മെൽബണിൽ 2011 മുതൽ പ്രവർത്തിക്കുന്ന കെട്ടിട നിർമ്മാണ കമ്പനിയാണ് എസ് ജെ ബിൽഡേഴ്സ്.
എട്ടു വർഷം കൊണ്ട് 153 വീടുകൾ നിർമ്മിച്ചു നൽകിയതായി എസ് ജെ ബിൽഡേഴ്സിന്റെ വെബ്സൈറ്റിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്നാൽ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കമ്പനി മാനേജിംഗ് ഡയറക്ടറായ സാന്റി ഫിലിപ്പ് മാർച്ച് 20നാണ് ലിക്വിഡേറ്ററെ നിയമിച്ചത്. പിന്നാലെ റിസീവറെയും നിയമിച്ചിട്ടുണ്ട്.
മേയ്ഫീൽഡ് ബിസിനസ് അഡ്വൈസേഴ്സിലെ എഡ്വേർഡ് മസ്കറ്റിനെയാണ് ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളത്.
കമ്പനിയുടെ പ്രവർത്തനങ്ങൾ നടത്താനും ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാനുമുള്ള പണം കൈവശമില്ലെന്നും, അതിനാലാണ് കമ്പനി അടച്ചുപൂട്ടുന്നതിനുള്ള നടപടികളിലേക്ക് പോയതെന്നും മാനേജിംഗ് ഡയറക്ടർ അറിയിച്ചതായി ലിക്വിഡേറ്റർ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഒന്നര മില്യൺ ഡോളർ ബാധ്യത
കമ്പനിയ്ക്ക് എങ്ങനെ സാമ്പത്തിക ബാധ്യതയുണ്ടായെന്നും, ഇതിൽ എന്തെങ്കിലും സാമ്പത്തിക ക്രമക്കേടുകൾ സംഭവിച്ചിട്ടുണ്ടോ എന്നും ലിക്വിഡേറ്റർ പരിശോധിച്ച്, ഓസ്ട്രേലിയൻ സെക്യൂരിറ്റീസ് ആന്റ് ഇൻവെസ്റ്റ്മെന്റ് കമ്മീഷന് (ASIC)ന് റിപ്പോർട്ട് നൽകും.
കമ്പനിയുടെ ആസ്തികൾ കണ്ടെത്തുന്നതിനും, വേണ്ടിവന്നാൽ ആസ്തികൾ വിറ്റഴിച്ച് കടം വീട്ടാനുള്ള പണം സ്വരൂപിക്കാനുമുള്ള ഉത്തരവാദിത്തം റീസീവർക്കാണ്. സെക്യുവേർഡ് ക്രെഡിറ്റർമാർ എന്നറിയപ്പെടുന്ന സ്ഥാപനങ്ങൾക്കായിരിക്കും കമ്പനിയുടെ ആസ്തി സ്വരൂപീച്ചാൽ ആദ്യം കടം വീട്ടുക.
എന്നാൽ ഇതുവരെയം കമ്പനിയുടെ ആസ്തിയൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ലിക്വിഡേറ്റർ പറഞ്ഞു.
ASIC ന് ലിക്വിഡേറ്റർ സമർപ്പിച്ചിരിക്കുന്ന പ്രാഥമിക റിപ്പോർട്ട് പ്രകാരം 134 പേരോടാണ് എസ് ജെ ബിൽഡേഴ്സിന് ബാധ്യതയുള്ളത്. എകദേശം പതിനഞ്ച് ലക്ഷത്തോളം ഡോളറാണ് ആകെ ബാധ്യത.
ഇതിൽ നിർമ്മാണത്തിലിരിക്കുന്ന 11 വീടുകളും ഉൾപ്പെടുന്നു. ഇതിൽ ഭൂരിഭാഗം വീടുകളും മലയാളികളുടേതാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കമ്പനി അടച്ചുപൂട്ടിയതോടെ ഈ വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നത് സംബന്ധിച്ച് വ്യക്തതയില്ലാത്ത സാഹചര്യമാണ്.

Source: Alpha Stock Images - CC By SA 3.0
സർക്കാർ നിയന്ത്രിത ഇൻഷുറൻസായ വിക്ടോറിയൻ മാനേജ്ഡ് ഇൻഷുറൻസ് അതോറിറ്റിയെ സമീപിക്കാൻ ഈ വീട്ടുടമസ്ഥരോട് നിർദ്ദേശിച്ചതായും, ഇൻഷുറൻസിന്റെ സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കാൻ ഉടമസ്ഥർക്ക് ശ്രമിക്കാവുന്നതാണെന്നും ലിക്വിഡേറ്റർ എഡ്വേർഡ് മസ്കറ്റ് ചൂണ്ടിക്കാട്ടി.
കമ്പനിയുടെ ആസ്തി കണ്ടെത്താൻ കഴിഞ്ഞാൽ മാത്രമേ മറ്റു ബാധ്യതകൾ തീർക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
ആറാഴ്ചക്കുള്ളിൽ ഇതു സംബന്ധിച്ച് വ്യക്തമായ ഒരു ചിത്രം പണം ലഭിക്കാനുള്ളവർക്ക് നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എഡ്വേർഡ് മസ്കറ്റ് അറിയിച്ചു.
ലിക്വിഡേറ്റർ എഡ്വേർഡ് മസ്കറ്റുമായുള്ള അഭിമുഖം ഇവിടെ കേൾക്കാം.
ഇപ്പോൾ വീടു നിർമ്മിക്കുന്നവർ മാത്രമല്ല കമ്പനിക്ക് ബാധ്യതയുള്ളവരുടെ പട്ടികയിലുള്ളത്.
വീടു നിർമ്മാണം പൂർത്തിയായെങ്കിലും കരാറിലെ വ്യവസ്ഥകൾ പാലിച്ചില്ല എന്നു കണ്ടെത്തി നഷ്ടപരിഹാരം നൽകാൻ ട്രൈബ്യൂണൽ ഉത്തരവിട്ട ഒരു മലയാളിയും ഈ പട്ടികയിലുണ്ട്.
എഴുപതിനായിരത്തോളം ഡോളറാണ് ഈ മലയാളിക്ക് എസ് ജെ ബിൽഡേഴ്സിൽ നിന്ന് ലഭിക്കാനുള്ളത്.
ഇൻഷുറൻസ് കമ്പനിയിൽ നിന്ന് അതു ലഭിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്ന് ഇദ്ദേഹം എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഇതേക്കുറിച്ചുള്ള പ്രതികരണം തേടി എസ് ജെ ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ സാന്റി ഫിലിപ്പിനെയും എസ് ബി എസ് മലയാളം ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെയും പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.