മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
മൊണാഷ് സർവകലാശാലയിലെ ഫാർമകോളജി വിഭാഗത്തിലെ മുതിർന്ന അധ്യാപികയായ ഡോ. പദ്മ മൂർത്തിക്കെതിരെയാണ് ഇതേ സർവകലാശാലയിലെ തന്നെ ഒരു വിദ്യാർത്ഥി പരാതി നൽകിയത്.
ഇതേതുടർന്ന് സർവകലാശാല നടത്തിയ അന്വേഷണത്തിൽ ഇവർ ഈ വിദ്യാർത്ഥിയുടെ ലേഖനത്തിൽ നിന്നുള്ള ചില പ്രസക്ത ഭാഗങ്ങൾ വിദ്യാർത്ഥിയുടെ അറിവും സമ്മതവും ഇല്ലാതെ പകർത്തിയതായി മൊണാഷ് സർവകലാശാല കണ്ടെത്തി. മാത്രമല്ല വിദ്യാർത്ഥിയുടെ പേരും ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ഇതേതുടർന്നാണ് ഇവരെ കുറ്റക്കാരിയായി കണ്ടെത്തുകയും 2019ൽ പ്രസിദ്ധീകരിച്ച ഈ ലേഖനം ജേർണലിൽ നിന്ന് സർവകലാശാല പിൻവലിക്കുകയും ചെയ്തു.
ഇവർക്കെതിരെ പരാതി ഉന്നയിച്ച വിദ്യാത്ഥിയുടെ പേര് കൂടി ഇതിൽ ഉൾപ്പെടുത്താമെന്ന് സർവകലാശാല അറിയിച്ചിരുന്നു. എന്നാൽ സർവകലാശാല മുൻപോട്ടു വച്ച ഈ വാഗ്ദാനം വിദ്യാർത്ഥി നിരസിക്കുകയും ലേഖനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
അതേസമയം ഇവരെക്കുറിച്ച് ഇത്തരത്തിലുള്ള മറ്റ് പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മൊണാഷ് സർവകലാശാല വക്താവ് അറിയിച്ചു. ഡോ. പദ്മ ഇപ്പോഴും മൊണാഷ് സർവകലാശാലയിലെ ജീവനക്കാരിയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇവർക്ക് കൗൺസലിംഗ് നൽകിയെന്നും സർവകലാശാല പറഞ്ഞു.
എന്നാൽ താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ഇത് യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട കാര്യമാണെന്നും ഡോ പദ്മ മൂർത്തി ദി ഏജ് ദിനപത്രത്തോട് പ്രതികരിച്ചു.
2000 മുതൽ മൊണാഷ് സർവകലാശാല, യൂണിവേഴ്സിറ്റി ഓഫ് മെൽബൺ, റോയൽ വിമൻസ് ആശുപത്രി എന്നിവിടങ്ങളിൽ ഉയർന്ന സ്ഥാനം വഹിച്ചിട്ടുള്ളയാളാണ് ഡോ. പദ്മ മൂർത്തി.