ഇന്ത്യയിൽ കൊവിഡ് രണ്ടാം വ്യാപനം കുതിച്ചുയർന്നതിനു പിന്നാലെയാണ് പ്രമുഖ ഓസ്ട്രേലിയൻ ദിനപ്പത്രമായ ദ ഓസ്ട്രേലിയനിൽ കോളം പ്രസിദ്ധീകരിച്ചത്.
'മോഡി ഇന്ത്യയെ നയിക്കുന്നത് വൈറസ് വിനാശത്തിലേക്ക്' എന്ന തലക്കെട്ടോടെയായിരുന്നു ഈ ലേഖനം.
ബ്രിട്ടീഷ് ദിനപ്പത്രമായ ദ ടൈംസിന്റെ ഏഷ്യൻ ലേഖകനായ ഫിലിപ് ഷെർവെൽ എഴുതിയ ലേഖനമാണ്, ദ ഓസ്ട്രേലിയൻ പുനപ്രസിദ്ധീകരിച്ചത്.
റൂപ്പർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോർപ്പാണ് ദ ഓസ്ട്രേലിയന്റെ പ്രസാധകർ.
“ധാർഷ്ട്യം, അമിത ദേശീയത, കഴിവുകെട്ട ഉദ്യോഗസ്ഥവൃന്ദം എന്നിവ ചേർന്ന് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഇന്ത്യയിൽ സൃഷ്ടിക്കുന്നത്. ജനം ശ്വാസം മുട്ടുമ്പോഴും, ആൾക്കൂട്ടത്തെ ഇഷ്ടപ്പെടുന്ന പ്രധാനമന്ത്രി വിശ്രമിക്കുകയാണ്” എന്ന് ഈ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
അതിനു പിന്നാലെയാണ്, ലേഖനത്തെ അതിശക്തമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തെത്തിയത്.
എസ് ബി എസ് മലയാളം ഇന്നത്തെ വാർത്ത – ഓസ്ട്രേലിയൻ മലയാളി അറിയേണ്ട എല്ലാ വാർത്തകളും (തിങ്കൾ-വെള്ളി 8pm)
വസ്തുതാ വിരുദ്ധവും ദുരുദ്ദേശ്യപരവുമായ ആരോപണങ്ങളാണ് ലേഖനത്തിലുള്ളതെന്ന് ചൂണ്ടിക്കാട്ടി പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫിന് കത്തയച്ച ഹൈക്കമ്മീഷൻ, അത് ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു.
ദ ഓസ്ട്രേലിയൻ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ലിങ്ക് കൂടെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ പ്രതികരണം ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തത്.
വസ്തുതകൾ പരിശോധിക്കാതെയും, ഇന്ത്യൻ സർക്കാരിന്റെ വിശദീകരണം ചോദിക്കാതെയുമാണ് ലേഖനം എഴുതിയിട്ടുള്ളതെന്ന് ഹൈക്കമ്മീഷൻ കുറ്റപ്പെടുത്തി.
കൊറോണവൈറസിനെതിരായ പോരാട്ടത്തിൽ ആഗോളപ്രശംസ നേടിയ ഇന്ത്യയുടെ നിലപാടിനെ ഇകഴ്ത്തിക്കാട്ടുക എന്ന ഒറ്റ ലക്ഷ്യമാണ് ഈ ലേഖനത്തിനുള്ളത്. ഇന്ത്യൻ ഹൈക്കമ്മീഷൻ
ലോകത്തിലെ ഏറ്റവും ബൃഹത്തായ വാക്സിനേഷൻ പദ്ധതി നടപ്പാക്കാനും, 80 രാജ്യങ്ങൾക്ക് വാക്സിനുകളും 150 രാജ്യങ്ങൾക്ക് PPE കിറ്റുകളും എത്തിക്കാനും കഴിഞ്ഞ രാജ്യമാണ് ഇന്ത്യ.
കൊവിഡിന്റെ രണ്ടാം വ്യാപനം ഉണ്ടായപ്പോഴും യുദ്ധകാലാടിസ്ഥാനത്തിൽ ഇന്ത്യൻ സർക്കാർ നടപടിയെടുത്തുവെന്നും, ഉടൻ തന്നെ സ്ഥിതി നിയന്ത്രണവിധേയമാകുമെന്നും ഹൈക്കമ്മീഷന്റെ കത്തിൽ പറയുന്നു.
രണ്ടാം വ്യാപനത്തിന്റെ കാരണത്തെക്കുറിച്ച് ശാസ്ത്രസമൂഹം പരിശോധന നടത്തുന്നതേയുള്ളൂവെങ്കിലും, പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പു പ്രചാരണവും, മതപരമായ ഒരു പരിപാടിയുമാണ് രോഗം പടരാൻ കാരണം എന്ന കുറ്റപ്പെടുത്തലാണ് ഈ ലേഖനത്തിലുള്ളത് – ഹൈക്കമ്മീഷൻ ആരോപിച്ചു.
കുംഭമേളയിൽ ലക്ഷങ്ങൾ തടിച്ചുകൂടിയത് രോഗവ്യാപനത്തിന് കാരണമായെന്ന് ദ ഓസ്ട്രേലിയനിലെ ലേഖനം പരാമർശിക്കുന്നുണ്ട്.
ഇന്ത്യൻ സർക്കാരിന്റെ വിശദീകരണം പ്രസിദ്ധീകരിക്കാൻ പത്രം തയ്യാറാകണമെന്നും, ഭാവിയിൽ ഇത്തരം “അടിസ്ഥാനരഹിതമായ ആരോപണങ്ങൾ” പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഡെപ്യൂട്ടി ഇന്ത്യൻ ഹൈക്കമ്മീഷണർ പി എസ് കാർത്തിഗേയൻ എഴുതിയ കത്ത് അവസാനിപ്പിക്കുന്നത്.
ഇന്ത്യയിലേക്ക് ഓക്സിജനും മറ്റ് സഹായങ്ങളും എത്തിക്കുന്ന കാര്യം ഓസ്ട്രേലിയൻ സർക്കാർ പരിഗണിക്കുന്നതിനിടെയാണ് ദ ഓസ്ട്രേലിയന്റെ ലേഖനവും ഇന്ത്യൻ സർക്കാരിന്റെ മറുപടിയും പൊതു ചർച്ചയാകുന്നത്.
ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ കൂടുതൽ നടപടികളെടുക്കുന്നുണ്ടോ എന്ന കാര്യമറിയാൻ എസ് ബി എസ് മലയാളം ഹൈക്കമ്മീഷനെ ബന്ധപ്പെട്ടിട്ടുണ്ട്.

