെ തങ്ങൾ പൊരുതുമെന്നും നിർപാൽ സിംഗ് പറഞ്ഞു.

അതേസമയം സെഹാന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സംഭവത്തിൽ പുനഃപരിശോധന ആരംഭിച്ചതായും നോർതേൺ ഹോസ്പിറ്റൽ വക്താവ് ടൈലർ വുഡ്‌വാർഡ് അറിയിച്ചു.


കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക


 

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now