വിക്ടോറിയയിൽ നിന്ന് ഗോൾഡ് കോസ്റ്റ് സന്ദർശിക്കാൻ എത്തിയ ഇന്ത്യൻ വംശജനാണ് ഹോട്ടലിന്റെ നാൽപതാം നിലയിൽ നിന്ന് വീണ് മരിച്ചത്.
ഗോൾഡ് കോസ്റ്റിലെ ഹിൽട്ടൺ സർഫേർസ് പാരഡൈസ് ഹോട്ടലിൽ വച്ച് വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.
കുടുംബത്തോടൊപ്പം അവധിയാഘോഷിക്കാൻ എത്തിയ ഇദ്ദേഹം ഹോട്ടലിന്റെ ബാൽക്കണിയിൽ വച്ച് കസേരയിൽ നിന്ന് കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്ന് ഷാംപെയ്ൻ തുറക്കുന്നതിനിടെ ഇതിന്റെ കോർക്ക് മേൽക്കൂരയിൽ തട്ടി പാട് വീണിരുന്നു.
കസേരയിൽ കയറി നിന്ന് ഇത് തുടച്ചു കളയാനുള്ള ശ്രമത്തിനിടെ ഈ 36 കാരൻ ഓർക്കിഡ് അവന്യൂവിലെ ഫുട്പാത്തിലേക്ക് വീഴുകയായിരുന്നു.
സംഭവത്തെത്തുടർന്ന് സർഫേർസ് പാരഡൈസിലെ നിരവധി നൈറ്റ് ക്ലബുകൾ അടച്ചിരുന്നു.
സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കാനായി പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്.
ഇദ്ദേഹത്തിന്റെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
2005ൽ ഭാര്യക്കും കുഞ്ഞിനുമൊപ്പം ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലെത്തിയതാണ് ഇദ്ദേഹം.
കോവിഡ് യാത്രാവിലക്കുകൾ ഉള്ളതിനാൽ ഇന്ത്യയിലുള്ള ബന്ധുക്കൾക്ക് ഇവിടേക്ക് എത്താൻ കഴിയില്ല. അതിനാൽ മൃതദേഹം ഇന്ത്യയിലെത്തിക്കാൻ സഹായിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ് ഇദ്ദേഹത്തിന്റെ കുടുംബം.