മെൽബൺ നഗരത്തിലെ നിരത്തുകളും പൊതുഗതാഗത സംവിധാനങ്ങളും ലക്ഷ്യമിട്ടാണ് ഏഴംഗ സംഘം പോക്കറ്റടി നടത്തി വന്നത്.
കഴിഞ്ഞ രണ്ട് മാസങ്ങളായി ട്രെയിനിലും ട്രാമിലും നഗരത്തിൽ ഷോപ്പിംഗിനായി ആളുകൾ പോകുന്ന ഇടങ്ങളിലുമാണ് മോഷണം നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇതേതുടർന്ന് അന്വേഷണം നടത്തിവന്ന പൊലീസ് രണ്ട് ഇന്ത്യൻ വംശജരും അഞ്ച് ശ്രീലങ്കൻ വംശജരും ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു.
ഇതിൽ നാല് പേരെ സൺഷൈനിലും ടാർനെറ്റിലും നിന്നുമാണ് പിടികൂടിയതെങ്കിൽ മറ്റ് മൂന്ന് പേരെ ആൽബിയോണിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ഓപ്പറേഷൻ ഗെയിൽഫോഴ്സിന്റെ ഭാഗമായി മെൽബൺ ടാസ്‌കിംഗ് യൂണിറ്റിലെ അന്വേഷണോദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തിയത്.
25 വയസ്സിനും 38വയസ്സിനും ഇടയിൽ പ്രായമായ ഇവർക്കെതിരെ പൊലീസ് കേസെടുത്തു.
ഇവരെ നാടുകടത്തുന്നു കാര്യം ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് പരിഗണിക്കുമെന്ന് വിക്ടോറിയ പൊലീസ് വക്താവ് മെലിസ സീച് 3AW റേഡിയോയോട് പറഞ്ഞു.
ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും കുറ്റകൃത്യങ്ങൾ ഗൗരവമായി കണക്കാക്കുമെന്നും പൊലീസ് അറിയിച്ചു.
ജാമ്യത്തിൽ വിട്ട പ്രതികളെ ഏപ്രിൽ 14 ന് മെൽബൺ മജിസ്‌ട്രേറ്റ്സ് കോടതിയിൽ ഹാജരാക്കും.