വിവാഹജീവിതത്തിൽ ഭാര്യയും ഭർത്താവും പരസ്പരം ബഹുമാനം നൽകണമെന്നും, ഭർത്താവിന്റെ ഇഷ്ടത്തിന് വഴങ്ങേണ്ട “സ്വത്ത്” അല്ല ഭാര്യയെന്നും വ്യക്തമാക്കിയാണ് വിക്ടോറിയൻ സുപ്രീം കോടതി വിധി.
2015ൽ വിവാഹിതരായ ഇന്ത്യൻ പൗരൻമാരായ ദമ്പതികളുടെ കേസിലാണ് കോടതി വിധി പറഞ്ഞത്.
ഭാര്യയെ ബലാത്സംഗം ചെയ്യുകയും, പീഡിപ്പിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കുറ്റത്തിന് ഭർത്താവിനെ വിചാരണക്കോടതി ഒമ്പതു വർഷവും ഏഴു മാസവും തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു.
ഈ ശിക്ഷയാണ് സുപ്രീം കോടതി 14 വർഷം ജയിൽശിക്ഷയാക്കി വര്ദ്ധിപ്പിച്ചത്.
10 വർഷവും ആറു മാസവും കഴിഞ്ഞു മാത്രമേ ഇയാൾക്ക് പരോൾ ലഭിക്കുകയുള്ളൂ. അപ്പോൾ ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താൻ കഴിയും എന്നാണ് ഫെഡറൽ നിയമം.
“ഭർത്താവിന്റെ അവകാശം”
2015 ഫെബ്രുവരിയിൽ ഇരു വീട്ടുകാരും ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്.
വിവാഹത്തിന് മുമ്പ് ഒരു തവണ മാത്രമാണ് ഇരുവരും പരസ്പരം കണ്ടിട്ടുള്ളത്.
മാനസികമായി സജ്ജമല്ലെന്ന് പറഞ്ഞിട്ടും ആദ്യരാത്രിയിൽ തന്നെ ഭർത്താവ് ബലപ്രയോഗത്തിലൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും, ഇതിലൂടെ രക്തസ്രാവമുണ്ടായെന്നും യുവതി വിചാരണക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തൊട്ടടുത്ത ദിവസങ്ങളിലും ഇതേ രീതി തുടർന്നു എന്നാണ് കേസ്.

Source: In Pictures Ltd./Corbis via Getty Images
തുടർന്ന് നിരവധി മാസങ്ങളിൽ ഇത്തരത്തിൽ ഭർത്താവ് ബലപ്രയോഗം നടത്തിയെന്നും, വേദനയെക്കുറിച്ചും, ആർത്തവത്തെക്കുറിച്ചും പറഞ്ഞ ദിവസങ്ങളിൽ പോലും ബലപ്രയോഗം തുടർന്നു എന്നുമാണ് ജൂറിക്ക് മുന്നിൽ യുവതി ചൂണ്ടിക്കാട്ടിയത്.
ഭർത്താവ് എന്ന രീതിയിൽ തന്റെ അവകാശമാണ് ഇത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ബലാത്സംഗം
ബലപ്രയോഗം തടയാൻ ശ്രമിച്ചപ്പോൾ മുഖത്ത് മൂത്രമൊഴിക്കുകയും, തലയിണ അമർത്തി കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.
ഒരു ദിവസം അപ്പാർട്ട്മെന്റിന് പുറത്ത് 45 മിനിട്ടോളം ഭാര്യയെ നഗ്നയാക്കി നിർത്തുകയും ചെയ്തു.
“തന്നെയും തന്റെ വീട്ടുകാരെയും ബഹുമാനിക്കുന്നില്ലെ”ന്നും, “ഭാര്യയുടെ വില എന്താണെന്ന് കാണിച്ചുതരാം” എന്നും പറഞ്ഞായിരുന്നു പലപ്പോഴും പീഡനം എന്നാണ് കോടതിയിൽ യുവതി പറഞ്ഞത്.
എതിർക്കുന്നത് തുടർന്നാൽ വിസ റദ്ദാക്കി ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കും എന്നും ഇയാൾ ഭീഷണിപ്പെടുത്തി.
ആറു മാസത്തിനു ശേഷം ഇയാളുടെ വീട്ടിൽ നിന്ന് പോയ യുവതി, പിന്നീട് വിവാഹമോചനം നേടിയിരുന്നു.
