സിഡ്നിയിൽ ഡാർലിംഗ് ഹാർബറിലുള്ള സീ ലൈഫ് അക്വേറിയത്തിൽ വച്ച് ഞായറാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രാമിൽ ഇരുന്ന രണ്ട് വയസ്സുള്ള കുഞ്ഞിനോട് 28 കാരനായ ഇന്ത്യൻ വംശജൻ കുനിഞ്ഞു നിന്ന് സംസാരിച്ച ശേഷം ചുണ്ടിൽ ചുംബിച്ചു എന്നാണ് പൊലീസിന്റെ ആരോപണം.
സംഭവം കണ്ട കുഞ്ഞിന്റെ രക്ഷിതാക്കളിൽ ഒരാൾ പരിചിതനല്ലാത്ത ഇയാളെ തള്ളി മാറ്റുകയും പൊലീസിൽ അറിയിക്കുകയും ചെയ്തു.
ഇതേതുടർന്ന് സിഡ്നി സിറ്റി പൊലീസ് ഏരിയ കമാൻഡ് സംഭവ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
ഡേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന ഇയാൾക്കെതിരെ പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടിയെ മനഃപൂർവം ലൈംഗികമായി സ്പർശിച്ചതിന് പൊലീസ് കേസെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം നിഷേധിച്ചു. ഇയാളെ തിങ്കളാഴ്ച സെൻട്രൽ ലോക്കൽ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ വർഷം ജൂലൈയിൽ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന അപരിചിതരായ കുട്ടികളെ എടുത്തതിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തിരുന്നു.