വടക്കൻ ഹൊബാർട്ടിലെ ക്രസ്റ്റ് പിസ്സ ഫ്രാഞ്ചൈസി നടത്തുന്ന QHA ഫുഡ്സ് കമ്പനി ഡയറക്ടർമാരായ ആനന്ദ് കുമാരസാമി, ഹരിദാസ് രഘുറാം എന്നിവർക്കെതിരെയാണ് ഫെയർ വർക് ഓംബുഡ്സ്മാൻ നിയമ നടപടി കൈക്കൊണ്ടത്.
2016 ജനുവരി മുതൽ ജൂലൈ വരെ QHA ഫുഡ്‌സിൽ ജോലി ചെയ്തിരുന്ന നാല് വിദേശ തൊഴിലാളികൾക്ക് കമ്പനി കുറഞ്ഞ വേതനം നൽകിയതായി ഫെയർ വർക് ഓംബുഡ്സ്മാൻ ആരോപിച്ചു.
ഇതിൽ മൂന്ന് ബംഗ്ലാദേശി വംശജരും ഒരു ഇന്ത്യൻ വംശജനും ഉൾപ്പെടുന്നു. പിസ്സ പാചകം ചെയ്യുക, വിതരണം ചെയ്യുക, ഉപഭോക്താക്കൾക്ക് ഭക്ഷണം വിളമ്പുക, കട വൃത്തിയാക്കുക തുടങ്ങിയ ജോലികൾ ചെയ്തിരുന്ന ഇവർക്ക് മണിക്കൂറിൽ 12 ഡോളറും ഓരോ പിസ്സ വിതരണത്തിന് ഒരു ഡോളർ വീതവും മാത്രമാണ് കമ്പനി നല്കിയിരുന്നതെന്നു ഫെയർ വർക്ക് ഓംബുഡ്സ്മാൻ ആരോപിച്ചു.
മാത്രമല്ല അവധി ദിവസങ്ങളിലെ പെനാൽറ്റി റേറ്റ്, വൈകുന്നേരങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള അധിക തുക എന്നിവയും നൽകിയിരുന്നില്ല. കൂടാതെ പണമായി നല്കിരുന്ന ശമ്പളത്തിന്റെ പേസ്ലിപ്പും ഇവർക്ക് കൊടുത്തിരുന്നില്ലെന്നാണ് ആരോപണം.
അതേസമയം, ഇവിടെ ജോലി ചെയ്തിരുന്ന ഓസ്‌ട്രേലിയക്കാരായ തൊഴിലാളികൾക്ക് കൃത്യമായ വേതനം നൽകിയിരുന്നു. മണിക്കൂറിൽ 18 ഡോളറിന് മേൽ ഇവർക്ക് ശമ്പളവും അവധി ദിവസങ്ങളിൽ 46.31 ഡോളർ വരെ പെനാൽറ്റി റേറ്റും നൽകിയിരുന്നതായാണ് ഓംബുഡ്‌സ്മാന്റെ കണ്ടെത്തൽ.
മാത്രമല്ല ഇവർക്ക് ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം നൽകുകയും കൃത്യമായി പേസ്ലിപ്പുകൾ കൊടുക്കുകയും ചെയ്തിരുന്നു.
തൊഴിലിടങ്ങളിലെ വംശീയ വിവേചനമാണ് ഇവിടെ ഓംബുഡ്സ്മാൻ ചൂണ്ടിക്കാണിക്കുന്ന കുറ്റം.
ഇതിൽ ഒരു വിദേശ തൊഴിലാളി നൽകിയ പരാതിയിന്മേൽ ഫെയർ വർക് ഓംബുഡ്സ്മാൻ അന്വേഷണം നടത്തിയിരുന്നു. എന്നാൽ കണക്കിൽ തിരിമറി നടത്തിയാണ് ഇവർ അന്വേഷണ ഉദ്യോഗസ്ഥരെ കണക്ക് ബോധിപ്പിക്കാൻ ശ്രമിച്ചതെന്നും ഓംബുഡ്സ്മാൻ ആരോപിച്ചു.
തൊഴിലിടങ്ങളിൽ വംശീയ വിവേചനവും വ്യാജ കണക്ക് നൽകിയതും കണക്കിലെടുത്ത് ഓസ്‌ട്രേലിയൻ തൊഴിൽ നിയമ ലംഘനം ആരോപിച്ച് ആനന്ദ് കുമാരസാമിക്കും ഹരിദാസ് രഘുറാമിനുമെതിരെ ഫെയർ വർക് ഓംബുഡ്സ്മാൻ നിയമ നടപടികൾ ആരംഭിച്ചു.
കേസിന്റെ പ്രാരംഭ വാദം നവംബർ 23നു ഹൊബാർട്ട് ഫെഡറൽ സര്ക്യൂട് കോടതിയിൽ നടക്കും.
കുറ്റം തെളിഞ്ഞാൽ QHA ഫുഡ്സ് ഓരോ കുറ്റത്തിനും 54,000 ഡോളർ വീതവും, ഉടമകളായ കുമാരസാമിയും രഘുറാമും 10,800 ഡോളർ വീതവും പിഴ അടയ്‌ക്കേണ്ടി വരും.
Share

