പുലർച്ചെ നാലു മണി മുതൽ ഏഴു മണിവരെ ജിമ്മിലെ പരിശീലനം. 7.45ന് മകളെ സ്കൂളിലാക്കിയ ശേഷം അടുക്കള ജോലികൾ.
അതുകഴിഞ്ഞാൽ വൈകുന്നേരം വരെ ആശുപത്രിയിൽ കൃത്രിമ ഗർഭധാരണ വിഷയത്തിലുള്ള ഗവേഷണങ്ങളിൽ മുഴുകും.
വൈകിട്ട് തിരിച്ചെത്തി വീട്ടുജോലികൾ തീർത്ത് മക്കളെ ഉറക്കിയാൽ, പിന്നെ രാത്രി പത്തു മുതൽ ഒരു മണി വരെ വീണ്ടും ജിംനേഷ്യത്തിൽ.
2020 മാർച്ചിൽ മഹാരാഷ്ട്രയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് ഗവേഷണത്തിനായി എത്തുമ്പോൾ, ഇവിടെ ജീവിതം ഇങ്ങനെയായിരിക്കുമെന്ന് ഡോ. മായ റാത്തോഡ് പ്രതീക്ഷിച്ചിരുന്നില്ല.
പക്ഷേ, ദേശീയ ശരീര സൗന്ദര്യമത്സരത്തിൽ പങ്കെടുക്കണം എന്ന് തീരുമാനിച്ചതു മുതൽ എട്ടു മാസത്തോളം ഇതായിരുന്നു ഡോ. റാത്തോഡിന്റെ ജീവിതക്രമം.
10 വയസും നാലു വയസും പ്രായമുള്ള രണ്ടു മക്കളും, ഡോക്ടർ തന്നെയായ ഭർത്താവും ഉൾപ്പെടുന്ന ഒരു കുടുംബത്തിലെ ഗവേഷകയ്ക്ക് ഇത്രയുമൊക്കെ സമയം ജിമ്മിൽ ചെലവഴിക്കാൻ കഴിയുമോ എന്ന് ആശ്ചര്യപ്പെട്ടവരയൊക്കെ നിശബ്ദരാക്കുകയായിരുന്നു ഡോ. മായ റാത്തോഡ്.

Dr Maya Rathod with her husband Amit Bobade and their two daughters. Source: Supplied by Dr Maya Rathod.
മാർച്ച് 28ന് സിഡ്നിയിൽ നടന്ന ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബോഡിബിൽഡിംഗ് ആന്റ് ഫിറ്റ്നസിന്റെ ഓസ്ട്രേലിയൻ ദേശീയ ചാംപ്യൻഷിപ്പിൽ പത്തു മത്സരാർത്ഥികളെ മറികടന്നാണ് ഡോ. റാത്തോഡ് ജേതാവായത്.
ഫിഗർ നോവിസ് എന്ന വിഭാഗത്തിലാണ് ഡോ. റാത്തോഡ് ദേശീയ ചാംപ്യൻഷിപ്പ് സ്വന്തമാക്കിയത്.
ഓസ്ട്രേലിയയിലേക്കെത്തും മുമ്പ് മഹാരാഷ്ട്രയിലും ശരീര സൗന്ദര്യമത്സരത്തിൽ ഡോ. റാത്തോഡ് നിരവധി നേട്ടങ്ങൾ സ്വന്താക്കിയിരുന്നു.

Dr Maya Rathod after winning the first prize in IFBB Australia 2021 Australasian Championship in 'Figure Novice' category. Source: Source: Supplied by Dr Maya Rathod
കഴിഞ്ഞ വർഷത്തെ മഹാരാഷ്ട്ര ശ്രീ, മുംബൈ ശ്രീ മത്സരങ്ങൾ വിജയിച്ച മായ റാത്തോഡ്, ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനിരിക്കെയാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്.
ഓസ്ട്രേലിയയിൽ പരിശീലന സൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും, പരിശീലനത്തിന് സമയം കണ്ടെത്തുന്നത് പ്രയാസകരമാണെന്ന് ഡോ. റാത്തോഡ് എസ് ബി എസ് ഹിന്ദിയോട് പറഞ്ഞു.
ഇന്ത്യയിലായിരുന്നപ്പോൾ വീട്ടുജോലിക്കും, കുട്ടികളെ നോക്കാനുമെല്ലാം സഹായികളുണ്ടായിരുന്നു. ഇവിടെ എല്ലാ ജോലികളും ഒറ്റയ്ക്ക് ചെയ്തു തീർത്ത ശേഷമായിരുന്നു പരിശീലനം.
എട്ടു മാസത്തോളം റോബോട്ടിനെ പോലെയാണ് ജീവിച്ചതെന്നും മായ റാത്തോഡ് പറഞ്ഞു.
സർജനായി ജോലി ചെയ്യുന്ന ഭർത്താവ് അമിത് ബോബഡെയും, കുടുംബവും സുഹൃത്തുക്കളുമെല്ലാം നിറമനസോടെ പിന്തുണ നൽകിയതുകൊണ്ട് മാത്രമാണ് ഈ നേട്ടം കൈവരിക്കാനായതെന്നും അവർ പറഞ്ഞു.
തായ്ക്കൊണ്ടോ കിക്ക് ബോക്സിംഗിൽ ബ്ലാക്ക്ബെൽറ്റ് ഉടമയുമാണ് ഡോ. മായ റാത്തോഡ്.

Dr Maya Rathod holds Black Belt in marshal arts. Source: Supplied by Dr Maya Rathod.
Summary: Indian origin doctor wins Australian bodybuilding contest