ക്വീൻസ്ലാന്റിലെ സൺഷൈൻ കോസ്റ്റിലുള്ള ഇന്ത്യൻ വംശജനെയാണ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
നിയമപരമായ കാരണങ്ങളാൽ ഇയാളുടെ പേര് വെളിപ്പെടുത്താൻ കഴിയില്ല.
ഭാര്യയെ ശാരീരികമായി ഉപദ്രവിക്കുകയും ഗാർഹിക പീഡന നിയമം ലംഘിക്കുകയും ചെയ്തു എന്ന് നേരത്തേ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. ഇതേത്തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്.
നാല് മാസം മുൻപ് ഇന്ത്യയിലുള്ള വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇയാൾ വിവാഹം കഴിച്ചത്. 20,000 ഡോളറാണ് സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്. വിവാഹശേഷം ഒരു മാസത്തിനുള്ളിൽ ഭാര്യയുമൊത്ത് ക്വീൻസ്ലാൻഡിൽ എത്തി.
സ്ത്രീധനം ലഭിക്കാൻ വീട്ടുകാരിൽ നിന്നും സമ്മർദ്ദം നേരിട്ടിരുന്ന പ്രതി ഭാര്യയെ ഉപദ്രവിക്കുകയായിരുന്നു എന്നാണ് കേസ്.
സ്ത്രീധനത്തിന്റെ പകുതി തുകയായ 10,000 ഡോളർ തന്റെ വീട്ടുകാർക്ക് നൽകാമെന്നായിരുന്നു വ്യവസ്ഥയെന്നും, അതിനായി വീട്ടുകാർ സമ്മർദ്ദം ചെലുത്തുകയായിരുന്നുവെന്നും ഇയാൾ കോടതിയെ അറിയിച്ചു.
ഇതിനായി ഇയാൾ ഭാര്യയെ അടിക്കുകയും തലമുടിക്കുത്തിന് പിടിച്ച് തറയിലൂടെ വലിച്ചിഴക്കുകയും കട്ടിലിന്റെ കാലിൽ തലയിടിച്ച ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പ്രോസിക്യൂഷൻ കോടതിയിൽ ആരോപിച്ചു.
"ഓസ്‌ട്രേലിയൻ സംസ്കാരത്തിനും മൂല്യങ്ങൾക്കും വിരുദ്ധമാണെന്നും ഇത്തരം കുറ്റകൃത്യങ്ങൾ കോടതി ക്ഷമിക്കില്ലെന്നും ഇയാൾ മനസിലാക്കണം. അതിനാൽ പ്രതിക്ക് കുറഞ്ഞത് ഒമ്പത് മാസമെങ്കിലും തടവ് ശിക്ഷ നൽകണം," പ്രോസിക്യൂഷൻ കോടതിയോട് അഭ്യർത്ഥിച്ചു.
വര്ഷങ്ങളായി ഓസ്‌ട്രേലിയയിൽ ജീവിക്കുന്ന പ്രതിക്ക് ഓസ്‌ട്രേലിയൻ സംസ്കാരത്തെക്കുറിച്ചുള്ള അറിവില്ലായ്മയല്ല കുറ്റം ചെയ്യാൻ കാരണമെന്ന് പ്രതിയുടെ അഭിഭാഷക അന്ന സ്മിത്ത് കോടതിയിൽ പറഞ്ഞു. മറിച്ച് വീട്ടുകാരിൽ നിന്നുള്ള സമ്മർദ്ദമാണ് പ്രതിയെ ഇതിന് പ്രേരിപ്പിച്ചതെന്നും, ചെയ്ത കുറ്റത്തിൽ ഇയാൾ പശ്ചാത്തപിക്കുന്നുണ്ടെന്നും അഭിഭാഷക കോടതിയെ ബോധിപ്പിച്ചു.
സ്ത്രീധനം വാങ്ങുന്നത് ഇന്ത്യയിൽ പതിവാണെങ്കിലും ഓസ്ട്രേലിയൻ നിയമങ്ങൾ പ്രകാരം അത് അനുവദനീയമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഏറെ കാലമായി ഓസ്‌ട്രേലിയയിൽ ജീവിക്കുന്ന ആളാണ് പ്രതിയെങ്കിൽ ഓസ്‌ട്രേലിയയിൽ സ്ത്രീധനം വാങ്ങാറില്ല എന്ന കാര്യം പ്രതി എന്തുകൊണ്ട് പറഞ്ഞില്ല എന്ന് കോടതി അഭിഭാഷകയോട് ചോദിച്ചു.
തുടർന്ന് കോടതി പ്രതിക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ചു. എന്നാൽ ഗാർഹിക പീഡനം തടയുന്നതിനുള്ള കോഴ്സിൽ പങ്കെടുക്കണമെന്ന് ഉത്തരവിട്ടുകൊണ്ട് കോടതി ശിക്ഷ രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.