ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായി മൂക്ക് കുത്തി സ്കൂളിൽ എത്തിയ സാന്യ സിംഗാൾ എന്ന 15 കാരിയെയാണ് പെർത്തിലെ ആരാൺമോർ കോളേജിൽ നിന്നും പുറത്താക്കിയത്. കോളേജിലെ നിയമപ്രകാരം ശരീര ഭാഗങ്ങൾ തുളയ്ക്കാൻ അനുവാദമില്ല.
അവധിക്ക് ശേഷം മൂക്കുത്തി അണിഞ് സ്‌കൂളിലെത്തിയ സാന്യയോട്
മൂക്കുത്തി ഊരിമാറ്റുകയോ അല്ലെങ്കിൽ തിരികെ വീട്ടിൽ പോകുകയോ ചെയ്യണമെന്ന് അദ്ധ്യാപിക ആവശ്യപ്പെട്ടു.
മതാചാരപ്രകാരമാണ് മൂക്ക് കുത്തിയതെന്നും 12 മാസത്തിന് ശേഷം മാത്രമേ മൂക്കുത്തി ഊരാൻ അനുവാദമുള്ളൂ എന്നും പരാമർശിച്ചുകൊണ്ട് സാന്യയുടെ അമ്മ എഴുതിയ കത്ത് കുട്ടി അധ്യാപികയ്ക്ക് നൽകി.
എന്നാൽ മൂക്കുത്തി എടുത്തു മാറ്റിയ ശേഷം മാത്രം ക്ലാസ്സിൽ കയറിയാൽ മതിയെന്നായിരുന്നു അധ്യാപികയുടെ വാദം.
സംഭവം വാർത്തയായതോടെ സമൂഹ മാധ്യമത്തിലൂടെ ആളുകൾ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി. ഇന്ത്യൻ സംസ്കാരത്തിന്റെയും മതത്തിന്റെയും ആചാരങ്ങളുടെ ഭാഗമാണ് മൂക്കുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നവ മാധ്യമത്തിലൂടെയുള്ള പ്രതിഷേധം.
ഇതിൽ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് അഭ്യർത്ഥിച്ചുകൊണ്ടും ആളുകൾ പ്രതികരിച്ചു.
സംഭവത്തിന് ചൂട് പിടിച്ചതോടെ ഹിന്ദു കൗൺസിൽ ഓഫ് ഓസ്‌ട്രേലിയയും രംഗത്തെത്തി.
ഇസ്‌ലാം പോലുള്ള മറ്റ് മതങ്ങളുടെ ആചാരങ്ങൾക്ക് വിലക്ക് എർപ്പെടുത്താത്ത കത്തോലിക്കാ സ്കൂളുകൾ ഹിന്ദു സംസ്കാരത്തിന്റെ ആചാരങ്ങളെക്കുറിച്ചും മനസ്സിലാക്കണമെന്ന് ഹിന്ദു സംഘടന ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
പ്രായപൂർത്തിയായ പെൺകുട്ടികൾ മൂക്ക് കുത്തുന്നത് ഫാഷൻ അല്ലെന്നും ഇത് ധരിക്കുന്നത് മതാചാരപ്രകാരമാണെന്നും ഇതിൽ പറയുന്നു.
കത്തോലിക്കാ സ്കൂളുകൾ ഹിന്ദു മതാചാരങ്ങളെക്കുറിച്ച് കൂടുതൽ അറിയാനായി മുൻപോട്ട് വരാൻ തയ്യാറാവണമെന്ന് സംഘടന അറിയിച്ചു. ഇതിലൂടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കി ഇരു മതങ്ങളും തമ്മിലുള്ള ഐക്യം നിലനിർത്താൻ സാധിക്കുമെന്നും സഘടനയുടെ പ്രസ്താവനയിൽ പറയുന്നു.
എന്നാൽ സ്കൂളിൽ ചേരുമ്പോൾ തന്നെ സാന്യ ഇവിടുത്തെ നിയമങ്ങൾ പാലിക്കാമെന്ന് എഴുതി നൽകിയിരുന്നുവെന്ന് സ്കൂൾ അറിയിച്ചു. മൂന്നാം ക്ലാസ് മുതൽ ഇതേ സ്കൂളിൽ പഠിക്കുന്ന സാന്യ മികച്ച വിദ്യാര്ഥിനിയാണെന്നും മൂക്കുത്തി എടുത്തു മാറ്റിയാൽ സാന്യക്ക് സ്‌കൂളിലേക്ക് മടങ്ങി വരാമെന്നും സ്കൂൾ പ്രിൻസിപ്പാൾ ഡിക്ലാൻ ടാൻഹാം വ്യക്തമാക്കി.