വിചാരണയ്ക്കൊടുവിൽ, 10 ബലാത്സംഗ കേസുകളിലും, രണ്ട് പീഡനക്കേസുകളിലും, കൊലപാതക ഭീഷണി ഉയർത്തിയ ഒരു കേസിലുമാണ് ഇയാളെ വിചാരണക്കോടതി ശിക്ഷിച്ചത്.
ഒമ്പതു വർഷവും ഏഴു മാസവുമായിരുന്നു ശിക്ഷ.
“ഇന്ത്യൻ നിയമം ബാധകമല്ല”
ശിക്ഷാകാലാവധി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും, കുറ്റക്കാരനല്ലെന്ന് വിധിക്കണമെന്നാവശ്യപ്പെട്ട് ഭർത്താവും സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു.
ഭർത്താവിന്റെ അപ്പീൽ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി അത് തള്ളി.
മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച്, പല തവണ ഭാര്യയെ ബലാത്സംഗം ചെയ്ത ഇയാളുടെ നടപടി അതീവ ഗുരുതരമായ കുറ്റമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
വിവാഹ ബന്ധത്തിന് ഭാര്യയ്ക്കും ഭർത്താവിനും പരസ്പരം ബഹുമാനവും വിശ്വാസവും വേണമന്നും, ഈ അടിസ്ഥാന വിശ്വാസം ലംഘിക്കുകയാണ് ഭർത്താവ് ചെയ്തതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സ്വന്തം ലൈംഗിക താൽപര്യം മാത്രം കണക്കിലെടുത്ത ഭർത്താവ്, അത് ഭര്ത്താവിന്റെ അവകാശമാണെന്ന് പല തവണ പറഞ്ഞത് അതീവ ഗുരുതരമായ തെറ്റാണെന്നും കോടതി വിലയിരുത്തി.
ഇഷ്ടമില്ലാത്തപ്പോൾ ഭാര്യയെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കാൻ ഭർത്താവിന് കഴിയില്ല
ബലം പ്രയോഗിച്ച് അത് നടപ്പാക്കിയതും, ഭാര്യയുടെ മുഖത്ത് മൂത്രമൊഴിച്ചതുമെല്ലാം ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത നടപടിയാണെന്നും കോടതി വിമർശിച്ചു.
ഇന്ത്യയിൽ വിവാഹ ബന്ധത്തിനുള്ളിലെ ബലാത്സംഗം കുറ്റകൃത്യമല്ല എന്ന പരാമർശത്തോടെയായിരുന്നു വിചാരണക്കോടതി നേരത്തേ ശിക്ഷ വിധിച്ചത്.
എന്നാൽ ഇന്ത്യയിലെ നിയമം എന്തു തന്നെയായാലും അത് ഇവിടെ കണക്കിലെടുക്കേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അതികഠിനമായ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്ത കുറ്റവാളി എന്ന വിലയിരുത്തലോടെയാണ് സുപ്രീം കോടതി ഇയാളുടെ ശിക്ഷ വർദ്ധിപ്പിച്ചത്.
14 വർഷത്തെ ശിക്ഷ നൽകിയെങ്കിലും, പത്തു വർഷവും ആറു മാസവും കഴിയുമ്പോൾ ഇയാൾക്ക് പരോളിന് അർഹതയുണ്ടാകും.
ഗാർഹിക പീഡനത്തെക്കുറിച്ചോ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചോ വിവരങ്ങളും സഹായവും ലഭിക്കാൻ 1800 RESPECT (1800 737 732) നെ ബന്ധപ്പെടാം.
ലൈംഗിക അതിക്രമങ്ങൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ സഹായം ലഭിക്കാൻ:
- ACT — Canberra Rape Crisis Centre 6247 2525
- New South Wales — NSW Rape Crisis Centre 1800 424 017 or NSW Health Sexual Assault Services (visit web page to find the number in your local area)
- Northern Territory — Department of Health, Sexual Assault Referral Centres
- Queensland — Sexual Assault Helpline 1800 010 120
- South Australia — Yarrow Place Rape and Sexual Assault Service (08) 8226 8777 or 1800 817 421 freecall
- Tasmania — Sexual Assault Support Service 1800 697 877
- Victoria — Sexual Assault Crisis Line 1800 806 292
- Western Australia — Sexual Assault Resource Centre (08) 6458 1828 or free call 1800 199 888