സിഡ്‌നിയിലെ ടൂംഗാബിയില്‍ വച്ച് വൃദ്ധനില്‍ നിന്ന് പണം പിടിച്ചുപറിച്ച അജയ് കുമാര്‍ എന്ന 25കാരനെയാണ് കോടതി ശിക്ഷിച്ചത്. സ്റ്റുഡന്റ് വിസയിലെത്തിയ ഇന്ത്യന്‍ പൗരനാണ് ഇയാള്‍.
രണ്ടു വര്‍ഷത്തെ കമ്മ്യൂണിറ്റി കറക്ഷന്‍സ് ഓര്‍ഡറാണ് ഇയാള്‍ക്ക് ശിക്ഷയായി കോടതി നല്‍കിയിരിക്കുന്നത്.
അജയ് കുമാര്‍ കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. ഭക്ഷണം കഴിക്കാന്‍ പണമില്ലാത്തതിനാലാണ് പിടിച്ചുപറി നടത്തിയതെന്ന് ഇയാള്‍ പറഞ്ഞു.
ഫെബ്രുവരി 10നായിരുന്നു കേസിനാസ്പദമായ സംഭവം. ടൂംഗാബിയിലെ ഔറേലിയ സ്ട്രീറ്റില്‍ എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിച്ച ജോസഫ് സഹ്‌റ എന്ന 89കാരനാണ് ആക്രമിക്കപ്പെട്ടത്.
എ ടി എമ്മില്‍ നിന്ന് 550 ഡോളര്‍ പിന്‍വലിച്ച ശേഷം നടന്നുപോയ സഹ്‌റയെ ഒരു കിലോമീറ്ററോളം അജയ് കുമാര്‍ പിന്തുടര്‍ന്നു എന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു.
CV കെല്ലി പാര്‍ക്കില്‍ എത്തിയപ്പോള്‍ സഹ്‌റയുടെ പാന്റ്‌സിന്റെ പിന്‍പോക്കറ്റില്‍ നിന്ന് പഴ്‌സ് തട്ടിയെടുത്ത് അജയ് കുമാര്‍ ഓടുകയായിരുന്നു. അജയ് കുമാറിനെ പിന്തുടരാന്‍ ശ്രമിച്ച സഹ്‌റ നിലത്തു വീണു പരുക്കേറ്റു.
പണമെടുത്ത ശേഷം അജയ് കുമാര്‍ പ്‌ഴ്‌സ് ഉപേക്ഷിച്ചുവെന്നും പൊലീസ് കോടതിയില്‍ അറിയിച്ചു.
സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടു ദിവസത്തിനു ശേഷം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഐ ടി, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ പഠനം നടത്തിയ ഇയാള്‍ ആറു വര്‍ഷമായി രാജ്യത്തുണ്ട്. ഒരു കാര്‍ വാഷിംഗ് കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന ഇയാള്‍, സിഡ്‌നിയിലെ ജലനിയന്ത്രണത്തെ തുടര്‍ന്ന് ജോലി നഷ്ടമായി എന്നാണ് പൊലീസിനെ അറിയിച്ചത്.
15 ദിവസത്തോളമായി താമസിക്കാന്‍ വീടു പോലുമില്ലെന്നും, ഭക്ഷണം കഴിക്കാനുള്ള 50 ഡോളറിനു വേണ്ടിയാണ് പഴ്‌സ് തട്ടിയെടുത്തതെന്നും ഇയാള്‍ പറഞ്ഞു.
അഞ്ചു ദിവസം പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞതു തന്നെ എക്കാലവും ഇയാള്‍ക്ക് സ്വന്തം പ്രവൃത്തികളെക്കുറിച്ച് ഓര്‍ക്കാനുള്ള അവസരം ഒരുക്കും എന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്.
സംഭവത്തെ തുടര്‍ന്ന് ഇയാളുടെ സ്റ്റുഡന്റ് വിസ റദ്ദാക്കിയതായും പൊലീസ് കോടതിയെ അറിയിച്ചു. ഇയാളെ നാടുകടത്തിയേക്കും എന്നാണ് സൂചനയെന്ന് ഡെയ്ലി ടെലിഗ്രാഫ് പത്രം റിപ്പോര്ട്ട് ചെയ്തു.