ഇരു രാജ്യങ്ങളും തമ്മിൽ നടന്ന മാസങ്ങൾ നീണ്ട ചർച്ചകൾക്കും ഇറക്കുമതി നിയന്ത്രണങ്ങളുടെ വിലയിരുത്തലിനും ശേഷവുമാണ് ഇന്ത്യയിൽ നിന്നുള്ള മാതളനാരങ്ങ ഓസ്‌ട്രേലിയയിലേക്ക് കയറ്റി അയയ്ക്കാൻ ധാരണയായത്.
ഓസ്ട്രേലിയയിൽ മാതളനാരങ്ങ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ മാതളനാരങ്ങ ഉത്പാദനം നടക്കുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയിലാണെന്നും, അതിനാൽ ഓസ്ട്രേലിയ നേരിടുന്ന കുറവ് പരിഹരിക്കാൻ കയറ്റുമതിയിലൂടെ സാധിക്കുമെന്നും ഓസ്ട്രേലിയയുടെ ഇന്ത്യൻ ഹൈ കമ്മിഷണർ ബാരി ഒ ഫാരൽ വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിൽ കാർഷിക വ്യാപാര ബന്ധം ശക്തിപ്പെടുന്നത് വഴി ഓസ്‌ട്രേലിയയിൽ ഉത്പാദിപ്പിക്കുന്ന നിരവധി ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിലും എത്താൻ സഹായിക്കുമെന്ന് ബാരി ഓ ഫാറൽ ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയൻ വാൾനട്ട്, ആൽമണ്ട്, ബാർലി കൊണ്ട് തയ്യാറാക്കുന്ന ബിയർ എന്നിവയാണ് ഇതിൽ ചിലത്.

Sliced and quartered fresh pomegranate. Source: Getty Images
നിലവിൽ ഇന്ത്യയിൽ നിന്നുള്ള മാമ്പഴവും, മുന്തിരിയും മറ്റും ഓസ്‌ട്രേലിയൻ വിപണിയിൽ സജീവമാണ്.
ഇരു രാജ്യങ്ങളുടെയും സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിനും കർഷകർക്ക് ജീവിതമാർഗം കണ്ടെത്തുന്നതിനും ഇത് സഹായകമാകുമെന്ന് ബാരി ഓ ഫാറൽ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇത്തരം പഴവർഗ്ഗങ്ങൾ ഓസ്‌ട്രേലിയയിലേക്ക് കയറ്റിയയക്കുന്നതിൽ ബയോസെക്യൂരിറ്റി നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഇക്കാര്യം ഇന്ത്യൻ കയറ്റുമതിക്കാർ അവരുടെ ഉപഭോതാക്കളുമായും അധികൃതരുമായും ചർച്ചചെയ്ത് ഉറപ്പ് വരുത്തണമെന്നും ഹൈ കമ്മീഷണർ അറിയിച്ചു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാതളനാരങ്ങ ഉത്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയിലാണ്. രാജ്യത്ത് 62% മാതളനാരങ്ങയാണ് മഹാരാഷ്ട്രയിൽ ഉത്പാദിപ്പിക്കുന്നത്. ഗുജറാത്ത് 16%, കർനാടക 9%, ആന്ധ്രാ പ്രദേശ് 5%, മധ്യപ്രദേശ് നാല് ശതമാനവും മാതള നാരങ്ങ ഉത്പാദിപ്പിക്കുന്നു.
ഇന്ത്യയിൽ ഇത്രയുമധികം ഉത്പാദനം ഉള്ളതുകൊണ്ട് തന്നെ നിരവധി രാജ്യങ്ങളിലേക്ക് ഇന്ത്യ മാതളനാരങ്ങ കയറ്റുമതി ചെയ്യുന്നുണ്ട്.
മുന്തിരി, പഴം, മാമ്പഴം, ഓറഞ്ച് എന്നീ പഴവർഗ്ഗങ്ങളും ഇന്ത്യയിൽ ധാരാളമായി ഉത്പാദിപ്പിക്കുന്നുണ്ട്.
അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്സഡ് ഫുഡ് സ്‌പോർട് ഡെവലപ്മെന്റ് അതോറിറ്റിയുടെ കണക്ക് പ്രകാരം 2019-2020 കാലഘട്ടത്തിൽ മാത്രം 4832 കോടി രൂപയുടെ പഴവർഗ്ഗങ്ങളാണ് വിദേശത്തേക്ക് കയറ്റി അയച്ചിരിക്കുന്നത്.